Biblia Todo Logo
Bìoball air-loidhne

- Sanasan -

2 രാജാക്കന്മാർ 7 - സത്യവേദപുസ്തകം C.L. (BSI)

1 അപ്പോൾ എലീശ പറഞ്ഞു: “സർവേശ്വരന്റെ അരുളപ്പാടു കേൾക്കുക. നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതില്‌ക്കൽ ഒരു ശേക്കെലിന് ഒരിടങ്ങഴി നേരിയ മാവോ, രണ്ടിടങ്ങഴി ബാർലിയോ വാങ്ങുവാൻ നിങ്ങൾക്കു കഴിയുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”

2 രാജാവിന്റെ അംഗരക്ഷകൻ അപ്പോൾ പ്രവാചകനോടു ചോദിച്ചു: “സർവേശ്വരൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാൽപോലും ഇതു സാധ്യമാണോ?” പ്രവാചകൻ പ്രതിവചിച്ചു: “നിന്റെ കണ്ണുകൾകൊണ്ടുതന്നെ നീ അതു കാണുമെങ്കിലും നീ അതിൽനിന്നു യാതൊന്നും ഭക്ഷിക്കുകയില്ല.”


സിറിയൻസൈന്യം പിൻവാങ്ങുന്നു

3 നാലു കുഷ്ഠരോഗികൾ ശമര്യയുടെ പടിവാതില്‌ക്കൽ ഇരിക്കുകയായിരുന്നു. അവർ അന്യോന്യം പറഞ്ഞു: “നാം ഇവിടെ മരിക്കുവോളം ഇരിക്കുന്നതെന്തിന്?

4 പട്ടണത്തിൽ പ്രവേശിച്ചാൽ അവിടെ ക്ഷാമംകൊണ്ടു മരിക്കും; നാം ഇവിടെ ഇരുന്നാലും മരിക്കും. അതുകൊണ്ട് നമുക്ക് സിറിയാക്കാരുടെ പാളയത്തിലേക്കു പോകാം. അവർ നമ്മെ ജീവനോടെ ശേഷിപ്പിച്ചാൽ നാം ജീവിച്ചിരിക്കും; അതല്ല അവർ കൊല്ലുന്നെങ്കിൽ നാം മരിക്കട്ടെ.”

5 അങ്ങനെ അവർ സന്ധ്യയായപ്പോൾ സിറിയാക്കാരുടെ പാളയത്തിലേക്ക് പുറപ്പെട്ടു; അവർ പാളയത്തിന്റെ അടുത്തെത്തി; അവിടെ ആരും ഉണ്ടായിരുന്നില്ല.

6 കാരണം രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യം അവരുടെ നേരെ വരുന്നതുപോലുള്ള ശബ്ദം സർവേശ്വരൻ സിറിയൻസൈന്യത്തെ കേൾപ്പിച്ചു. “നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്മാരെ കൂലിക്കെടുത്തിരിക്കുന്നു” അവർ അന്യോന്യം പറഞ്ഞു.

7 അതിനാൽ അവർ സന്ധ്യയായപ്പോൾ എഴുന്നേറ്റ് ഓടിപ്പോയി. തങ്ങളുടെ കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ ഉപേക്ഷിച്ചിട്ടായിരുന്നു അവർ ജീവനുംകൊണ്ട് ഓടിപ്പോയത്.

8 കുഷ്ഠരോഗികൾ പാളയത്തിൽ എത്തി ഒരു കൂടാരത്തിൽ കടന്ന് ഭക്ഷണപാനീയങ്ങൾ കഴിച്ചു. അതിനുശേഷം അവിടെ ഉണ്ടായിരുന്ന സ്വർണവും വെള്ളിയും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു. പിന്നീട് മറ്റൊരു കൂടാരത്തിൽ കടന്ന് അവിടെ ഉണ്ടായിരുന്ന സാധനങ്ങളും എടുത്ത് ഒളിച്ചുവച്ചു. പിന്നീട് വേറൊരു കൂടാരത്തിൽ കടന്ന് അവിടെയും അങ്ങനെതന്നെ ചെയ്തു.

9 അവർ അന്യോന്യം പറഞ്ഞു: “നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്‍വാർത്തയുടെ ദിനമാണ്; നാം പ്രഭാതംവരെ മിണ്ടാതെയിരുന്നാൽ കുറ്റക്കാരാകും. അതുകൊണ്ട് നമുക്കു പോയി കൊട്ടാരത്തിൽ വിവരമറിയിക്കാം.”

10 അവർ പട്ടണവാതില്‌ക്കലുള്ള കാവല്‌ക്കാരോടു പറഞ്ഞു. “ഞങ്ങൾ സിറിയാക്കാരുടെ പാളയത്തിൽ പോയിരുന്നു; കെട്ടിയിട്ടിരിക്കുന്ന കുതിരകളും കഴുതകളുമല്ലാതെ ഒരു മനുഷ്യനും അവിടെ ഉണ്ടായിരുന്നില്ല;

11 കൂടാരങ്ങൾ അതേപടി കിടക്കുന്നു.” വാതിൽകാവല്‌ക്കാർ കൊട്ടാരത്തിൽ ഈ വിവരം അറിയിച്ചു.

12 രാത്രിയിൽത്തന്നെ രാജാവ് എഴുന്നേറ്റ് സേവകന്മാരോടു പറഞ്ഞു: “സിറിയാക്കാർ നമുക്കെതിരെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി എന്തെന്നു ഞാൻ പറയാം. നാം വിശന്നു പൊരിഞ്ഞിരിക്കുകയാണെന്ന് അവർക്കറിയാം; അവർ ഇപ്പോൾ പാളയത്തിനു പുറത്തു വിജനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരിക്കും. നാം നഗരത്തിനു പുറത്തു ചെല്ലുമ്പോൾ നമ്മെ ജീവനോടെ പിടിക്കുകയും പട്ടണം പിടിച്ചടക്കുകയും ചെയ്യാം എന്നായിരിക്കും അവർ വിചാരിച്ചിരിക്കുന്നത്.”

13 രാജസേവകരിൽ ഒരാൾ പറഞ്ഞു: “ഇതിനകം മരിച്ചവരെപ്പോലെ നാമും ഈ പട്ടണത്തിൽ മരണം പ്രതീക്ഷിച്ചു കഴിയുകയാണ്. അതുകൊണ്ട് നമ്മിൽ അവശേഷിച്ചിട്ടുള്ളവരിൽ ഏതാനും ആളുകളെ അഞ്ചു കുതിരകളുമായി അവിടേക്ക് അയച്ചുനോക്കാം.”

14 “പോയി നോക്കുക” എന്നു പറഞ്ഞ് രാജാവ് തേരാളികളെ രണ്ടു രഥങ്ങളിൽ സിറിയാക്കാരുടെ പാളയത്തിലേക്ക് അയച്ചു. അവർ യോർദ്ദാൻവരെ പോയി.

15 സിറിയാക്കാർ പരിഭ്രാന്തരായി ഓടിപ്പോകുമ്പോൾ ഉപേക്ഷിച്ചുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിലെങ്ങും ചിതറിക്കിടക്കുന്നത് അവർ കണ്ടു. അവർ മടങ്ങിവന്നു രാജാവിനെ വിവരം അറിയിച്ചു.

16 ശമര്യയിലെ ജനം പുറപ്പെട്ട് സിറിയാക്കാരുടെ പാളയം കൊള്ളയടിച്ചു. സർവേശ്വരൻ അരുളിച്ചെയ്തതുപോലെതന്നെ ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയ മാവും അതേ വിലയ്‍ക്കു രണ്ടിടങ്ങഴി ബാർലിയും വിറ്റു.

17 ഇസ്രായേൽരാജാവ് പട്ടണവാതിലിന്റെ ചുമതല ഏല്പിച്ചിരുന്നത് തന്റെ അംഗരക്ഷകനെ ആയിരുന്നു. പട്ടണവാതില്‌ക്കൽ തിങ്ങിക്കൂടിയ ജനം അയാളെ ചവുട്ടി മെതിച്ചുകളഞ്ഞു. രാജാവിനോടു പ്രവാചകൻ പറഞ്ഞതുപോലെ സംഭവിച്ചു.

18 പ്രവാചകൻ രാജാവിനോട് “ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയമാവോ രണ്ടിടങ്ങഴി ബാർലിയോ നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതിൽക്കൽ വച്ചു വിൽക്കുമെന്നു പറഞ്ഞപ്പോൾ,

19 സർവേശ്വരൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാൽ പോലും ഇതു സംഭവിക്കുമോ” എന്ന് ഈ അംഗരക്ഷകൻ പ്രവാചകനോട് ചോദിച്ചതാണ്. അപ്പോൾ പ്രവാചകൻ പറഞ്ഞു: “നിന്റെ കണ്ണുകൊണ്ടു നീ കാണും; എങ്കിലും അതിൽനിന്നു ഭക്ഷിക്കുകയില്ല.”

20 അതുപോലെതന്നെ അയാൾക്കു സംഭവിച്ചു. നഗരവാതില്‌ക്കൽവച്ചു ജനം അയാളെ ചവുട്ടി മെതിച്ചു; അങ്ങനെ അയാൾ മരിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan