Biblia Todo Logo
Bìoball air-loidhne

- Sanasan -

2 രാജാക്കന്മാർ 14 - സത്യവേദപുസ്തകം C.L. (BSI)


യെഹൂദാരാജാവായ അമസ്യാ
( 2 ദിന. 25:1-24 )

1 ഇസ്രായേൽരാജാവായ യെഹോവാഹാസിന്റെ പുത്രൻ യെഹോവാശിന്റെ രണ്ടാം ഭരണവർഷം യെഹൂദാരാജാവായ യോവാശിന്റെ പുത്രൻ അമസ്യാ യെഹൂദ്യയിൽ രാജ്യഭാരമേറ്റു;

2 ഭരണമാരംഭിച്ചപ്പോൾ അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ ഇരുപത്തൊമ്പതു വർഷം ഭരിച്ചു. യെരൂശലേംകാരിയായ യെഹോവദ്ദിൻ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.

3 പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ലെങ്കിലും സർവേശ്വരനു ഹിതകരമായവിധം അദ്ദേഹം ജീവിച്ചു; തന്റെ പിതാവായ യോവാശിനെപ്പോലെയാണ് അദ്ദേഹം പ്രവർത്തിച്ചത്.

4 പൂജാഗിരികൾ അദ്ദേഹം നശിപ്പിച്ചില്ല. ജനം അവിടെ യാഗങ്ങളും ധൂപവും അർപ്പിച്ചുവന്നു.

5 രാജത്വം ഉറച്ചുകഴിഞ്ഞപ്പോൾ തന്റെ പിതാവിനെ വധിച്ച സേവകന്മാരെ അമസ്യാ കൊന്നുകളഞ്ഞു.

6 മോശയുടെ ധർമശാസ്ത്രത്തിൽ എഴുതിയിരുന്നതനുസരിച്ച് അവരുടെ പുത്രന്മാരെ വധിച്ചില്ല. പിതാക്കന്മാർ പുത്രന്മാരുടെ പാപം നിമിത്തമോ പുത്രന്മാർ പിതാക്കന്മാരുടെ പാപം നിമിത്തമോ വധിക്കപ്പെടരുത്. ഓരോരുത്തൻ താന്താങ്ങളുടെ പാപം നിമിത്തമേ വധിക്കപ്പെടാവൂ എന്ന് സർവേശ്വരന്റെ കല്പന അതിൽ രേഖപ്പെടുത്തിയിരുന്നു.

7 അമസ്യാ ഉപ്പുതാഴ്‌വരയിൽവച്ച് പതിനായിരം എദോമ്യരെ കൊല്ലുകയും മിന്നലാക്രമണത്തിലൂടെ സേല പിടിച്ചടക്കി അതിന് ‘യൊക്തയേൽ’ എന്ന പേരു കൊടുക്കുകയും ചെയ്തു; അത് ഇന്നും ആ പേരിൽ അറിയപ്പെടുന്നു.

8 പിന്നീട് അമസ്യാ യേഹൂവിന്റെ പൗത്രനും യെഹോവാഹാസിന്റെ പുത്രനും ഇസ്രായേൽരാജാവുമായ യെഹോവാശിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്, “നമുക്കൊന്ന് ഏറ്റുമുട്ടി നോക്കാം” എന്നു പറയിച്ചു.

9 അപ്പോൾ ഇസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാക്ക് ഇപ്രകാരം മറുപടി അയച്ചു: “ലെബാനോനിലെ ഒരു മുൾച്ചെടി അവിടെയുള്ള ദേവദാരുവിനോട് പറഞ്ഞു: ‘നിന്റെ പുത്രിയെ എന്റെ പുത്രനു ഭാര്യയായി നല്‌കുക.’ ലെബാനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് ആ മുൾച്ചെടി ചവിട്ടിക്കളഞ്ഞു.

10 എദോമിനെ നീ തകർത്തു എന്നു വിചാരിച്ച് നീ അഹങ്കരിച്ചിരിക്കുന്നു. നിനക്കു ലഭിച്ച പ്രശംസകൊണ്ട് വീട്ടിൽ അടങ്ങിക്കഴിഞ്ഞുകൊള്ളുക. നിനക്കും യെഹൂദായ്‍ക്കും നീ എന്തിനാണ് അനർഥം വിളിച്ചുവരുത്തുന്നത്.”

11 എന്നാൽ അമസ്യാ അതു കാര്യമാക്കിയില്ല. അതുകൊണ്ട് ഇസ്രായേൽരാജാവായ യെഹോവാശ് യുദ്ധത്തിനു പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ത്-ശേമെശിൽ വച്ച് അവർ ഏറ്റുമുട്ടി.

12 യെഹൂദാ ഇസ്രായേലിനോടു തോറ്റു. അവർ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.

13 അഹസ്യായുടെ പൗത്രനും യോവാശിന്റെ പുത്രനുമായ യെഹൂദ്യയിലെ അമസ്യാരാജാവിനെ ഇസ്രായേൽരാജാവ് യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് ബന്ദിയാക്കി യെരൂശലേമിലേക്കു കൊണ്ടുവന്നു. ഇസ്രായേൽരാജാവ് എഫ്രയീം പടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം നീളത്തിൽ യെരൂശലേമിന്റെ മതിൽ ഇടിച്ചുനിരത്തി.

14 അയാൾ സർവേശ്വരന്റെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച് അവയോടൊപ്പം തടവുകാരായി പിടിച്ചവരെ ശമര്യയിലേക്കു കൊണ്ടുപോകുകയും ചെയ്തു.

15 യെഹോവാശിന്റെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും യെഹൂദാരാജാവായ അമസ്യായുമായുള്ള യുദ്ധവും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

16 യെഹോവാശ് മരിച്ചു പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തെ ശമര്യയിൽ ഇസ്രായേൽരാജാക്കന്മാരുടെ കല്ലറയിൽ സംസ്കരിച്ചു. പുത്രൻ യെരോബെയാം രാജ്യഭാരമേറ്റു.


അമസ്യായുടെ മരണം
( 2 ദിന. 25:25-28 )

17 ഇസ്രായേൽരാജാവായ യെഹോവാഹാസിന്റെ പുത്രൻ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവും യോവാശിന്റെ പുത്രനുമായ അമസ്യാ പതിനഞ്ചു വർഷം കൂടി ജീവിച്ചു.

18 അമസ്യായുടെ മറ്റു പ്രവർത്തനങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

19 തനിക്കെതിരെ യെരൂശലേമിൽ ഗൂഢാലോചന നടക്കുന്ന വിവരമറിഞ്ഞ് അയാൾ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ ശത്രുക്കൾ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ അവിടെവച്ച് വധിച്ചു.

20 മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവന്ന് ദാവീദിന്റെ നഗരമായ യെരൂശലേമിൽ അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിച്ചു.

21 പിന്നീട് യെഹൂദാജനങ്ങൾ പതിനാറു വയസ്സുള്ള ഉസ്സിയാരാജകുമാരനെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി.

22 പിതാവിന്റെ മരണശേഷം ഉസ്സിയാ ഏലത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേർത്തു.


യെരോബെയാം രണ്ടാമൻ

23 യെഹൂദാരാജാവായ യോവാശിന്റെ പുത്രൻ അമസ്യായുടെ പതിനഞ്ചാം ഭരണവർഷം ഇസ്രായേൽരാജാവായ യെഹോവാശിന്റെ പുത്രൻ യെരോബെയാം രാജാവായി. അദ്ദേഹം ശമര്യയിൽ നാല്പത്തൊന്നു വർഷം ഭരിച്ചു.

24 അദ്ദേഹം സർവേശ്വരന് അഹിതകരമായവിധം ജീവിച്ചു. നെബാത്തിന്റെ പുത്രൻ യെരോബെയാമിന്റെ പാതകൾ പിന്തുടർന്ന് ഇസ്രായേലിനെക്കൊണ്ടു തിന്മ ചെയ്യിച്ചു.

25 ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ പുത്രനും സർവേശ്വരന്റെ ദാസനുമായ യോനാപ്രവാചകനിലൂടെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ വടക്കു ഹാമാത്തു മുതൽ തെക്ക് അരാബാ കടൽവരെ ഇസ്രായേലിന്റെ വകയായിരുന്ന പ്രദേശം മുഴുവൻ യെരോബെയാം വീണ്ടെടുത്തു.

26 ഇസ്രായേലിന്റെ അതികഠിനമായ ദുരിതം സർവേശ്വരൻ കണ്ടു. സ്വതന്ത്രനോ അടിമയോ ആയി ഒരാൾപോലും ഇസ്രായേലിനെ സഹായിക്കാൻ ഉണ്ടായിരുന്നില്ല.

27 എങ്കിലും ഇസ്രായേലിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റണമെന്നു സർവേശ്വരൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാൽ അവിടുന്നു യെഹോവാശിന്റെ പുത്രനായ യെരോബെയാമിലൂടെ ഇസ്രായേലിനെ രക്ഷിച്ചു.

28 യെരോബെയാമിന്റെ മറ്റു പ്രവൃത്തികളും വീരപരാക്രമങ്ങളും യുദ്ധങ്ങളും യെഹൂദ്യയുടെ കൈവശത്തിലായിരുന്ന ദമാസ്ക്കസും ഹാമാത്തും വീണ്ടെടുത്ത് ഇസ്രായേലിനോടു ചേർത്തതുമെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

29 യെരോബെയാം മരിച്ച് ഇസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരോടു ചേർന്നു. പുത്രൻ സെഖര്യാ പകരം രാജാവായി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan