Biblia Todo Logo
Bìoball air-loidhne

- Sanasan -

1 കൊരിന്ത്യർ 3 - സത്യവേദപുസ്തകം C.L. (BSI)


ദൈവത്തിന്റെ ദാസന്മാർ

1 എന്റെ സഹോദരരേ, ആത്മീയ മനുഷ്യരോടെന്നപോലെ നിങ്ങളോടു സംസാരിക്കുവാൻ എനിക്കു കഴിഞ്ഞില്ല; ക്രിസ്തീയ വിശ്വാസത്തിൽ ശിശുക്കളായ നിങ്ങളോട്, ലൗകികമനുഷ്യരോടെന്നവണ്ണം, എനിക്കു സംസാരിക്കേണ്ടിവന്നു.

2 കട്ടിയുള്ള ആഹാരമല്ല, പാലാണ് ഞാൻ നിങ്ങൾക്കു തന്നത്. എന്തെന്നാൽ കട്ടിയുള്ള ഭക്ഷണം കഴിക്കുവാൻ നിങ്ങൾക്കു കഴിയുമായിരുന്നില്ല; ഇപ്പോഴും അതിനുള്ള കഴിവു നിങ്ങൾക്കില്ല.

3 ലൗകികമനുഷ്യർ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴും നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും ഉള്ളതുകൊണ്ടു നിങ്ങൾ ലോകത്തിന്റെ തോതനുസരിച്ചു ജീവിക്കുന്ന ഭൗതികമനുഷ്യരാണെന്നല്ലേ തെളിയുന്നത്?

4 നിങ്ങൾ കേവലം ഭൗതികമനുഷ്യരായതുകൊണ്ടല്ലേ നിങ്ങളിൽ ഒരാൾ “ഞാൻ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാൾ “ഞാൻ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്?

5 അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്റെ ദാസന്മാർ മാത്രമാകുന്നു ഞങ്ങൾ. കർത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാൻ നട്ടു;

6 അപ്പൊല്ലോസ് നനച്ചു; എന്നാൽ വളർച്ച നല്‌കിയത് ദൈവമാണ്.

7 നടുന്നവനും നനയ്‍ക്കുന്നവനും ഏതുമില്ല; വളർച്ച നല്‌കിയ ദൈവത്തിനാണു വില കല്പിക്കേണ്ടത്. നടുന്നവനും നനയ്‍ക്കുന്നവനും ഒരുപോലെ മാത്രമേയുള്ളൂ.

8 ഓരോരുത്തനും അവനവന്റെ പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും.

9 ഞങ്ങൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൂട്ടുവേലക്കാരാണ്; നിങ്ങൾ ദൈവത്തിന്റെ കൃഷിഭൂമിയും ദൈവത്തിന്റെ മന്ദിരവുമാകുന്നു.

10 ദൈവം എനിക്കു നല്‌കിയ വരമനുസരിച്ച് വിവേകമുള്ള ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനമിട്ടു; മറ്റൊരാൾ അതിന്മേൽ പണിയുന്നു. താൻ എങ്ങനെയാണു പണിയുന്നതെന്ന് ഓരോരുത്തരും ശ്രദ്ധിച്ചുകൊള്ളട്ടെ.

11 എന്തെന്നാൽ യേശുക്രിസ്തു എന്ന ഏക അടിസ്ഥാനം നേരത്തെ ഇട്ടിട്ടുണ്ട്. മറ്റൊരടിസ്ഥാനമിടുവാൻ ആർക്കും സാധ്യമല്ല.

12 ഈ അടിസ്ഥാനത്തിന്മേൽ ചിലർ പൊന്ന്, വെള്ളി, വിലയേറിയ രത്നം മുതലായവ ഉപയോഗിച്ചു പണിയുന്നു; മറ്റുള്ളവർ മരമോ, പുല്ലോ, വയ്‍ക്കോലോ ഉപയോഗിക്കും.

13 ക്രിസ്തുവിന്റെ ദിവസത്തിൽ ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത തുറന്നുകാട്ടുമ്പോൾ അതു വ്യക്തമാകും. അന്ന് ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത അഗ്നിശോധന എടുത്തുകാട്ടുകയും ചെയ്യും.

14 താൻ പ്രസ്തുത അടിസ്ഥാനത്തിന്മേൽ നിർമിച്ചത് അഗ്നിയെ അതിജീവിക്കുമെങ്കിൽ നിർമിതാവിനു പ്രതിഫലം ലഭിക്കും.

15 എന്നാൽ ആരെങ്കിലും നിർമിച്ചത് അഗ്നിക്കിരയായാൽ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവൻ രക്ഷിക്കപ്പെടും.

16 നിങ്ങൾ ദൈവത്തിന്റെ ആലയമാകുന്നു എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾക്ക് അറിഞ്ഞുകൂടേ?

17 അതുകൊണ്ട് ആരെങ്കിലും ദൈവത്തിന്റെ ആലയം നശിപ്പിച്ചാൽ ദൈവം അവനെ നശിപ്പിക്കും. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ മന്ദിരം വിശുദ്ധമാണ്. നിങ്ങൾ തന്നെ അവിടുത്തെ മന്ദിരമാണല്ലോ.

18 ആരും സ്വയം വഞ്ചിക്കരുത്. ലൗകികമായ മാനദണ്ഡങ്ങൾ അനുസരിച്ചു ജ്ഞാനിയാണെന്ന് നിങ്ങളിൽ ആരെങ്കിലും സ്വയം വിചാരിക്കുന്നെങ്കിൽ അയാൾ യഥാർഥ ജ്ഞാനിയായിത്തീരേണ്ടതിന് ഭോഷനായിത്തീരണം.

19 എന്തെന്നാൽ ജ്ഞാനമെന്നു ലോകം കരുതുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ ഭോഷത്തമാകുന്നു. ‘ബുദ്ധിമാന്മാരെ അവരുടെ കൗശലത്തിൽത്തന്നെ ദൈവം കുടുക്കുന്നു’ എന്നും

20 ‘ജ്ഞാനികളുടെ ചിന്തയ്‍ക്ക് ഒരു വിലയുമില്ലെന്നു കർത്താവ് അറിയുന്നു’ എന്നും വേദഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ.

21 അതിനാൽ മനുഷ്യന്റെ കർമശേഷിയിൽ ആരും അഹങ്കരിക്കരുത്. എല്ലാം നിങ്ങൾക്കുള്ളതാണല്ലോ.

22 പൗലൊസും, അപ്പൊല്ലോസും, പത്രോസും, ഈ ലോകവും, ജീവനും, മരണവും, ഇപ്പോഴുള്ളതും, വരുവാനുള്ളതും എല്ലാം നിങ്ങളുടേതാണ്.

23 നിങ്ങളാകട്ടെ ക്രിസ്തുവിനുള്ളവരാകുന്നു; ക്രിസ്തു ദൈവത്തിനുള്ളവനും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan