Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 15 - സത്യവേദപുസ്തകം C.L. (BSI)


ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്ക്
( 2 ശമൂ. 6:12-22 )

1 ദാവീദിന്റെ നഗരം എന്നറിയപ്പെടുന്ന യെരൂശലേമിൽ അദ്ദേഹം തനിക്കായി കൊട്ടാരങ്ങൾ പണിതു. ദൈവത്തിന്റെ പെട്ടകം സ്ഥാപിക്കാൻ ഒരു സ്ഥലം ഒരുക്കി. അതിന് ഒരു കൂടാരം നിർമ്മിച്ചു.

2 പിന്നീട് ദാവീദു പറഞ്ഞു: “ലേവ്യർ മാത്രമേ പെട്ടകം ചുമക്കാവൂ; പെട്ടകം ചുമക്കാനും തനിക്കു ശുശ്രൂഷ ചെയ്യാനും സർവേശ്വരൻ അവരെയാണല്ലോ നിയമിച്ചിരിക്കുന്നത്.”

3 പെട്ടകം സ്ഥാപിക്കാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് അതു കൊണ്ടുവരുന്നതിനു ദാവീദ് സകല ഇസ്രായേല്യരെയും യെരൂശലേമിൽ വിളിച്ചുകൂട്ടി.

4 അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും വിളിച്ചു വരുത്തിയിരുന്നു. ലേവ്യഗോത്രത്തിൽനിന്നു വന്നവർ:

5 കെഹാത്യകുലത്തിൽപ്പെട്ട നൂറ്റിരുപതു പേരും അവരുടെ നേതാവായ ഊരിയേലും;

6 മെരാരികുലത്തിൽപ്പെട്ട ഇരുനൂറ്റി ഇരുപതു പേരും അവരുടെ നേതാവായ അസായായും;

7 ഗേർശോംകുലത്തിൽപ്പെട്ട നൂറ്റിമുപ്പതു പേരും അവരുടെ നേതാവായ യോവേലും;

8 എലീസാഫാൻകുലത്തിൽപ്പെട്ട ഇരുനൂറു പേരും അവരുടെ നേതാവായ ശെമയ്യായും;

9 ഹെബ്രോൻകുലത്തിൽപ്പെട്ട എൺപതു പേരും അവരുടെ നേതാവായ എലീയേലും;

10 ഉസ്സീയേൽകുലത്തിൽപ്പെട്ട നൂറ്റിപന്ത്രണ്ടു പേരും അവരുടെ നേതാവായ അമ്മീനാദാബും.

11 സാദോക്ക്, അബ്യാഥാർ എന്നീ പുരോഹിതന്മാരെയും ഊരിയേൽ, അസായാ, യോവേൽ, ശെമയ്യാ, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിപ്പിച്ചു.

12 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യരുടെ പിതൃഭവനത്തലവന്മാർ ആണല്ലോ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ പെട്ടകം കൊണ്ടുവന്ന് അതിനുവേണ്ടി ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തു സ്ഥാപിക്കാൻ നിങ്ങളും സഹോദരന്മാരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.

13 ആദ്യം അതു ചുമന്നത് നിങ്ങൾ അല്ലല്ലോ. വിധിപ്രകാരം അന്നു പ്രവർത്തിക്കാതിരുന്നതിനാൽ സർവേശ്വരൻ നമ്മെ ശിക്ഷിച്ചു.”

14 പിന്നീട്, ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ പെട്ടകം കൊണ്ടുവരാൻ പുരോഹിതന്മാരും ലേവ്യരും സ്വയം ശുദ്ധീകരിച്ചു.

15 മോശയിലൂടെ സർവേശ്വരൻ കല്പിച്ചിരുന്നതുപോലെ പെട്ടകം തണ്ടിന്മേലേറ്റി ലേവ്യർ ചുമന്നു.

16 പിന്നീട് വീണ, കിന്നരം, കൈത്താളം എന്നീ വാദ്യോപകരണങ്ങൾ ഉച്ചത്തിൽ ധ്വനിപ്പിച്ച് സന്തോഷാരവം മുഴക്കാൻ ലേവ്യരെ ചുമതലപ്പെടുത്തുന്നതിനു ദാവീദ് ലേവ്യകുലത്തലവന്മാരോട് ആജ്ഞാപിച്ചു.

17 യോവേലിന്റെ പുത്രൻ ഹേമാൻ, അവന്റെ ചാർച്ചക്കാരനും ബേരെഖ്യായുടെ പുത്രനുമായ ആസാഫ്, മെരാരികുലത്തിലെ കൂശായുടെ പുത്രൻ ഏഥാൻ എന്നിവരെ ലേവ്യർ നിയമിച്ചു.

18 അവരെ സഹായിക്കുന്നതിനു തങ്ങളുടെ ചാർച്ചക്കാരായ സെഖര്യാ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാ, മയസേയാ, മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ എന്നിവരെയും വാതിൽ കാവല്‌ക്കാരായി ഓബേദ്-എദോം, യെയീയേൽ എന്നിവരെയും നിയമിച്ചു.

19 ഗായകരായ ഹേമാൻ, ആസാഫ്, ഏഥാൻ എന്നിവർ ഓടുകൊണ്ടുള്ള ഇലത്താളങ്ങൾ കൊട്ടി.

20 സെഖര്യാ, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാ, ബെനായാ എന്നിവർ അലാമോത്ത് രാഗത്തിൽ വീണവായിച്ചു.

21 മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ, ഓബേദ്-എദോം, യെയീയേൽ, അസസ്യാ എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിച്ചു.

22 ലേവ്യനായ കെനന്യാ ഗാനനിപുണനായിരുന്നതുകൊണ്ട് അവനെ ഗായകസംഘത്തിന്റെ നേതാവായി നിയമിച്ചു.

23 ബേരെഖ്യായും എല്‌ക്കാനയും ആയിരുന്നു പെട്ടകത്തിന്റെ കാവല്‌ക്കാർ.

24 പുരോഹിതന്മാരായ ശെബന്യാ, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാ, ബെനായാ, എലെയാസാർ എന്നിവർ ദൈവത്തിന്റെ പെട്ടകത്തിനു മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോം, യെഹീയാ എന്നിവരും പെട്ടകത്തിന്റെ കാവല്‌ക്കാരായിരുന്നു.


നിയമപെട്ടകം യെരൂശലേമിലേക്ക്

25 ഓബേദ്-എദോമിന്റെ ഭവനത്തിൽനിന്നു നിയമപെട്ടകം കൊണ്ടുവരാൻ ദാവീദും, ഇസ്രായേൽനേതാക്കന്മാരും സഹസ്രാധിപന്മാരും ആഹ്ലാദപൂർവം പുറപ്പെട്ടു.

26 നിയമപെട്ടകം ചുമന്നുകൊണ്ടുവരുന്ന ലേവ്യരെ ദൈവം സഹായിച്ചതിനാൽ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും അവർ യാഗം അർപ്പിച്ചു.

27 ദാവീദും പെട്ടകം വഹിച്ചിരുന്ന ലേവ്യരും ഗായകസംഘവും ഗായകസംഘത്തിന്റെ നേതാവായ കെനന്യായും നേർത്ത ലിനൻവസ്ത്രം ധരിച്ചിരുന്നു. ദാവീദ് ലിനൻകൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു.

28 ഇസ്രായേൽജനം ആർപ്പുവിളിയോടും കാഹളം, കുഴൽ, ഇലത്താളം, കിന്നരം, വീണ എന്നീ വാദ്യങ്ങളുടെ ഘോഷത്തോടുംകൂടി സർവേശ്വരന്റെ നിയമപെട്ടകം കൊണ്ടുവന്നു.

29 പെട്ടകം ദാവീദിന്റെ നഗരത്തിലെത്തിയപ്പോൾ ശൗലിന്റെ മകൾ മീഖൾ, ദാവീദുരാജാവ് നൃത്തം ചെയ്ത് ആഹ്ലാദിക്കുന്നതു ജനാലയിലൂടെ കണ്ടു; അവൾ രാജാവിനെ മനസ്സാ നിന്ദിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan