Biblia Todo Logo
Bìoball air-loidhne

- Sanasan -

1 യോഹന്നാൻ 4 - സത്യവേദപുസ്തകം C.L. (BSI)


സത്യാത്മാവും വ്യാജാത്മാവും

1 പ്രിയപ്പെട്ടവരേ, ആത്മാവുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാവരെയും വിശ്വസിക്കരുത്. ആത്മാവ് ദൈവത്തിൽനിന്നുള്ളതാണോ എന്നു ശോധന ചെയ്യുക. എന്തെന്നാൽ അനേകം വ്യാജപ്രവാചകന്മാർ ലോകത്തിൽ ഇറങ്ങിയിട്ടുണ്ട്.

2 ദൈവാത്മാവിനെ തിരിച്ചറിയുന്നത് ഇങ്ങനെയാണ്. യേശുക്രിസ്തു മനുഷ്യനായി വന്നു എന്ന് ഏറ്റുപറയുന്ന ഏത് ആത്മാവും ദൈവത്തിൽ നിന്നുള്ളതാകുന്നു.

3 യേശുക്രിസ്തുവിനെ അപ്രകാരം ഏറ്റുപറയാത്ത ഒരാത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് ക്രിസ്തുവൈരിയുടെ ആത്മാവാകുന്നു. ക്രിസ്തുവൈരി വരുമെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ ക്രിസ്തുവൈരി ലോകത്തിലുണ്ട്.

4 കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാകുന്നു; നിങ്ങൾ വ്യാജപ്രവാചകന്മാരെ ജയിച്ചിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനാണല്ലോ.

5 അവർ ലോകത്തിനുള്ളവരാകയാൽ ലൗകികമായ കാര്യങ്ങളാണു സംസാരിക്കുന്നത്. ലോകം അവരെ ശ്രദ്ധിക്കുന്നു.

6 എന്നാൽ നാം ദൈവത്തിനുള്ളവരാണ്. ദൈവത്തെ അറിയുന്നവൻ നമ്മെ ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ നമ്മെ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയാണ് നാം സത്യത്തിന്റെ ആത്മാവിനെയും വഞ്ചനയുടെ ആത്മാവിനെയും തിരിച്ചറിയുന്നത്.


ദൈവം സ്നേഹമാകുന്നു

7 പ്രിയപ്പെട്ടവരേ, നാം അന്യോന്യം സ്നേഹിക്കണം. എന്തെന്നാൽ സ്നേഹം ദൈവത്തിൽനിന്നുള്ളതാകുന്നു. സ്നേഹിക്കുന്ന ഏതൊരുവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്. അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു.

8 സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല.

9 ദൈവം സ്നേഹം തന്നെ. തന്റെ പുത്രനിലൂടെ നമുക്കു ജീവൻ ലഭിക്കേണ്ടതിന് ആ ഏകപുത്രനെ ദൈവം ലോകത്തിലേക്ക് അയച്ചു. അങ്ങനെയാണ് ദൈവം തന്റെ സ്നേഹം നമ്മുടെ ഇടയിൽ വെളിപ്പെടുത്തിയത്.

10 നാം ദൈവത്തെ സ്നേഹിക്കുകയല്ല, പ്രത്യുത, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വപുത്രനെ അയയ്‍ക്കുകയുമാണ് ഉണ്ടായത്; ഇതാണു സാക്ഷാൽ സ്നേഹം.

11 പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ, നാമും അന്യോന്യം സ്നേഹിക്കേണ്ടതല്ലേ?

12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ നിവസിക്കുന്നു. അവിടുത്തെ സ്നേഹം നമ്മിൽ പൂർണമാകുകയും ചെയ്തിരിക്കുന്നു.

13 തന്റെ സ്വന്തം ആത്മാവിനെ ദൈവം നമുക്കു നല്‌കിയിരിക്കുന്നതുകൊണ്ട് നാം ദൈവത്തിൽ വസിക്കുകയും ദൈവം നമ്മിൽ വസിക്കുകയും ചെയ്യുന്നു എന്നും നാം അറിയുന്നു.

14 പിതാവ് തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചതു ഞങ്ങൾ കണ്ടു; അതിനു ഞങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

15 യേശു ദൈവപുത്രനെന്ന് ഒരുവൻ ഏറ്റുപറയുന്നെങ്കിൽ ദൈവം അവനിലും അവൻ ദൈവത്തിലും വസിക്കുന്നു.

16 ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാകുന്നു. സ്നേഹത്തിൽ ജീവിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.

17 സ്നേഹം നമ്മിൽ പൂർണമാക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധി ദിവസം നമുക്കു ധൈര്യം ഉണ്ടായിരിക്കും. ഈ ലോകത്തിലെ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ ജീവിതംപോലെയാകുന്നു.

18 സ്നേഹത്തിൽ ഭയമില്ല; തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ഭയപ്പെടുന്നവനിൽ സ്നേഹത്തിന്റെ തികവില്ല. എന്തുകൊണ്ടെന്നാൽ ശിക്ഷയെക്കുറിച്ചാണല്ലോ ഭയം.

19 ദൈവം ആദ്യം നമ്മെ സ്നേഹിച്ചു. അതുകൊണ്ടു നമ്മളും സ്നേഹിക്കുന്നു.

20 ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നു എങ്കിൽ അവൻ പറയുന്നത് വ്യാജമാണ്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് അദൃശ്യനായ ദൈവത്തെ സ്നേഹിക്കുവാൻ എങ്ങനെ കഴിയും?

21 ദൈവത്തെ സ്നേഹിക്കുന്ന ഏതൊരുവനും സഹോദരനെയും സ്നേഹിക്കേണ്ടതാണ്. ഇതാകുന്നു ക്രിസ്തുവിൽനിന്നു നമുക്കു ലഭിച്ചിരിക്കുന്ന കല്പന.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan