Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 23 - സത്യവേദപുസ്തകം C.L. (BSI)


ദാവീദു കെയീലായിൽ

1 ഫെലിസ്ത്യർ കെയീലാ പട്ടണം ആക്രമിക്കുന്നു എന്നും മെതിക്കളങ്ങൾ കവർച്ച ചെയ്യുന്നു എന്നും ദാവീദ് അറിഞ്ഞു.

2 അതിനാൽ ദാവീദ് സർവേശ്വരനോടു ചോദിച്ചു: “ഞാൻ പോയി ഈ ഫെലിസ്ത്യരെ ആക്രമിക്കട്ടെയോ?” “നീ പോയി ഫെലിസ്ത്യരെ ആക്രമിച്ചു കെയീലായെ രക്ഷിക്കുക” അവിടുന്നു മറുപടി നല്‌കി.

3 എന്നാൽ ദാവീദിന്റെ കൂടെയുള്ളവർ പറഞ്ഞു: “നാം ഇവിടെ യെഹൂദ്യയിൽപ്പോലും ഭയപ്പെട്ടാണു കഴിയുന്നത്; പിന്നെ കെയീലായിൽ പോയി ഫെലിസ്ത്യരെ എങ്ങനെ നേരിടും?”

4 ദാവീദ് വീണ്ടും സർവേശ്വരനോട് അനുവാദം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “കെയീലായിലേക്കു പോകുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കും.”

5 ദാവീദും കൂട്ടരും അവിടെ ചെന്നു ഫെലിസ്ത്യരുമായി ഏറ്റുമുട്ടി; അവരുടെ ആടുമാടുകളെ പിടിച്ചുകൊണ്ടുപോന്നു. അവരിൽ അനവധി ആളുകളെ വധിച്ചു; അങ്ങനെ കെയീലാനിവാസികളെ ദാവീദു രക്ഷിച്ചു.

6 അഹീമേലെക്കിന്റെ പുത്രൻ അബ്യാഥാർ രക്ഷപെട്ട് കെയീലായിൽ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കൈയിൽ ഒരു ഏഫോദ് ഉണ്ടായിരുന്നു.

7 ദാവീദ് കെയീലായിൽ എത്തിയ വിവരമറിഞ്ഞ് ശൗൽ പറഞ്ഞു: “ദൈവം അവനെ എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; വാതിലുകളും ഓടാമ്പലുകളും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതുകൊണ്ട് അവൻ സ്വയം കുടുങ്ങിയിരിക്കുകയാണ്.

8 കെയീലായിൽ പോയി ദാവീദിനെയും കൂട്ടരെയും ആക്രമിക്കാൻ ശൗൽ തന്റെ ജനത്തെ വിളിച്ചുകൂട്ടി.

9 ശൗൽ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്നു പുരോഹിതനായ അബ്യാഥാരോടു പറഞ്ഞു.

10 പിന്നീട് ദാവീദ് പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ ദാസനായ ഞാൻ നിമിത്തം ശൗൽ കെയീലാ നഗരം ആക്രമിച്ചുനശിപ്പിക്കാൻ പോകുന്നു എന്നു കേൾക്കുന്നു.

11 കെയീലാനിവാസികൾ എന്നെ ശൗലിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ? അവിടുത്തെ ദാസൻ കേട്ടതുപോലെ ശൗൽ വരുമോ? ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അങ്ങയുടെ ദാസന് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. “അവൻ വരും” അവിടുന്ന് അരുളിച്ചെയ്തു.

12 “എന്നെയും എന്റെ കൂടെയുള്ളവരെയും കെയീലാനിവാസികൾ അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ദാവീദു ചോദിച്ചു. “അവർ നിന്നെ ഏല്പിച്ചുകൊടുക്കും” എന്നു സർവേശ്വരൻ മറുപടി നല്‌കി.

13 ഉടൻതന്നെ ദാവീദും അവന്റെ കൂടെയുള്ള അറുനൂറു പേരും അവിടെനിന്നു പുറത്തു കടന്ന് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു. കെയീലാ പട്ടണത്തിൽനിന്നു ദാവീദ് രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോൾ ശൗൽ തന്റെ യാത്ര നിർത്തിവച്ചു.


ദാവീദ് മലനാട്ടിൽ

14 ദാവീദ് സീഫ് മരുഭൂമിയിലെ കുന്നുകളിലും ഒളിസങ്കേതങ്ങളിലും പാർത്തു. അദ്ദേഹത്തെ കണ്ടുപിടിക്കാൻ ശൗൽ തുടരെ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ സർവേശ്വരൻ ദാവീദിനെ അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചുകൊടുത്തില്ല;

15 തന്നെ കൊല്ലാൻ ശൗൽ അന്വേഷിച്ചു നടക്കുന്ന വിവരം ദാവീദ് അറിഞ്ഞു. അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഹോരേശിലായിരുന്നു.

16 ശൗലിന്റെ പുത്രനായ യോനാഥാൻ അവിടെയെത്തി ദാവീദിനെ ദൈവത്തിൽ ധൈര്യപ്പെടുത്തി;

17 അവൻ പറഞ്ഞു: “ഭയപ്പെടേണ്ടാ, എന്റെ പിതാവായ ശൗലിന് നിന്നെ പിടികൂടാൻ കഴിയുകയില്ല; നീ ഇസ്രായേലിന്റെ രാജാവാകും. ഞാൻ രണ്ടാമനായിരിക്കും. ഇത് എന്റെ പിതാവിനറിയാം.”

18 അവർ ഇരുവരും സർവേശ്വരന്റെ സന്നിധിയിൽ ഉടമ്പടി ചെയ്തു. ദാവീദ് ഹോരേശിൽ പാർത്തു; യോനാഥാൻ വീട്ടിലേക്കു മടങ്ങിപ്പോയി.

19 സീഫിലെ ആളുകൾ ഗിബെയായിൽ ശൗലിനെ സമീപിച്ചു പറഞ്ഞു: “മരുഭൂമിക്കു തെക്ക് ഞങ്ങൾക്കു സമീപം ഹഖീലാപർവതത്തിലെ ഹോരേശിലെ ദുർഗങ്ങളിൽ ദാവീദ് ഒളിച്ചുപാർക്കുന്നു;

20 രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോൾ വന്നാലും; അവനെ അങ്ങയുടെ കൈയിൽ ഞങ്ങൾ ഏല്പിച്ചുതരാം.”

21 ശൗൽ പറഞ്ഞു: “നിങ്ങൾക്ക് എന്നോടു കരുണതോന്നിയല്ലോ! സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ;

22 നിങ്ങൾ പോയി ഒന്നുകൂടി സൂക്ഷ്മമായി തിരക്കുവിൻ; അവൻ ഒളിച്ചിരിക്കുന്നതു എവിടെയാണെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കണം; അവൻ വലിയ സൂത്രശാലിയാണെന്നു ഞാൻ കേട്ടിട്ടുണ്ട്.

23 അവന്റെ ഒളിവിടങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കിയശേഷം എന്നെ വിവരം അറിയിക്കുവിൻ; അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ വരാം; അവൻ യെഹൂദ്യദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അവിടത്തെ ജനസഹസ്രങ്ങളിൽനിന്നു ഞാൻ അവനെ അന്വേഷിച്ചു കണ്ടുപിടിക്കും.”

24 ശൗൽ പുറപ്പെടുന്നതിനു മുമ്പേ അവർ സീഫിലേക്കു മടങ്ങി. എന്നാൽ ദാവീദും കൂടെയുള്ളവരും യെഹൂദ്യമരുഭൂമിക്കു തെക്കുള്ള അരാബായിലെ മാവോൻ മരുഭൂമിയിലായിരുന്നു.

25 ശൗലും ഭ്യത്യന്മാരും ദാവീദിനെ അന്വേഷിച്ചു പുറപ്പെട്ടു; ഈ വിവരമറിഞ്ഞ് ദാവീദ് മാവോൻ മരുഭൂമിയിലുള്ള പാറക്കെട്ടിൽ ചെന്നു പാർത്തു. ശൗൽ അതു കേട്ടു ദാവീദിനെ പിന്തുടർന്നു.

26 ശൗലും ഭൃത്യന്മാരും മലയുടെ ഒരു വശത്തുകൂടെയും ദാവീദും കൂടെയുള്ളവരും മറുവശത്തുകൂടെയും നീങ്ങി. ശൗലിൽനിന്നു രക്ഷപെടാൻ അവർ ബദ്ധപ്പെടുകയായിരുന്നു. അവരെ വളഞ്ഞുപിടിക്കാൻ ശൗലും ഭൃത്യന്മാരും അടുത്തുകൊണ്ടിരുന്നു.

27 അപ്പോൾ ഒരു ദൂതൻ ഓടിവന്നു ശൗലിനോടു പറഞ്ഞു: “വേഗം മടങ്ങിവരിക; ഫെലിസ്ത്യർ നമ്മുടെ ദേശം ആക്രമിക്കുന്നു.”

28 ഇതറിഞ്ഞു ദാവീദിനെ പിന്തുടരുന്നതു മതിയാക്കി ശൗൽ ഫെലിസ്ത്യരെ നേരിടാൻ പുറപ്പെട്ടു. അതുകൊണ്ട് ആ സ്ഥലത്തിനു രക്ഷപെടലിന്റെ പാറ എന്നു പേരുണ്ടായി.

29 ദാവീദ് അവിടെനിന്ന് എൻ-ഗെദിയിലെ ദുർഗങ്ങളിൽ ചെന്നു പാർത്തു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan