1 തിമൊഥെയൊസ് 4 - സത്യവേദപുസ്തകം C.L. (BSI)വ്യാജോപദേഷ്ടാക്കൾ 1 പിൽക്കാലത്ത് ചിലർ വഴിതെറ്റിക്കുന്ന ആത്മാക്കളെയും പിശാചിന്റെ ഉപദേശങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവു വ്യക്തമായി പറയുന്നു. 2 അത്തരം ഉപദേശങ്ങൾ പ്രചരിപ്പിക്കുന്ന നുണയന്മാരുടെ മനസ്സാക്ഷി മരവിച്ചു നിർജീവമായിപ്പോയതാണ്. 3 വിവാഹം പാടില്ലെന്ന് അവർ പറയുന്നു. വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവർ കൃതജ്ഞതയോടെ ഭക്ഷിക്കുന്നതിനായി ദൈവം സൃഷ്‍ടിച്ചിട്ടുള്ള ആഹാരസാധനങ്ങൾ വർജിക്കണമെന്ന് അവർ അനുശാസിക്കുകയും ചെയ്യുന്നു. 4 ഈശ്വരൻ സൃഷ്‍ടിച്ചതെല്ലാം നല്ലതുതന്നെ; സ്തോത്രത്തോടെ സ്വീകരിക്കുന്നെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. 5 ദൈവവചനത്താലും പ്രാർഥനയാലും അതു വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. ക്രിസ്തുവിന്റെ നല്ല ദാസൻ 6 ഈ നിർദേശങ്ങൾ നമ്മുടെ സഹോദരന്മാരെ അനുസ്മരിപ്പിക്കുമെങ്കിൽ നീ ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകനായിരിക്കും. വിശ്വാസത്തിന്റെ വചനങ്ങളാലും, നീ അനുസരിക്കുന്ന സദുപദേശങ്ങളാലും പരിപോഷിപ്പിക്കപ്പെട്ട സേവകൻതന്നെ. 7 ദൈവവിശ്വാസത്തിനു വിരുദ്ധമായ കിഴവിക്കഥകളെ നീ പാടേ ഉപേക്ഷിക്കണം; ഭക്തിപരമായ ജീവിതം അഭ്യസിക്കുകയും വേണം. 8 കായികമായ വ്യായാമംകൊണ്ട് അല്പം പ്രയോജനമുണ്ട്. എന്നാൽ ആത്മീയ ജീവിത പരിശീലനം എല്ലാ പ്രകാരത്തിലും പ്രയോജനമുള്ളതാണ്. എന്തുകൊണ്ടെന്നാൽ ഈ ലോകജീവിതത്തിനും വരുവാനുള്ളതിനുംവേണ്ടിയുള്ള വാഗ്ദാനങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. 9 ഇതു വിശ്വാസ്യവും തികച്ചും സ്വീകാര്യവുമായ ആപ്തവചനമാണ്. 10 ഇതിനുവേണ്ടി നാം കഠിനമായി യത്നിക്കുകയും ക്ലേശപൂർവം മല്ലിട്ടു മുന്നേറുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ എല്ലാ മനുഷ്യരുടെയും വിശിഷ്യ വിശ്വസിക്കുന്നവരുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിൽ നാം പ്രത്യാശ ഉറപ്പിച്ചിരിക്കുന്നു. 11 ഈ കാര്യങ്ങൾ നീ ആജ്ഞാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. നീ യുവാവാണെന്നു കരുതി ആരും നിന്നെ അവഗണിക്കുവാൻ ഇടവരരുത്. 12 സംഭാഷണത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും ജീവിതവിശുദ്ധിയിലും നീ വിശ്വാസികൾക്ക് ഉത്തമമാതൃകയായിരിക്കണം. 13 ഞാൻ വരുന്നതുവരെ തിരുവചനം പരസ്യമായി വായിക്കുന്നതിലും പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും ശ്രദ്ധിക്കുക. 14 സഭാമുഖ്യന്മാരുടെ കൈവയ്പിൽകൂടിയും പ്രവചനത്തിൽകൂടിയും നിനക്കു നല്‌കപ്പെട്ട കൃപാവരം അവഗണിക്കരുത്. 15 ഈ കർത്തവ്യങ്ങൾ അനുഷ്ഠിക്കുകയും അവയ്‍ക്കുവേണ്ടി നിന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യുക. അങ്ങനെ ഇതുമൂലം നിനക്കുണ്ടാകുന്ന മേന്മ എല്ലാ മനുഷ്യരും കാണട്ടെ. 16 നിന്നെത്തന്നെയും നിന്റെ പ്രബോധനത്തെയും ശ്രദ്ധിക്കുക. അങ്ങനെ തുടർന്നാൽ നിന്നെത്തന്നെയും നിന്റെ പ്രബോധനം കേൾക്കുന്നവരെയും നീ രക്ഷിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India