1 യോഹന്നാൻ 1 - സത്യവേദപുസ്തകം C.L. (BSI)ജീവന്റെ വചനം 1 ആദിമുതൽ ഉണ്ടായിരുന്നതും, ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും നിരീക്ഷിച്ചറിഞ്ഞതും കൈകൾകൊണ്ടു സ്പർശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ചാണു ഞങ്ങൾ എഴുതുന്നത്. 2 ജീവൻ പ്രത്യക്ഷമായി; ഞങ്ങൾ ദർശിച്ചു. ഞങ്ങൾ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പിതാവിനോടുകൂടി ഉണ്ടായിരുന്നതും ഞങ്ങൾക്കു കാണിച്ചുതന്നതുമായ അനശ്വരജീവനെക്കുറിച്ച് ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്നു. 3 ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതുതന്നെ നിങ്ങളോടു പ്രസ്താവിക്കുന്നു. നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് അപ്രകാരം ചെയ്യുന്നത്. നമ്മുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. 4 നമ്മുടെ ആനന്ദം പൂർണമാകുന്നതിനുവേണ്ടിയാണ് ഇതെഴുതുന്നത്. ദൈവം പ്രകാശമാകുന്നു 5 ദൈവം പ്രകാശമാകുന്നു; ദൈവത്തിൽ അന്ധകാരത്തിന്റെ കണികപോലുമില്ല; ഇതാണ് യേശുക്രിസ്തുവിൽനിന്നു ഞങ്ങൾ കേട്ടതും നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നതുമായ സന്ദേശം. 6 അവിടുത്തോടു കൂട്ടായ്മ ഉണ്ടെന്നു നാം പറയുകയും ഇരുളിൽ നടക്കുകയും ചെയ്യുന്നെങ്കിൽ, നാം പറയുന്നത് വ്യാജമാണ്; നാം സത്യത്തെ അനുസരിച്ചു ജീവിക്കുന്നവരല്ല. 7 അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ നാം പ്രകാശത്തിൽ നടക്കുന്നെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം സർവപാപവും നീക്കി നമ്മെ ശുദ്ധീകരിക്കുന്നു. 8 നമുക്കു പാപം ഇല്ലെന്നു നാം പറയുന്നെങ്കിൽ, നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലെന്നു സ്പഷ്ടം. 9 ദൈവം വാഗ്ദാനം നിറവേറ്റുന്നവനും നീതി പ്രവർത്തിക്കുന്നവനും ആകുന്നു; പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ അവിടുന്നു നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളും അകറ്റി നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. 10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നെങ്കിൽ നാം ദൈവത്തെ അസത്യവാദിയാക്കുന്നു; അവിടുത്തെ വചനം നമ്മിലുണ്ടായിരിക്കുകയില്ല. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India