2 രാജാക്കന്മാർ 20 - സത്യവേദപുസ്തകം C.L. (BSI)ഹിസ്ക്കീയായുടെ രോഗശാന്തി ( യെശ. 38:1-8 , 21 , 22 ; 2 ദിന. 32:24-26 ) 1 ഹിസ്ക്കീയാ രോഗബാധിതനായി മരണത്തോടടുത്തു. അപ്പോൾ ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: നീ ഗൃഹകാര്യങ്ങൾ ക്രമപ്പെടുത്തിക്കൊള്ളുക; നീ മരിച്ചു പോകും; സുഖം പ്രാപിക്കുകയില്ല.” 2 അപ്പോൾ ഹിസ്ക്കീയാ ചുവരിനു നേരേ മുഖം തിരിച്ച് അവിടുത്തോടു പ്രാർഥിച്ചു: 3 “സർവേശ്വരാ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രതയോടും അങ്ങയുടെ മുമ്പാകെ ജീവിച്ചതും, അങ്ങേക്കു പ്രസാദകരമായവിധം പ്രവർത്തിച്ചതും അങ്ങ് ഓർക്കണമേ.” പിന്നീട് അദ്ദേഹം അതീവദുഃഖത്തോടെ കരഞ്ഞു. 4 കൊട്ടാരത്തിന്റെ അങ്കണം വിട്ടുപോകും മുമ്പ് യെശയ്യായ്‍ക്ക് സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 5 “നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ രാജാവായ ഹിസ്ക്കീയായോട് അവന്റെ പൂർവപിതാവായ ദാവീദിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക. ഞാൻ നിന്റെ കണ്ണുനീർ കാണുകയും നിന്റെ പ്രാർഥന കേൾക്കുകയും ചെയ്തിരിക്കുന്നു; ഞാൻ നിന്നെ സുഖപ്പെടുത്തും. മൂന്നു ദിവസത്തിനുള്ളിൽ നീ സർവേശ്വരന്റെ ആലയത്തിലേക്കു പോകും. 6 ഞാൻ നിന്റെ ആയുസ്സു പതിനഞ്ചു വർഷംകൂടി നീട്ടിത്തരുന്നു; നിന്നെയും ഈ നഗരത്തെയും അസ്സീറിയാരാജാവിന്റെ കൈയിൽനിന്നു ഞാൻ രക്ഷിക്കും. എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാൻ ഈ നഗരത്തെ സംരക്ഷിക്കും.” 7 പിന്നീട് യെശയ്യാ പറഞ്ഞു: “അത്തിയട കൊണ്ടുവന്നു വ്രണത്തിൽ വച്ചുകെട്ടുക. എന്നാൽ വ്രണം സുഖപ്പെടും.” 8 ഹിസ്ക്കീയാ യെശയ്യായോടു ചോദിച്ചു: “സർവേശ്വരൻ എന്നെ സുഖപ്പെടുത്തുകയും മൂന്നു ദിവസം കഴിഞ്ഞ് ഞാൻ അവിടുത്തെ ആലയത്തിൽ പോകുകയും ചെയ്യുമെന്നുള്ളതിന് എന്താണ് അടയാളം? 9 യെശയ്യാ പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്തതു നിറവേറ്റും എന്നുള്ളതിന് അവിടുന്നു നിനക്കു നല്‌കുന്ന അടയാളം ഇതാണ്. നിഴൽ പത്തു ചുവട് മുമ്പോട്ടു പോകണമോ അതോ പത്തു ചുവടു പിറകോട്ടു പോകണമോ? 10 ഏതാണു വേണ്ടത്?” ഹിസ്ക്കീയാ പറഞ്ഞു: “നിഴൽ പത്തുചുവട് മുമ്പോട്ടു പോകുന്നതു എളുപ്പമാണ്. അതുകൊണ്ട് അതു പത്തു ചുവടു പിറകോട്ടു പോകട്ടെ.” 11 അപ്പോൾ യെശയ്യാപ്രവാചകൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് ആഹാസിന്റെ സൂര്യഘടികാരത്തിലെ ഇറങ്ങിപ്പോയ നിഴൽ പത്തു ചുവടു പിറകോട്ടു മാറ്റി. ബാബിലോണിൽനിന്നുള്ള ദൂതന്മാർ ( യെശ. 39:1-8 ) 12 ഹിസ്ക്കീയാ രോഗബാധിതനായി എന്നു കേട്ടു ബാബിലോൺരാജാവും ബലദാന്റെ പുത്രനുമായ ബെരോദക്-ബലദാൻ കത്തുകളും സമ്മാനവുമായി ദൂതന്മാരെ അയച്ചു. ഹിസ്ക്കീയാ അവരെ സ്വീകരിച്ചു. 13 തന്റെ ഭണ്ഡാരങ്ങളും അവയിലുണ്ടായിരുന്ന സ്വർണം, വെള്ളി, സുഗന്ധവർഗങ്ങൾ, വിശിഷ്ട തൈലങ്ങൾ എന്നിവയും ആയുധപ്പുരയും അവർക്കു കാട്ടിക്കൊടുത്തു. തന്റെ കൊട്ടാരത്തിലോ രാജ്യത്തോ അവരെ കാണിക്കാത്ത യാതൊന്നും ഉണ്ടായിരുന്നില്ല. 14 പിന്നീട് യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു ചോദിച്ചു: “ഈ ആളുകൾ എന്തു പറഞ്ഞു? 15 അവർ അങ്ങയുടെ അടുക്കൽ എവിടെനിന്നു വന്നു?” “ഇവർ വിദൂരസ്ഥമായ ബാബിലോണിൽനിന്നു വന്നവരാണ്” ഹിസ്ക്കീയാ പ്രതിവചിച്ചു. “അവർ അങ്ങയുടെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു” എന്നു പ്രവാചകൻ ചോദിച്ചു. “എന്റെ കൊട്ടാരത്തിലുള്ളതെല്ലാം അവർ കണ്ടു; ഞാൻ കാണിച്ചു കൊടുക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ ഒന്നും ഇല്ല” എന്നു ഹിസ്ക്കീയാ പറഞ്ഞു. 16 ഇതു കേട്ടു യെശയ്യാ ഹിസ്കീയായോടു പറഞ്ഞു: “സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുക. 17 നിന്റെ കൊട്ടാരത്തിലുള്ളതും നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചിട്ടുള്ളതുമായ സർവസ്വവും ബാബിലോണിലേക്കു കൊണ്ടുപോകുന്ന കാലം വരുന്നു. ഒന്നുംതന്നെ ശേഷിക്കുകയില്ല. 18 നിന്റെ സ്വന്തം പുത്രന്മാരിൽ ചിലരെയും അവർ കൊണ്ടുപോകും; അവരെ ബാബിലോൺരാജാവിന്റെ അന്തഃപുരത്തിൽ സേവനം ചെയ്യാൻ ഷണ്ഡന്മാരാക്കും.” 19 തന്റെ ഭരണകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നു കരുതി ഹിസ്ക്കീയാ യെശയ്യായോടു പറഞ്ഞു: “അങ്ങ് അറിയിച്ച സർവേശ്വരന്റെ അരുളപ്പാട് നല്ലതുതന്നെ.” ഹിസ്ക്കീയായുടെ ഭരണാവസാനം ( 2 ദിന. 32:32 , 33 ) 20 ഹിസ്ക്കീയായുടെ മറ്റെല്ലാ പ്രവർത്തനങ്ങളും വീരപരാക്രമങ്ങളും ഒരു കുളവും തോടും നിർമ്മിച്ചു ജലം നഗരത്തിലേക്കു കൊണ്ടുവന്നതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 21 ഹിസ്ക്കീയാ മരിച്ചു; പിതാക്കന്മാരോടു ചേർന്നു. പിന്നീട് പുത്രൻ മനശ്ശെ രാജാവായി. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India