Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 11 - സത്യവേദപുസ്തകം C.L. (BSI)


അമ്മോന്യരെ തോല്പിക്കുന്നു

1 പിന്നീട് അമ്മോൻരാജാവായ നാഹാശ് ചെന്നു യാബേശ്-ഗിലെയാദിനെതിരെ പാളയമടിച്ചു. യാബേശ്നിവാസികൾ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക; ഞങ്ങൾ അങ്ങേക്ക് വിധേയരായിരുന്നുകൊള്ളാം.

2 അപ്പോൾ അമ്മോന്യനായ നാഹാശ് അവരോടു പറഞ്ഞു: “ഞാൻ നിങ്ങളിൽ ഓരോരുത്തന്റെയും വലതുകണ്ണ് ചൂഴ്ന്നെടുക്കും; അങ്ങനെ ഞാൻ ഇസ്രായേലിനു മുഴുവൻ അപമാനം വരുത്തും. ഈ വ്യവസ്ഥയിൽ നിങ്ങളുമായി ഉടമ്പടി ചെയ്യാം.”

3 യാബേശിലെ നേതാക്കന്മാർ മറുപടി പറഞ്ഞു: “ഇസ്രായേലിന്റെ എല്ലാ ഭാഗത്തും ദൂതന്മാരെ അയയ്‍ക്കുന്നതിനു ഞങ്ങൾക്കു ഏഴു ദിവസത്തെ സമയം അനുവദിക്കണം; ആരും ഞങ്ങളെ രക്ഷിക്കാനില്ലെങ്കിൽ ഞങ്ങൾ അങ്ങേക്കു കീഴ്പെട്ടുകൊള്ളാം.”

4 ദൂതന്മാർ, ശൗൽ പാർത്തിരുന്ന ഗിബെയായിലെത്തി വിവരം അറിയിച്ചപ്പോൾ ജനം ഉറക്കെ കരഞ്ഞു.

5 അപ്പോൾ ശൗൽ വയലിൽനിന്നു കാളകളെയും കൊണ്ടുവരികയായിരുന്നു; ജനം വിലപിക്കത്തക്കവിധം എന്തു സംഭവിച്ചു എന്ന് അവൻ ചോദിച്ചു; യാബേശിൽനിന്നു വന്ന ദൂതന്മാർ അറിയിച്ച വിവരം അവർ അയാളോടു പറഞ്ഞു.

6 ഈ വാർത്ത കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് ശക്തമായി ശൗലിൽ വന്നു. അയാൾ കോപം കൊണ്ടു ജ്വലിച്ചു;

7 ശൗൽ രണ്ടു കാളകളെ വെട്ടിനുറുക്കി, ദൂതന്മാർവശം ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ വരാത്തവൻ ആരുതന്നെ ആയിരുന്നാലും അവന്റെ കാളകളോടും ഇങ്ങനെതന്നെ ചെയ്യുമെന്നു പറഞ്ഞയച്ചു. ജനം സർവേശ്വരനെ ഭയപ്പെട്ടു; അവർ ഏകമനസ്കരായി പുറപ്പെട്ടു.

8 ശൗൽ അവരെയെല്ലാം ബേസെക്കിൽ ഒരുമിച്ചുകൂട്ടി; അവരുടെ എണ്ണമെടുത്തു. മൂന്നു ലക്ഷം പേർ ഇസ്രായേലിൽനിന്നും മുപ്പതിനായിരം പേർ യെഹൂദ്യയിൽനിന്നും ഉണ്ടായിരുന്നു.

9 അവർ യാബേശ്-ഗിലെയാദിൽനിന്നും വന്ന ദൂതന്മാരോടു പറഞ്ഞു: “നാളെ ഉച്ചയ്‍ക്കു മുമ്പ് നിങ്ങളെല്ലാം വിമോചിതരാകും” എന്നു നിങ്ങളുടെ ജനത്തോടു പറയുക. യാബേശ്നിവാസികൾ അതു കേട്ടപ്പോൾ സന്തോഷിച്ചു.

10 അവർ നാഹാശിനോടു: “നാളെ ഞങ്ങൾ നിങ്ങൾക്കു കീഴ്പെട്ടുകൊള്ളാം; താങ്കൾ യഥേഷ്ടം ഞങ്ങളോടു പ്രവർത്തിച്ചുകൊള്ളുക.”

11 അടുത്ത പ്രഭാതത്തിൽ ശൗൽ തന്റെ കൂടെയുള്ള ജനത്തെ മൂന്നായി വിഭജിച്ചു; പ്രഭാതത്തിൽതന്നെ അവർ ശത്രുപാളയത്തിലേക്ക് ഇരച്ചുകയറി അമ്മോന്യരെ ആക്രമിച്ചു. മധ്യാഹ്നംവരെ അവരെ സംഹരിച്ചു. ശേഷിച്ചവർ ചിതറി ഒറ്റപ്പെട്ടുപോയി.

12 അപ്പോൾ ജനം ശമൂവേലിനോടു പറഞ്ഞു: “ശൗൽ ഞങ്ങളുടെ രാജാവാകുമോ എന്നു ചോദിച്ചവർ എവിടെ? അവരെ വിട്ടുതരിക; ഞങ്ങൾ അവരെ കൊന്നുകളയും.”

13 എന്നാൽ ശൗൽ അവരോടു പറഞ്ഞു: “ഇന്ന് ആരെയും കൊല്ലരുത്; ഇന്നു സർവേശ്വരൻ ഇസ്രായേലിനെ രക്ഷിച്ച ദിവസമാണ്.”

14 ശമൂവേൽ അവരോടു പറഞ്ഞു: “നമുക്കു ഗില്ഗാലിലേക്കു പോയി ശൗലിനെ ഒരിക്കൽകൂടി രാജാവായി പ്രഖ്യാപിക്കാം.”

15 അങ്ങനെ അവരെല്ലാവരും ഗില്ഗാലിലേക്കു പോയി. അവിടെ സർവേശ്വരസന്നിധിയിൽവച്ചു ശൗലിനെ രാജാവാക്കി. അവർ സർവേശ്വരനു സമാധാനയാഗങ്ങൾ അർപ്പിച്ചു. ശൗലും സമസ്ത ഇസ്രായേൽജനങ്ങളും അത്യധികം ആഹ്ലാദിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan