Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 3 - സത്യവേദപുസ്തകം C.L. (BSI)


ശമൂവേലിനു ദൈവം പ്രത്യക്ഷപ്പെടുന്നു

1 ബാലനായ ശമൂവേൽ ഏലിയോടൊത്തു സർവേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. അക്കാലത്ത് അവിടുത്തെ അരുളപ്പാട് അപൂർവമായേ ലഭിച്ചിരുന്നുള്ളൂ; ദർശനങ്ങളും ചുരുക്കമായിരുന്നു.

2 ഒരു ദിവസം ഏലി തന്റെ മുറിയിൽ കിടക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.

3 സർവേശ്വരന്റെ മന്ദിരത്തിൽ ദൈവത്തിന്റെ പെട്ടകം സൂക്ഷിച്ചിരുന്നിടത്തു ശമൂവേൽ കിടക്കുകയായിരുന്നു. ദൈവസന്നിധിയിലെ ദീപം അണഞ്ഞിരുന്നില്ല.

4 സർവേശ്വരൻ ശമൂവേലിനെ വിളിച്ചു. “ഞാനിവിടെയുണ്ട്” എന്നു പറഞ്ഞ് അവൻ ഏലിയുടെ അടുത്തേക്ക് ഓടി,

5 “ഞാൻ ഇതാ, അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. “ഞാൻ വിളിച്ചില്ല, പോയി കിടന്നുകൊള്ളുക” എന്ന് ഏലി മറുപടി പറഞ്ഞു; ശമൂവേൽ പോയി കിടന്നു.

6 സർവേശ്വരൻ വീണ്ടും ശമൂവേലിനെ വിളിച്ചു; അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു; “ഞാൻ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. “എന്റെ മകനേ, ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊള്ളുക” എന്ന് ഏലി വീണ്ടും പറഞ്ഞു.

7 സർവേശ്വരനാണ് തന്നെ വിളിക്കുന്നത് എന്നു ശമൂവേൽ അപ്പോഴും അറിഞ്ഞില്ല. സർവേശ്വരന്റെ അരുളപ്പാട് അതിനുമുമ്പ് അവനു ലഭിച്ചിരുന്നുമില്ല.

8 സർവേശ്വരൻ മൂന്നാമതും ശമൂവേലിനെ വിളിച്ചു; അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു വീണ്ടും പറഞ്ഞു: “ഞാൻ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ.” ദൈവമാണ് ശമൂവേലിനെ വിളിക്കുന്നതെന്ന് അപ്പോൾ ഏലിക്കു മനസ്സിലായി.

9 ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊള്ളുക; ഇനിയും നിന്നെ വിളിച്ചാൽ ‘സർവേശ്വരാ, അരുളിച്ചെയ്താലും, അവിടുത്തെ ദാസൻ കേൾക്കുന്നു’ എന്നു പറയണം.” ശമൂവേൽ വീണ്ടും പോയി കിടന്നു.

10 സർവേശ്വരൻ വീണ്ടും വന്ന്: “ശമൂവേലേ, ശമൂവേലേ” എന്നു വിളിച്ചു. “അരുളിച്ചെയ്താലും, അവിടുത്തെ ദാസൻ കേൾക്കുന്നു” എന്നു ശമൂവേൽ പ്രതിവചിച്ചു.

11 അപ്പോൾ അവിടുന്നു ശമൂവേലിനോടു പറഞ്ഞു: “ഞാൻ ഇസ്രായേലിൽ ഒരു കാര്യം ചെയ്യാൻ പോകുകയാണ്. അതു കേൾക്കുന്നവന്റെ ഇരുചെവികളും തരിച്ചുപോകും.

12 ഏലിയുടെ കുടുംബത്തിനെതിരായി ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം അന്ന് ആദ്യന്തം നിവർത്തിക്കും.

13 അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്നതറിഞ്ഞിട്ടും അവൻ അവരെ വിലക്കിയില്ല; അതുകൊണ്ട് അവന്റെ കുടുംബത്തിന്റെമേൽ എന്നേക്കുമായുള്ള ശിക്ഷാവിധി നടത്താൻ പോവുകയാണെന്നു ഞാൻ അവനെ അറിയിക്കുന്നു.

14 യാഗങ്ങളും വഴിപാടുകളും അവന്റെ ഭവനത്തിന്റെ പാപത്തിന് ഒരിക്കലും പരിഹാരം ആകുകയില്ല എന്നു ഞാൻ തീർത്തുപറയുന്നു.

15 പ്രഭാതംവരെ ശമൂവേൽ കിടന്നു; പിന്നീട് അവൻ സർവേശ്വരന്റെ ആലയത്തിന്റെ വാതിലുകൾ തുറന്നു. തനിക്കുണ്ടായ ദർശനത്തെപ്പറ്റി ഏലിയോടു പറയാൻ ശമൂവേൽ ഭയപ്പെട്ടു.

16 എന്നാൽ ശമൂവേലിനെ ഏലി “ശമൂവേലേ, എന്റെ മകനേ” എന്നു വിളിച്ചു; “ഞാൻ ഇവിടെയുണ്ട്” എന്ന് അവൻ മറുപടി പറഞ്ഞു.

17 അപ്പോൾ ഏലി: “സർവേശ്വരൻ നിന്നോട് എന്തു പറഞ്ഞു? എന്നിൽനിന്ന് ഒന്നും മറച്ചു വയ്‍ക്കരുത്; അവിടുന്ന് അരുളിച്ചെയ്തത് എന്തെങ്കിലും മറച്ചുവച്ചാൽ ദൈവം അതിനു തക്കവിധവും അതിലധികവും ശിക്ഷ നല്‌കട്ടെ” എന്നു പറഞ്ഞു.

18 ശമൂവേൽ ഒന്നും മറച്ചുവയ്‍ക്കാതെ എല്ലാം ഏലിയോടു തുറന്നുപറഞ്ഞു. അപ്പോൾ ഏലി പറഞ്ഞു: “അതു സർവേശ്വരനാണ്, ഇഷ്ടംപോലെ അവിടുന്നു ചെയ്യട്ടെ.”

19 ശമൂവേൽ വളർന്നു; സർവേശ്വരൻ അവന്റെ കൂടെ ഉണ്ടായിരുന്നു. ശമൂവേൽ പറഞ്ഞതൊന്നും വ്യർഥമാകാൻ അവിടുന്ന് ഇടയാക്കിയില്ല.

20 ദാൻമുതൽ ബേർ-ശേബാവരെയുള്ള ഇസ്രായേലിലെ സകല ജനങ്ങളും സർവേശ്വരന്റെ പ്രവാചകനായി ശമൂവേൽ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞു.

21 ഇങ്ങനെ സർവേശ്വരൻ ശമൂവേലിന് ആദ്യം ദർശനം നല്‌കിയ ശീലോവിൽ തുടർന്നും പ്രത്യക്ഷപ്പെട്ട് അവനോടു സംസാരിച്ച് സ്വയം വെളിപ്പെടുത്തി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan