Biblia Todo Logo
Bìoball air-loidhne

- Sanasan -

1 കൊരിന്ത്യർ 16 - സത്യവേദപുസ്തകം C.L. (BSI)


വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധനശേഖരം

1 യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തെപ്പറ്റി നിങ്ങൾ എഴുതിയിരുന്നല്ലോ. ഗലാത്തിയയിലെ സഭകൾ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടതുതന്നെ നിങ്ങളും ചെയ്യേണ്ടതാണ്.

2 നിങ്ങളുടെ വരവനുസരിച്ച് ഞായാറാഴ്ചതോറും ഓരോ സംഖ്യ നീക്കി വയ്‍ക്കണം. അങ്ങനെ സ്വരൂപിച്ചുവയ്‍ക്കുകയാണെങ്കിൽ ഞാൻ വന്നതിനുശേഷം പണം പിരിക്കേണ്ട ആവശ്യം ഉണ്ടാകുകയില്ലല്ലോ.

3 ഞാൻ വരുമ്പോൾ നിങ്ങളുടെ ദാനങ്ങൾ നിങ്ങൾക്കു സമ്മതമുള്ള ആളുകളുടെ കൈവശം ഏല്പിച്ച്, എഴുത്തുമായി യെരൂശലേമിലേക്ക് അയച്ചുകൊള്ളാം.

4 ഞാൻകൂടി പോകുന്നതിനു ആവശ്യമാണെന്നു തോന്നിയാൽ അവർ എന്റെകൂടെ പോരട്ടെ.


പൗലൊസിന്റെ യാത്രാപരിപാടി

5 എനിക്കു മാസിഡോണിയയിൽകൂടി കടന്നുപോകേണ്ടതുണ്ട്. അതിനുശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും. അങ്ങനെ കുറേനാൾ,

6 ഒരുപക്ഷേ, ശീതകാലം മുഴുവൻ നിങ്ങളുടെ കൂടെ കഴിച്ചുകൂട്ടാം. പിന്നീട് എനിക്കു പോകേണ്ടത് എങ്ങോട്ടായാലും നിങ്ങളുടെ സഹായത്തോടുകൂടി എന്റെ യാത്ര തുടരാം.

7 പോകുന്നവഴി നിങ്ങളെ കണ്ടിട്ടു പെട്ടെന്നു പോകാനല്ല ഞാൻ ആഗ്രഹിക്കുന്നത്. കർത്താവ് അനുവദിക്കുന്നെങ്കിൽ കുറെ ഏറെ നാൾ നിങ്ങളോടൊത്തു കഴിച്ചുകൂട്ടണമെന്നാണ് എന്റെ ആഗ്രഹം.

8 പെന്തെക്കോസ്തുനാൾവരെ ഞാൻ എഫെസൊസിൽ താമസിക്കും.

9 ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നാലും ഫലപ്രദമായ പ്രവർത്തനത്തിനുള്ള സുവർണാവസരമാണ് ഇവിടെയുള്ളത്.

10 തിമൊഥെയോസ് വന്നാൽ നിങ്ങളുടെ ഇടയിൽ നിർഭയം പ്രവർത്തിക്കുവാൻ തക്കവണ്ണം അയാളെ സ്വാഗതം ചെയ്യണം; എന്നെപ്പോലെതന്നെ അയാൾ കർത്താവിനുവേണ്ടി പ്രവർത്തിക്കുന്നവനാണല്ലോ. ആരും അയാളെ അവഗണിക്കരുത്.

11 സഹോദരന്മാരോടൊപ്പം ഞാൻ അയാളുടെ വരവു കാത്തിരിക്കുകയാണ്; എന്റെ അടുക്കൽ തിരിച്ചുവരുന്നതിനുവേണ്ടി സമാധാനത്തോടെ യാത്ര തുടരുവാൻ നിങ്ങൾ അയാളെ സഹായിക്കണം.

12 സഹോദരനായ അപ്പൊല്ലൊസിന്റെ കാര്യമാണെങ്കിൽ, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളെ സന്ദർശിക്കുന്നതിന് അയാളെയും ഞാൻ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങളുടെ അടുക്കൽ വരുന്നതിന് അയാൾക്കു പൂർണസമ്മതമുണ്ടായില്ല. ഇനി അവസരമുണ്ടാകുമ്പോൾ വരുന്നതാണ്.


ഉപസംഹാരം

13 ഉണർന്നിരിക്കുക; വിശ്വാസത്തിൽ അടിയുറച്ചു നില്‌ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക.

14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹപൂർവം ആയിരിക്കട്ടെ.

15 സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും നിങ്ങൾക്കറിയാമല്ലോ; അഖായയിൽ ആദ്യം ക്രിസ്തുമാർഗം സ്വീകരിച്ചത് അവരാണ്. ദൈവജനത്തിന്റെ ശുശ്രൂഷയ്‍ക്കായി അവർ തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നു.

16 ഇങ്ങനെയുള്ളവരുടെയും, അവരോടുകൂടി ശുശ്രൂഷചെയ്യുകയും അധ്വാനിക്കുകയും ചെയ്യുന്നവരുടെയും നേതൃത്വത്തിനു നിങ്ങൾ കീഴ്പെട്ടിരിക്കണം.

17 സ്തേഫാനോസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ അസാന്നിധ്യം അവർ നികത്തി.

18 അവർ എന്റെയും നിങ്ങളുടെയും ആത്മാവിന് ഉന്മേഷം പകർന്നുതന്നു. ഇങ്ങനെയുള്ളവരെ നിങ്ങൾ ആദരിക്കണം.

19 ഏഷ്യാദേശത്തിലെ സഭകൾ അവരുടെ അഭിവാദനങ്ങൾ അറിയിക്കുന്നു. അക്വിലായും പ്രിസ്കില്ലയും അവരുടെ ഭവനത്തിൽ കൂടിവരുന്ന സഭയും നിങ്ങളെ ഹാർദമായി അഭിവാദനം ചെയ്യുന്നു.

20 ഇവിടെയുള്ള സകല സഹോദരരും അവരുടെ അഭിവാദനങ്ങൾ അറിയിക്കുന്നു. സഹോദരനിർവിശേഷമായ ചുംബനത്താൽ നിങ്ങൾ അന്യോന്യം വന്ദനം ചെയ്യുക.

21 എന്റെ സ്വന്തം കൈകൊണ്ട് ഞാൻ ഇതെഴുതുന്നു: പൗലൊസിൽനിന്ന് നിങ്ങൾക്ക് അഭിവാദനങ്ങൾ.

22 കർത്താവിനെ സ്നേഹിക്കാത്തവൻ ആരുതന്നെ ആയാലും അവൻ ശപിക്കപ്പെട്ടവൻ! മാറാനാഥാ-ഞങ്ങളുടെ കർത്താവേ, വന്നാലും!

23 കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.

24 നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan