Biblia Todo Logo
Bìoball air-loidhne

- Sanasan -

2 രാജാക്കന്മാർ 11 - സത്യവേദപുസ്തകം C.L. (BSI)


യെഹൂദ്യയിലെ അഥല്യാരാജ്ഞി
( 2 ദിന. 22:10—23:15 )

1 അഹസ്യായുടെ അമ്മ അഥല്യാ തന്റെ മകന്റെ മരണവാർത്ത കേട്ട് രാജകുടുംബാംഗങ്ങളെയെല്ലാം വധിച്ചു.

2 എന്നാൽ അഹസ്യായുടെ സഹോദരിയും യെഹോരാംരാജാവിന്റെ പുത്രിയുമായ യെഹോശേബ വധിക്കപ്പെടാൻ പോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യായുടെ പുത്രൻ യോവാശിനെയും ധാത്രിയെയും അഥല്യാ കാണാതെ കിടപ്പറയിൽ ഒളിപ്പിച്ചു. അതുകൊണ്ട് അവൻ കൊല്ലപ്പെട്ടില്ല.

3 ആറു വർഷം അവൻ സർവേശ്വരന്റെ ആലയത്തിൽ ധാത്രിയോടുകൂടി ഒളിവിൽ പാർത്തു; അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു.

4 ഏഴാം വർഷം യെഹോയാദ പുരോഹിതൻ കാര്യരുടെയും അംഗരക്ഷകരുടെയും നായകന്മാരെ സർവേശ്വരന്റെ ആലയത്തിലേക്കു വിളിച്ചുവരുത്തി; അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കി അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചശേഷം രാജകുമാരനെ അവർക്കു കാണിച്ചുകൊടുത്തു.

5 യെഹോയാദ അവർക്ക് ഈ കല്പന നല്‌കി: “ശബത്തിൽ തവണ മാറിവരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം കൊട്ടാരം കാക്കണം;

6 മൂന്നിൽ ഒരു ഭാഗം സൂർ പടിവാതില്‌ക്കലും മൂന്നിൽ ഒരു ഭാഗം അംഗരക്ഷകരുടെ പുറകിലുള്ള പടിവാതില്‌ക്കലും നില്‌ക്കണം;

7 തവണ കഴിഞ്ഞുപോകുന്ന രണ്ടു വിഭാഗങ്ങൾ ആയുധധാരികളായി സർവേശ്വരന്റെ ആലയത്തിൽ രാജാവിനെ സംരക്ഷിക്കാൻ എപ്പോഴും ഉണ്ടായിരിക്കണം.

8 നിങ്ങൾ ഓരോരുത്തനും ആയുധധാരികളായി രാജാവിനു കാവൽ നില്‌ക്കേണ്ടതാണ്. നിങ്ങളെ സമീപിക്കുന്നവൻ ആരായാലും അവനെ കൊന്നുകളയണം. രാജാവിനോടൊത്ത് നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കണം.”

9 യെഹോയാദ പുരോഹിതൻ കല്പിച്ചതുപോലെ കാവൽപ്പടയാളികളുടെ നായകന്മാർ പ്രവർത്തിച്ചു. തവണ മാറി വരുന്നവരും പോകുന്നവരുമായ തങ്ങളുടെ ആളുകളെ അവർ പുരോഹിതന്റെ അടുക്കൽ കൊണ്ടുവന്നു.

10 സർവേശ്വരന്റെ ആലയത്തിൽ സൂക്ഷിച്ചിരുന്ന ദാവീദ്‍രാജാവിന്റെ കുന്തങ്ങളും പരിചകളും പുരോഹിതൻ അവരെ ഏല്പിച്ചു.

11 അംഗരക്ഷകർ ആയുധധാരികളായി തെക്കുവശംമുതൽ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റും നിലയുറപ്പിച്ചു.

12 പിന്നീട് യെഹോയാദ പുരോഹിതൻ യോവാശ് രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടമണിയിച്ചു. രാജാവ് അനുഷ്ഠിക്കേണ്ട കാര്യങ്ങൾ അടങ്ങിയ സാക്ഷ്യപുസ്‍തകം നല്‌കി. പിന്നീടവർ കുമാരനെ രാജാവായി പ്രഖ്യാപിച്ച് അഭിഷേകം ചെയ്തു. “രാജാവ് നീണാൾ വാഴട്ടെ” അവർ ആർത്തുവിളിച്ചു.

13 കാവൽഭടന്മാരുടെയും ജനങ്ങളുടെയും ആർപ്പുവിളി കേട്ട് അഥല്യാരാജ്ഞി സർവേശ്വരന്റെ ആലയത്തിലെത്തി;

14 ആചാരപ്രകാരം തൂണിന്റെ അടുക്കൽ രാജാവ് നില്‌ക്കുന്നത് അഥല്യാ കണ്ടു. കാവൽപ്പടയാളികളുടെ നായകന്മാരും കാഹളം ഊതുന്നവരും രാജാവിന്റെ അടുക്കൽ ഉണ്ടായിരുന്നു. ജനമെല്ലാം ഉല്ലാസഭരിതരായി കാഹളം മുഴക്കി. അപ്പോൾ അഥല്യാരാജ്ഞി വസ്ത്രം കീറി “രാജദ്രോഹം” “രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു.

15 യെഹോയാദ പുരോഹിതൻ കാവൽസേനാനായകന്മാരോടു കല്പിച്ചു: “സൈന്യനിരകൾക്കിടയിലൂടെ അവളെ പുറത്തു കൊണ്ടുപോകുവിൻ; അവളെ ആരെങ്കിലും അനുഗമിച്ചാൽ അവനെ വധിക്കണം. സർവേശ്വരന്റെ ആലയത്തിൽവച്ച് അവളെ കൊല്ലരുത്.”

16 അവർ രാജ്ഞിയെ പിടിച്ചുകൊണ്ടുപോയി, കൊട്ടാരത്തിന്റെ കുതിരവാതില്‌ക്കൽ വച്ചു വധിച്ചു.


യെഹോയാദ പുരോഹിതന്റെ പരിഷ്കാരങ്ങൾ
( 2 ദിന. 23:16-21 )

17 യോവാശ്‍രാജാവും ജനങ്ങളും സർവേശ്വരന്റെ ജനമായിരിക്കുമെന്നു യെഹോയാദ പുരോഹിതൻ ജനങ്ങളെക്കൊണ്ട് ഉടമ്പടി ചെയ്യിച്ചു. രാജാവും ജനങ്ങളും തമ്മിലും ഉടമ്പടിയുണ്ടാക്കി.

18 പിന്നീട് ജനങ്ങളെല്ലാം ബാൽക്ഷേത്രത്തിൽ ചെന്ന് അതു തകർത്തുകളഞ്ഞു. ബലിപീഠങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കയും ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ചുതന്നെ വധിക്കുകയും ചെയ്തു. പിന്നീട് യെഹോയാദ പുരോഹിതൻ സർവേശ്വരന്റെ ആലയം സൂക്ഷിക്കുന്നതിനു കാവല്‌ക്കാരെ ഏർപ്പെടുത്തി.

19 അദ്ദേഹം കാവൽപടനായകന്മാരുടെയും കാര്യരുടെയും അംഗരക്ഷകരുടെയും സർവജനങ്ങളുടെയും അകമ്പടിയോടുകൂടി രാജാവിനെ സർവേശ്വരന്റെ ആലയത്തിൽനിന്ന് കാവല്‌ക്കാരുടെ കവാടത്തിലൂടെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യോവാശ് രാജസിംഹാസനത്തിൽ ഇരുന്നു;

20 ജനമെല്ലാം സന്തോഷിച്ചു. കൊട്ടാരത്തിൽ വച്ച് അഥല്യാ വധിക്കപ്പെട്ടതോടെ നഗരം ശാന്തമായി.

21 ഏഴാമത്തെ വയസ്സിലായിരുന്നു യോവാശ് രാജാവായത്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan