1 കൊരിന്ത്യർ 2 - സത്യവേദപുസ്തകം C.L. (BSI)എന്റെ സന്ദേശം - ക്രൂശിക്കപ്പെട്ട ക്രിസ്തു 1 എന്റെ സഹോദരരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വലിയ വാഗ്‍വൈഭവമോ പാണ്ഡിത്യമോ പ്രകടിപ്പിച്ചുകൊണ്ടല്ല ദൈവത്തിന്റെ നിഗൂഢസത്യം നിങ്ങളെ അറിയിച്ചത്. 2 എന്തെന്നാൽ യേശുക്രിസ്തുവിനെ, പ്രത്യേകിച്ചു ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെമാത്രം എന്റെ മനസ്സിൽ വയ്‍ക്കണമെന്നു ഞാൻ നിശ്ചയിച്ചു. 3 അതുകൊണ്ട് ഭയന്ന്, വിറപൂണ്ട്, ദുർബലനായിട്ടാണ് ഞാൻ നിങ്ങളുടെ അടുക്കൽ വന്നത്. 4 എന്റെ പ്രബോധനവും പ്രഭാഷണവും മാനുഷികമായ വിജ്ഞാനത്തിന്റെ വശ്യവചസ്സുകൾ കൊണ്ടല്ലായിരുന്നു; പ്രത്യുത, ദൈവാത്മാവിന്റെ ശക്തി ബോധ്യപ്പെടുത്തുന്നവയായിരുന്നു. 5 അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന് ആധാരം മാനുഷികമായ ജ്ഞാനമല്ല, പിന്നെയോ ദൈവത്തിന്റെ ശക്തിയാണ്. ദൈവത്തിന്റെ ജ്ഞാനം 6 എങ്കിലും ആത്മീയപക്വത പ്രാപിച്ചവരോടു ജ്ഞാനത്തിന്റെ സന്ദേശം ഞങ്ങൾ പ്രസംഗിക്കുന്നുണ്ട്. എന്നാൽ ലൗകിക ജ്ഞാനമോ ഈ ലോകത്തെ ഭരിക്കുന്ന പ്രഭുക്കന്മാരുടെ ജ്ഞാനമോ അല്ല-അവരുടെ അധികാരം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു- 7 ദൈവത്തിന്റെ നിഗൂഢജ്ഞാനമാണ് ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്നത്. അതു മനുഷ്യർക്കു നിഗൂഢമായിരുന്നെങ്കിലും യുഗങ്ങൾക്കു മുമ്പുതന്നെ നമ്മുടെ മഹത്ത്വ പ്രാപ്തിക്കായി ദൈവം കരുതിയിരുന്നതാണ്. 8 ഈ ലോകത്തിലെ അധികാരികൾ ആരുംതന്നെ അത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞിരുന്നെങ്കിൽ അവർ മഹത്ത്വത്തിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. 9 തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളത് ആരും ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല; അതു സംഭവിക്കുക സാധ്യമാണെന്ന് ആരും ഒരിക്കലും ചിന്തിച്ചിട്ടുമില്ല എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്. 10 നമുക്കാകട്ടെ, ദൈവം ആത്മാവു മുഖാന്തരം തന്റെ രഹസ്യം വെളിപ്പെടുത്തിത്തന്നിരിക്കുന്നു; ആത്മാവ് സമസ്തവും എന്നല്ല, ദൈവത്തിന്റെ അഗാധ രഹസ്യങ്ങൾപോലും നിരീക്ഷിക്കുന്നുണ്ടല്ലോ. 11 ഒരു മനുഷ്യനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും അയാളുടെ അന്തരാത്മാവു മാത്രമേ അറിയുന്നുള്ളൂ; അതുപോലെതന്നെ, ദൈവത്തെ സംബന്ധിച്ചുള്ള സമസ്ത കാര്യങ്ങളും ദൈവത്തിന്റെ ആത്മാവ് അറിയുന്നു. 12 നമുക്കു ലഭിച്ചിരിക്കുന്നത് ഈ ലോകത്തിന്റെ ആത്മാവിനെയല്ല, പ്രത്യുത ദൈവത്തിൽനിന്നുള്ള ആത്മാവിനെയത്രേ. ആ ആത്മാവുമൂലം ദൈവത്തിന്റെ എല്ലാ ദാനങ്ങളെയും നാം അറിയുന്നു. 13 അതുകൊണ്ട്, മാനുഷികമായ ജ്ഞാനം ഉപദേശിച്ചുതരുന്ന വാക്കുകളിലല്ല ഞങ്ങൾ സംസാരിക്കുന്നത്, പിന്നെയോ, ആത്മാവു ഉദ്ബോധിപ്പിക്കുന്ന വാക്കുകളിലാകുന്നു. ആത്മാവിനെ സ്വന്തമാക്കിയവർക്ക് ആധ്യാത്മിക സത്യങ്ങൾ ആ വാക്കുകളിലൂടെ ഞങ്ങൾ വ്യാഖ്യാനിച്ചുകൊടുക്കുന്നു. 14 ദൈവാത്മാവു ലഭിച്ചിട്ടില്ലാത്ത സ്വാഭാവിക മനുഷ്യന് ആത്മാവിന്റെ വരദാനങ്ങൾ പ്രാപിക്കുക സാധ്യമല്ല. അങ്ങനെയുള്ളവൻ യഥാർഥത്തിൽ അവ ഗ്രഹിക്കുന്നില്ല; അവനെ സംബന്ധിച്ചിടത്തോളം അവ ഭോഷത്തങ്ങളാകുന്നു. എന്തെന്നാൽ അവയുടെ മൂല്യം ആധ്യാത്മികമായ അടിസ്ഥാനത്തിൽ മാത്രമേ നിർണയിക്കുവാൻ കഴിയൂ. 15 ആത്മാവു ലഭിച്ച ഒരുവന് എല്ലാറ്റിന്റെയും മൂല്യം ഗ്രഹിക്കുവാൻ കഴിവുണ്ട്. എന്നാൽ അയാളെ വിധിക്കുവാൻ ആർക്കും സാധ്യമല്ല. 16 “സർവേശ്വരന്റെ മനസ്സ് ആരു കണ്ടു? അവിടുത്തേക്കു ബുദ്ധി ഉപദേശിക്കുവാൻ ആർക്കു കഴിയും?” എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ. നാം ആകട്ടെ, ക്രിസ്തുവിന്റെ മനസ്സുള്ളവരാണ്. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India