Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 25 - സത്യവേദപുസ്തകം C.L. (BSI)


ശമൂവേലിന്റെ മരണം

1 ശമൂവേൽ മരിച്ചു; ഇസ്രായേല്യർ ഒരുമിച്ചുകൂടി അദ്ദേഹത്തെ ഓർത്തു വിലപിച്ചു. രാമായിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ ശമൂവേലിനെ സംസ്കരിച്ചു.


ദാവീദും അബീഗയിലും

2 ദാവീദ് പാരാൻമരുഭൂമിയിലേക്കു പോയി. മാവോൻ പട്ടണക്കാരനായ ഒരാൾ കർമ്മേലിൽ വ്യാപാരം ചെയ്തിരുന്നു; മഹാധനികനായ അയാൾക്കു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളും ഉണ്ടായിരുന്നു. കർമ്മേലിൽ വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.

3 കാലേബ്‍വംശജനായ അയാളുടെ പേര് നാബാൽ എന്നായിരുന്നു. അയാളുടെ ഭാര്യ അബീഗയിൽ സുന്ദരിയും വിവേകമതിയും ആയിരുന്നു. നാബാലാകട്ടെ നിഷ്ഠുരനും ദുഷ്കർമിയും.

4 നാബാൽ ആടുകളുടെ രോമം കത്രിക്കുന്നു എന്നു മരുഭൂമിയിൽവച്ചു ദാവീദു കേട്ടു.

5 കർമ്മേലിൽ ചെന്ന് തന്റെ പേരിൽ നാബാലിനെ അഭിവാദനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് ദാവീദു പത്തു യുവാക്കന്മാരെ കർമ്മേലിലേക്ക് അയച്ചു.

6 ദാവീദ് അവരോടു പറഞ്ഞിരുന്നു. “നിങ്ങൾ ഇപ്രകാരം പറയണം, അങ്ങയുടെ ഭവനത്തിനും അങ്ങേക്കുള്ള സകലത്തിനും നന്മയുണ്ടാകട്ടെ.

7 അങ്ങ് ആടുകളുടെ രോമം കത്രിക്കുന്ന വിവരം ഞാൻ അറിഞ്ഞു. അങ്ങയുടെ ഇടയന്മാർ കർമ്മേലിൽ ആയിരുന്ന സമയത്തെല്ലാം അവർ ഞങ്ങളുടെ കൂടെ ആയിരുന്നു. ഞങ്ങൾ അവരെ ഉപദ്രവിച്ചിരുന്നില്ല; അവർക്കുള്ളതൊന്നും നഷ്ടപ്പെട്ടതും ഇല്ല.

8 അങ്ങയുടെ ഭൃത്യന്മാരോടു ചോദിച്ചാൽ അവർ അതു പറയും; അതുകൊണ്ട് എന്റെ ഭൃത്യന്മാരോടു ദയ കാണിക്കണം. ഒരു വിശേഷദിവസമാണ് ഞങ്ങൾ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നത്. അങ്ങയുടെ ഈ ദാസന്മാർക്കും അങ്ങയുടെ പുത്രനായ ദാവീദിനും കഴിവുള്ളതു തന്നാലും.”

9 ദാവീദിന്റെ സന്ദേശം ഭൃത്യന്മാർ ചെന്നു നാബാലിനെ അറിയിച്ചശേഷം അവിടെ കാത്തുനിന്നു.

10 നാബാൽ അവരോടു ചോദിച്ചു: “ആരാണീ ദാവീദ്? യിശ്ശായിയുടെ പുത്രൻ ആരാണ്? യജമാനന്മാരുടെ അടുക്കൽനിന്നു തെറ്റിപ്പിരിഞ്ഞു പോകുന്ന ഭൃത്യന്മാർ ഇക്കാലത്തു ധാരാളമുണ്ട്.

11 രോമം കത്രിക്കുന്നവർക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന അപ്പവും വെള്ളവും മാംസവും എവിടെയോനിന്നു വന്നവർക്കു ഞാൻ കൊടുക്കണമെന്നോ?”

12 ദാവീദിന്റെ ഭൃത്യന്മാർ തിരിച്ചുചെന്നു വിവരമെല്ലാം ദാവീദിനെ അറിയിച്ചു.

13 ദാവീദു പറഞ്ഞു: “എല്ലാവരും വാൾ അരയ്‍ക്കുകെട്ടി ഒരുങ്ങിക്കൊൾവിൻ.” അവർ അപ്രകാരം ചെയ്തു. ദാവീദും വാൾ ധരിച്ചു; നാനൂറോളം അനുയായികളോടൊത്തു ദാവീദ് പുറപ്പെട്ടു; ഇരുനൂറു പേർ സാധനങ്ങൾ സൂക്ഷിക്കാൻ അവിടെത്തന്നെ നിന്നു.

14 നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു ഭൃത്യന്മാരിലൊരാൾ പറഞ്ഞു: “നാബാലിനെ അഭിവാദനം ചെയ്യുന്നതിനു ദാവീദ് ദൂതന്മാരെ മരുഭൂമിയിൽനിന്ന് അയച്ചു. നാബാൽ അവരോടു പരുഷമായി സംസാരിച്ചു;

15 അവർ നമുക്കു വളരെ ഉപകാരം ചെയ്തിട്ടുണ്ട്; ഞങ്ങൾ വയലിൽ അവരുടെ കൂടെ പാർത്തിരുന്നപ്പോൾ അവർ ഒരിക്കലും ഞങ്ങളെ ഉപദ്രവിച്ചിരുന്നില്ല; ഞങ്ങൾക്കുള്ളതൊന്നും നഷ്ടപ്പെട്ടതുമില്ല.

16 ആടുകളെ മേയിച്ചുകൊണ്ട് അവരുടെ കൂടെ പാർത്തിരുന്നപ്പോൾ രാവും പകലും എല്ലാം അവർ ഞങ്ങൾക്ക് ഒരു കോട്ടയായിരുന്നു;

17 അതിനാൽ എന്താണു ചെയ്യേണ്ടതെന്ന് ആലോചിച്ചു തീരുമാനിക്കുക. ഇത് തീർച്ചയായും യജമാനനും കുടുംബത്തിനും അനർഥം വരുത്തിവയ്‍ക്കും. യജമാനനാണെങ്കിൽ ആരു പറഞ്ഞാലും കേൾക്കാത്ത ദുസ്വഭാവക്കാരനാണ്.”

18 അബീഗയിൽ ഉടൻതന്നെ ഇരുനൂറ് അപ്പവും രണ്ടു തോൽക്കുടം വീഞ്ഞും അഞ്ച് ആടുകളെ പാകം ചെയ്തതും അഞ്ചു പറ മലരും നൂറ് ഉണക്കമുന്തിരിക്കുലയും അത്തിപ്പഴം കൊണ്ടുള്ള ഇരുനൂറ് അടയും എടുത്തു കഴുതപ്പുറത്തു കയറ്റി, ഭൃത്യന്മാരോടു പറഞ്ഞു:

19 “നിങ്ങൾ മുമ്പേ പോകുക; ഞാൻ ഇതാ വരുന്നു.” എന്നാൽ ഭർത്താവിനോട് അബീഗയിൽ ഇതൊന്നും പറഞ്ഞില്ല.

20 അവൾ കഴുതപ്പുറത്തു മലയുടെ മറവിലൂടെ ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അനുയായികളും എതിരെ വരുന്നതു കണ്ടു.

21 ദാവീദു വിചാരിച്ചു: “മരുഭൂമിയിൽ ഇവനുള്ളതൊക്കെ ഞാൻ കാത്തുസൂക്ഷിച്ചതു വെറുതേ ആയിരുന്നല്ലോ; അവയിലൊന്നും നഷ്ടപ്പെട്ടില്ല. എന്നിട്ടും അയാൾ നന്മയ്‍ക്കു പകരം എന്നോടു തിന്മ പ്രവർത്തിച്ചു;

22 നാളെ നേരം വെളുക്കുമ്പോഴേക്ക് അയാളുടെ പുരുഷപ്രജയിൽ ഒരുവനെങ്കിലും അവശേഷിച്ചാൽ ദൈവം എന്റെ ജീവൻ എടുത്തുകൊള്ളട്ടെ.”

23 അബീഗയിൽ ദാവീദിനെ കണ്ട് തിടുക്കത്തിൽ കഴുതപ്പുറത്തു നിന്നിറങ്ങി; ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു.

24 ദാവീദിന്റെ കാല്‌ക്കൽ വീണ് അവൾ പറഞ്ഞു: “പ്രഭോ, കുറ്റം എന്റെമേൽ തന്നെ ഇരിക്കട്ടെ; അങ്ങയുടെ ഈ ദാസിയെ സംസാരിക്കാൻ അനുവദിച്ചാലും. ഈ ദാസിയുടെ വാക്കു കേൾക്കണമേ.

25 ദുസ്വഭാവിയായ നാബാലിനെ അങ്ങു ഗണ്യമാക്കരുതേ. നാബാൽ എന്നല്ലേ പേര്; പേരുപോലെയാണ് അയാളുടെ സ്വഭാവവും. ഭോഷത്തമായി മാത്രമേ അയാൾ പ്രവർത്തിക്കുകയുള്ളൂ; യജമാനൻ അയച്ച ഭൃത്യന്മാരെ അങ്ങയുടെ ദാസി കണ്ടില്ല.

26 രക്തച്ചൊരിച്ചിലിനും പ്രതികാരത്തിനും ഇടവരുത്താതെ അങ്ങയെ തടഞ്ഞത് സർവേശ്വരനാണ്. അങ്ങയുടെ നാമത്തിലും ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിലും ഞാൻ സത്യം ചെയ്തു പറയുന്നു: അങ്ങയുടെ ശത്രുക്കളും അങ്ങയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ;

27 പ്രഭോ, അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച സ്വീകരിച്ച് അങ്ങയുടെ അനുചരരായ യുവാക്കൾക്കു നല്‌കിയാലും.

28 ഈ ദാസിയുടെ അപരാധം ക്ഷമിച്ചാലും; സർവേശ്വരൻ നിശ്ചയമായും അങ്ങേക്ക് ഒരു ശാശ്വതഭവനം പണിയും. സർവേശ്വരനു വേണ്ടിയാണല്ലോ അങ്ങു യുദ്ധം ചെയ്യുന്നത്. ജീവിതകാലത്ത് ഒരിക്കലും അങ്ങയിൽ ഒരു തിന്മയും കാണുകയില്ല.

29 ആരെങ്കിലും അങ്ങയെ പിന്തുടർന്നു കൊല്ലാൻ ശ്രമിച്ചാൽ നിധി എന്നപോലെ ദൈവമായ സർവേശ്വരൻ അങ്ങയുടെ പ്രാണൻ കാത്തുകൊള്ളും. എന്നാൽ അങ്ങയുടെ ശത്രുക്കളുടെ പ്രാണനെയാകട്ടെ സർവേശ്വരൻ കവിണയിൽ നിന്നെന്നപോലെ എറിഞ്ഞുകളയും.

30 സർവേശ്വരൻ അങ്ങയോടു വാഗ്ദാനം ചെയ്തിരുന്ന സകല അനുഗ്രഹങ്ങളും നിറവേറ്റി അങ്ങയെ ഇസ്രായേലിന്റെ പ്രഭുവാക്കും.

31 അപ്പോൾ കാരണം കൂടാതെ രക്തം ചിന്തിയെന്നോ പ്രതികാരം ചെയ്തു എന്നോ അങ്ങേക്കു മനോവ്യഥയോ മനസ്സാക്ഷിക്കുത്തോ ഉണ്ടാകുകയില്ല; അവിടുന്നു അങ്ങയെ അനുഗ്രഹിക്കുമ്പോൾ ഈ ദാസിയെ മറക്കരുതേ.”

32 ദാവീദ് അവളോടു പറഞ്ഞു: “ഇന്നു നിന്നെ എന്റെ അടുക്കലേക്കു അയച്ച ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ.

33 നിന്റെ വിവേകം സ്തുത്യർഹമാണ്. രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയും ഇരിക്കാൻ ഇന്ന് എന്നെ തടഞ്ഞ നീ അനുഗൃഹീതയാണ്.

34 നിനക്കു ദോഷം വരുത്താതിരിക്കാൻ എന്നെ തടഞ്ഞ ഇസ്രായേലിന്റെ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു, നീ തിടുക്കത്തിൽ എന്നെ എതിരേല്‌ക്കാൻ വന്നില്ലായിരുന്നെങ്കിൽ നേരം പുലരുമ്പോഴേക്ക് നാബാലിന് ഒരു പുരുഷപ്രജപോലും ശേഷിക്കുകയില്ലായിരുന്നു.”

35 അവൾ കൊണ്ടുവന്നിരുന്നതു വാങ്ങിയിട്ട് ദാവീദ് പറഞ്ഞു: “സമാധാനത്തോടെ നിന്റെ ഭവനത്തിലേക്കു പോകുക; നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു; നിന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു.”

36 അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അയാൾ രാജോചിതമായ ഭോജനം കഴിക്കുന്നതു കണ്ടു; അയാൾ അമിതമായി മദ്യപിച്ച് മത്തുപിടിച്ചിരുന്നു; അതിനാൽ നേരം വെളുക്കുന്നതുവരെ വിവരമൊന്നും നാബാലിനോട് അവൾ പറഞ്ഞില്ല.

37 രാവിലെ ലഹരി വിട്ടുമാറിയപ്പോൾ അവൾ വിവരമെല്ലാം അയാളോടു പറഞ്ഞു. അതു കേട്ട് അയാൾ മരവിച്ച് ഒരു ശിലപോലെ നിർജീവമായി;

38 പത്തു ദിവസം കഴിഞ്ഞപ്പോൾ സർവേശ്വരൻ അയാളെ ശിക്ഷിച്ചു; അയാൾ മരിച്ചു.

39 നാബാൽ മരിച്ചുപോയി എന്നു കേട്ടപ്പോൾ ദാവീദു പറഞ്ഞു: “സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ; നാബാൽ അപമര്യാദയായി പെരുമാറിയതിനു അവിടുന്നു പകരം ചോദിച്ചു. അയാളോടു പകരം വീട്ടാൻ ഇടയാക്കാതെ ഈ ദാസനെ അവിടുന്നു രക്ഷിച്ചു. അവൻ ചെയ്ത തിന്മയ്‍ക്കു സർവേശ്വരൻ അവനെ ശിക്ഷിച്ചു.” അബീഗയിലിനെ ഭാര്യയാക്കാൻ തനിക്കുള്ള ആഗ്രഹം അവളെ അറിയിക്കാൻ ദാവീദു ദൂതന്മാരെ അയച്ചു;

40 ദൂതന്മാർ കർമ്മേലിൽ അവളുടെ അടുക്കൽ ചെന്നു പറഞ്ഞു: “നിങ്ങളെ തന്റെ ഭാര്യ ആക്കാൻ ദാവീദ് ആഗ്രഹിക്കുന്നു; നിങ്ങളെ കൂട്ടിക്കൊണ്ടു ചെല്ലാൻ ഞങ്ങളെ അയച്ചിരിക്കുകയാണ്.”

41 അവൾ നിലംപറ്റെ കുനിഞ്ഞു വന്ദിച്ചശേഷം പറഞ്ഞു: “ഇതാ, നിങ്ങളുടെ ദാസി; എന്റെ യജമാനന്റെ ദാസന്മാരുടെ പാദങ്ങൾ കഴുകേണ്ടവൾ.”

42 ഉടനെ അബീഗയിൽ എഴുന്നേറ്റു കഴുതപ്പുറത്തു കയറി; അവൾ തന്റെ അഞ്ചു പരിചാരികമാരോടൊത്തു ദാവീദിന്റെ ഭൃത്യന്മാരുടെകൂടെ പോയി; അങ്ങനെ അബീഗയിൽ ദാവീദിന്റെ ഭാര്യയായിത്തീർന്നു.

43 ജെസ്രീൽക്കാരി അഹീനോവാമിനെയും ദാവീദ് കൊണ്ടുവന്നു; അങ്ങനെ അവർ ഇരുവരും ദാവീദിന്റെ ഭാര്യമാരായി.

44 ശൗലാകട്ടെ ദാവീദിനു ഭാര്യയായി നല്‌കിയിരുന്ന തന്റെ മകൾ മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫൽതിക്കു നല്‌കി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan