Biblia Todo Logo
Bìoball air-loidhne

- Sanasan -

1 തെസ്സലൊനീക്യർ 3 - സത്യവേദപുസ്തകം C.L. (BSI)

1-2 നിങ്ങളിൽനിന്ന് അകന്നിരിക്കുക എന്നത്, ഞങ്ങൾക്ക് അശേഷം സഹിച്ചുകൂടാഞ്ഞതുകൊണ്ട്, ഞങ്ങൾ തനിച്ച് ആഥൻസിന് കഴിച്ചുകൂട്ടേണ്ടിവന്നാലും, തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കാമെന്നു തീരുമാനിച്ചു. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിൽ ഞങ്ങളോടു കൂടി ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ ഈ സഹോദരനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത് നിങ്ങളെ ബലപ്പെടുത്തുന്നതിനും, വിശ്വാസത്തിൽ ഉറച്ചുനില്‌ക്കുന്നതിന് നിങ്ങളെ ധൈര്യപ്പെടുത്തുന്നതിനുമാണ്.

3 നിങ്ങളിൽ ആരുംതന്നെ പീഡനങ്ങൾ നിമിത്തം പിന്തിരിഞ്ഞുപോകാൻ ഇടയാകരുതല്ലോ. ഇങ്ങനെയുള്ള പീഡനങ്ങൾ നമ്മെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യത്തിൽ ഉൾപ്പെട്ടതാണെന്നു നിങ്ങൾക്ക് അറിയാമല്ലോ.

4 നാം പീഡിപ്പിക്കപ്പെടും എന്നു ഞങ്ങൾ നിങ്ങളോടുകൂടിയായിരുന്നപ്പോൾ, നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അങ്ങനെതന്നെ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

5 നിങ്ങളുടെ വിശ്വാസത്തെപ്പറ്റി അറിയുന്നതിനുവേണ്ടി ഇനിയും കാത്തിരിക്കുവാൻ എനിക്കു സാധ്യമല്ല. അതുകൊണ്ടാണ് തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത്. പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ എന്നും, ഞങ്ങളുടെ പ്രയത്നമെല്ലാം വ്യർഥമായിത്തീർന്നുവോ എന്നുമുള്ള ഉൽക്കണ്ഠ എനിക്കുണ്ടായിരുന്നു.

6 ഇപ്പോൾ ഇതാ, നിങ്ങളുടെ സ്നേഹത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള സന്തോഷവാർത്തയുമായി തിമൊഥെയോസ് നിങ്ങളുടെ അടുക്കൽനിന്നു മടങ്ങിയെത്തിയിരിക്കുന്നു. നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഞങ്ങളെ കാണാൻ നിങ്ങളും ആഗ്രഹിക്കുന്നു എന്നും, നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹപൂർവം അനുസ്മരിക്കുന്നു എന്നും, അയാൾ ഞങ്ങളോടു പറഞ്ഞു.

7 അതുകൊണ്ട് സഹോദരരേ, ഞങ്ങളുടെ സകല കഷ്ടതകളിലും വിഷമതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് ഉത്തേജനം നല്‌കുന്നു.

8 എന്തുകൊണ്ടെന്നാൽ കർത്താവിനോടുള്ള ബന്ധത്തിൽ അടിപതറാതെ നിങ്ങൾ ഉറച്ചുനില്‌ക്കുന്നതുകൊണ്ടാണ് വാസ്തവത്തിൽ ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു.

9 നിങ്ങളെപ്രതി ഇപ്പോൾ ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു. നിങ്ങൾ നിമിത്തം ദൈവസന്നിധിയിൽ ഞങ്ങൾക്ക് ഉണ്ടായിരിക്കുന്ന ആനന്ദത്തിന്റെ പേരിൽ ഞങ്ങൾ എങ്ങനെ സ്തോത്രം ചെയ്യാതിരിക്കും!

10 നിങ്ങളെ അഭിമുഖം കാണുന്നതിനും, നിങ്ങളുടെ വിശ്വാസത്തികവിന് ആവശ്യമായതു ചെയ്യുവാൻ ഇടയാകുന്നതിനുംവേണ്ടി രാവും പകലും ഞങ്ങൾ സർവാത്മനാ പ്രാർഥിക്കുന്നു.

11 ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുന്നതിന് നമ്മുടെ പിതാവായ ദൈവംതന്നെയും, കർത്താവായ യേശുവും വഴിയൊരുക്കട്ടെ.

12 നിങ്ങൾക്ക് അന്യോന്യമുള്ളതും മറ്റ് എല്ലാവരോടുമുള്ളതും ആയ സ്നേഹം ഉത്തരോത്തരം വർധിച്ച്, നിങ്ങളോടു ഞങ്ങൾക്കുള്ള സ്നേഹത്തോടൊപ്പമായിത്തീരുവാൻ കർത്താവ് ഇടയാക്കട്ടെ.

13 നമ്മുടെ കർത്താവായ യേശു, സകല വിശുദ്ധന്മാരോടുമൊത്തു വരുമ്പോൾ, നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ നിർദോഷികളും വിശുദ്ധരുമായിത്തീരത്തക്കവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ ശക്തമാക്കുകയും ചെയ്യട്ടെ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan