Biblia Todo Logo
Bìoball air-loidhne

- Sanasan -

1 കൊരിന്ത്യർ 8 - സത്യവേദപുസ്തകം C.L. (BSI)


വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം

1 വിഗ്രഹങ്ങൾക്ക് നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി നിങ്ങൾ എഴുതിയിരുന്നുവല്ലോ. “നമുക്കെല്ലാവർക്കും അറിവുണ്ട്” എന്നു പറയുന്നതു ശരിതന്നെ. അങ്ങനെയുള്ള അറിവ് ഒരുവനെ അഹന്തകൊണ്ട് ഊതിവീർപ്പിക്കുന്നു. സ്നേഹമാകട്ടെ, ആത്മീയ വളർച്ച വരുത്തുന്നു.

2 തനിക്ക് എന്തൊക്കെയോ അറിയാം എന്നു ഭാവിക്കുന്നവൻ, യഥാർഥത്തിൽ അറിയേണ്ടതുപോലെ അറിഞ്ഞിട്ടില്ല.

3 എന്നാൽ ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ ദൈവം അവനെ അറിയുന്നു.

4 വിഗ്രഹങ്ങൾക്കു നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി പറയട്ടെ: ദൈവം ഏകനാണെന്നും അസ്തിത്വം ഇല്ലാത്ത ഒന്നിനെയാണ് വിഗ്രഹം പ്രതിനിധാനം ചെയ്യുന്നതെന്നും നമുക്ക് അറിയാം.

5 “ദൈവങ്ങൾ” എന്നു വിളിക്കപ്പെടുന്നവർ ഉണ്ടായിരിക്കാം. സ്വർഗത്തിലാകട്ടെ, ഭൂമിയിലാകട്ടെ അങ്ങനെയുള്ള പല “ദൈവങ്ങളും” “ദേവന്മാരും” ഉണ്ടായിരുന്നാലും

6 നമുക്കു പിതാവായ ഒരു ദൈവം മാത്രമേയുള്ളൂ. അവിടുന്നാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്. അവിടുത്തേക്കു വേണ്ടിയാണു നാം ജീവിക്കുന്നത്. ഒരു കർത്താവു മാത്രമേയുള്ളൂ- യേശുക്രിസ്തു. അവിടുന്നു മുഖേന സകലവും സൃഷ്‍ടിക്കപ്പെട്ടു. നാം ജീവിക്കുന്നതും അവിടുന്നു മുഖേനയാണ്.

7 എന്നാൽ ഈ സത്യം എല്ലാവരും അറിയുന്നില്ല. ചിരപരിചയം ഹേതുവാൽ, വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുമ്പോൾ അത് വിഗ്രഹാർപ്പിതമെന്ന് ചിലർ കരുതുന്നു; അവരുടെ മനസ്സാക്ഷി ദുർബലമാകയാൽ, ആ ഭക്ഷണം മൂലം തങ്ങൾ മലിനരായിത്തീരുന്നു എന്ന് അവർ വിചാരിക്കുന്നു.

8 ഏതായാലും ദൈവത്തോടുള്ള നമ്മുടെ ബന്ധം ഭക്ഷണംകൊണ്ടു മെച്ചപ്പെടുകയില്ല. ഭക്ഷിക്കാതിരുന്നാൽ നമുക്കു നഷ്ടമൊന്നും വരാനില്ല; ഭക്ഷിക്കുന്നെങ്കിൽ ഒട്ടു ലാഭവുമില്ല.

9 എങ്ങനെയായാലും വിശ്വാസത്തിൽ ബലഹീനരായവർ പാപത്തിൽ നിപതിക്കുന്നതിനു നിങ്ങളുടെ സ്വാതന്ത്ര്യം കാരണമായി ഭവിക്കരുത്.

10 “അറിവുള്ളവൻ” ആയ നീ വിഗ്രഹത്തിന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിലിരുന്നു ഭക്ഷിക്കുന്നത് ദുർബലമനസ്സാക്ഷിയുള്ള ഒരുവൻ കാണുന്നു എന്നിരിക്കട്ടെ; വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് അവനെ അതു പ്രേരിപ്പിക്കുകയില്ലേ?

11 ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ബലഹീന സഹോദരൻ നിന്റെ “അറിവിനാൽ” അങ്ങനെ നശിച്ചുപോകുന്നു.

12 ഈ വിധത്തിൽ നിന്റെ സഹോദരന്റെ ദുർബലമനസ്സാക്ഷിയെ ക്ഷതപ്പെടുത്തി അവനെതിരെ പാപം ചെയ്യുന്നതുകൊണ്ട് ക്രിസ്തുവിനെതിരെ നീ പാപം ചെയ്യുന്നു.

13 എന്റെ സഹോദരൻ പാപത്തിൽ നിപതിക്കാൻ ആഹാരം ഇടയാക്കുമെങ്കിൽ അവൻ ഇടറിവീഴാൻ കാരണമാകാതിരിക്കേണ്ടതിന് ഇനിമേൽ ഞാൻ മാംസം ഭക്ഷിക്കുകയില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan