1 ദിനവൃത്താന്തം 11 - സത്യവേദപുസ്തകം C.L. (BSI)ദാവീദ് ഇസ്രായേലിന്റെയും യെഹൂദ്യയുടെയും രാജാവ് 1 ഇസ്രായേൽജനം ഒരുമിച്ചുകൂടി ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നോക്കൂ, ഞങ്ങൾ അങ്ങയുടെ അസ്ഥിയും മാംസവും ആണല്ലോ. 2 ശൗൽ രാജാവായിരുന്നപ്പോഴും അങ്ങുതന്നെയാണ് ഞങ്ങളെ നയിച്ചിരുന്നത്. ‘നീ എന്റെ ജനമായ ഇസ്രായേലിന്റെ ഇടയനും രാജാവും ആയിരിക്കും’ എന്നു ദൈവമായ സർവേശ്വരൻ അങ്ങയോട് അരുളിച്ചെയ്തിട്ടുമുണ്ട്.” 3 ഇസ്രായേൽ നേതാക്കന്മാരെല്ലാം ഹെബ്രോനിൽ ദാവീദുരാജാവിന്റെ അടുക്കൽ വന്നു. രാജാവ് സർവേശ്വരന്റെ സന്നിധിയിൽ അവരുമായി ഉടമ്പടി ചെയ്തു. ശമൂവേൽ മുഖേന സർവേശ്വരൻ വാഗ്ദാനം ചെയ്തിരുന്നതുപോലെ അവർ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി വാഴിച്ചു. 4 പിന്നീട് ദാവീദും സകല ഇസ്രായേല്യരും കൂടി യെരൂശലേമിലേക്കു പോയി. അന്ന് യെബൂസ് എന്ന പേരിലാണ് യെരൂശലേം അറിയപ്പെട്ടിരുന്നത്. യെബൂസ്യർ ആയിരുന്നു അവിടെ പാർത്തിരുന്നത്. 5 “നീ ഇവിടെ കടക്കുകയില്ല” എന്നു യെബൂസ്യർ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചെടുത്തു. ആ നഗരം ദാവീദിന്റെ പട്ടണം എന്നറിയപ്പെട്ടു. 6 ഒരു യെബൂസ്യനെ ആദ്യം വധിക്കുന്നവൻ സൈന്യാധിപനായിരിക്കും എന്നു ദാവീദു പറഞ്ഞു. സെരൂയായുടെ പുത്രൻ യോവാബാണ് ആദ്യം ആക്രമണം തുടങ്ങിയത്. അതുകൊണ്ട് അവൻ സൈന്യാധിപനായിത്തീർന്നു. 7 ദാവീദ് ആ കോട്ടയിൽ പാർത്തതുകൊണ്ട് അതിനു ദാവീദിന്റെ പട്ടണം എന്നു പേരായി. 8 അദ്ദേഹം മില്ലോമുതൽ ചുറ്റും നഗരം വിസ്തൃതമാക്കി പണിത് ഉറപ്പിച്ചു. നഗരത്തിന്റെ ശിഷ്ടഭാഗങ്ങൾ യോവാബ് പുനരുദ്ധരിച്ചു. 9 സർവശക്തനായ സർവേശ്വരൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്‌ക്കുമേൽ പ്രബലനായിത്തീർന്നു. ദാവീദിന്റെ പ്രമുഖയോദ്ധാക്കൾ 10 സർവേശ്വരന്റെ കല്പനയനുസരിച്ച്, ദാവീദിനെ ഇസ്രായേൽരാജാവാക്കാൻ ജനത്തോടു ചേർന്നു ധീരമായി പ്രവർത്തിച്ച മൂന്നു മുഖ്യ യോദ്ധാക്കൾ ഇവരാണ്. 11 അവരിൽ ഒന്നാമൻ ഹക്മോന്യനായ യാശോബെയാം തന്റെ കുന്തവുമായി മുന്നൂറു പേരോട് ഒറ്റയ്‍ക്ക് ഏറ്റുമുട്ടി; അവരെയെല്ലാം വധിച്ചു. 12 രണ്ടാമൻ അഹോഹ്യനായ ദോദോയുടെ പുത്രൻ എലെയാസർ ആയിരുന്നു. 13 ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് അണിനിരന്നപ്പോൾ അവൻ ദാവീദിനോടുകൂടി ബാർലി നിറഞ്ഞുനിന്ന ഒരു വയലിൽ ആയിരുന്നു. ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. 14 അപ്പോഴും അവൻ വയലിന്റെ നടുവിൽ നിന്നുകൊണ്ട് അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. സർവേശ്വരൻ അവർക്കു വൻവിജയം നല്‌കി രക്ഷിച്ചു. 15 ഫെലിസ്ത്യസൈന്യം രെഫായീംതാഴ്‌വരയിൽ പാളയമടിച്ചിരുന്നപ്പോൾ മുപ്പതു പ്രമാണിമാരിൽ മൂന്നു പേർ അദുല്ലാം ശിലാഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. 16 ദാവീദ് അപ്പോൾ ആ രക്ഷാസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരിൽ ഒരു വിഭാഗം ബേത്‍ലഹേമിൽ പാളയമടിച്ചിരുന്നു. 17 “ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റിലെ അല്പം വെള്ളം എനിക്കു കുടിക്കാൻ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ” എന്നു ദാവീദ് അതിയായ ആശയോടെ പറഞ്ഞു. 18 അപ്പോൾ ആ മൂന്നുപേർ ഫെലിസ്ത്യരുടെ പാളയം അതിക്രമിച്ചു കടന്നു ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റിൽനിന്നു വെള്ളം എടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാൽ അതു കുടിക്കാൻ ദാവീദിനു മനസ്സു വന്നില്ല. അദ്ദേഹം അതു സർവേശ്വരനു നിവേദിച്ചു. 19 ദാവീദ് പറഞ്ഞു: “സർവേശ്വരാ ഞാൻ ഇതെങ്ങനെ കുടിക്കും? ഈ മനുഷ്യരുടെ ജീവരക്തം ഞാൻ കുടിക്കുകയോ? പ്രാണൻ അപകടപ്പെടുത്തിയാണല്ലോ അവരിതു കൊണ്ടുവന്നത്. “അദ്ദേഹം അതു കുടിച്ചില്ല. ഇതായിരുന്നു ആ മൂന്നുപേർ കാട്ടിയ ധീരത. 20 മുപ്പതു പേരുടെ തലവനും യോവാബിന്റെ സഹോദരനുമായ അബീശായി തന്റെ കുന്തംകൊണ്ടു മുന്നൂറു പേർക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. അങ്ങനെ അയാളും ആ മൂവർക്കു പുറമേ പ്രസിദ്ധനായി. 21 മുപ്പതു പേരിൽ ഏറ്റവും പ്രസിദ്ധനും അവരുടെ സേനാപതിയും അയാൾ ആയിരുന്നെങ്കിലും മൂവരോളം അവൻ പ്രസിദ്ധനായിരുന്നില്ല. 22 കബ്സേൽക്കാരനായ യെഹോയാദയുടെ പുത്രൻ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരൻ. മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുൾപ്പെടെ അനേകം ധീരപ്രവൃത്തികൾ അയാൾ ചെയ്തു. മഞ്ഞു വീണുകൊണ്ടിരുന്ന ദിവസം ഗുഹയിൽ കടന്ന് അതിലുണ്ടായിരുന്ന സിംഹത്തെ അവൻ കൊന്നുകളഞ്ഞു. 23 അഞ്ചു മുഴം ഉയരമുണ്ടായിരുന്ന അതികായനായ ഒരു ഈജിപ്തുകാരനെയും അവൻ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി എതിരാളിയെ സമീപിച്ച് അയാളുടെ കൈയിൽനിന്നു നെയ്ത്തുകാരന്റെ പടപ്പുതടി പോലെയുള്ള കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെയാണ് അവനെ കൊന്നത്. 24 “മുപ്പതു” പേരിൽ ഒരുവനായ ബെനായായുടെ ധീരകൃത്യങ്ങൾ ഇവയായിരുന്നു. 25 അവൻ മുപ്പതു പേരിൽവച്ച് പ്രസിദ്ധനായിരുന്നെങ്കിലും “മൂന്നു” പേരോളം പ്രസിദ്ധി നേടിയില്ല. ദാവീദ് തന്റെ അംഗരക്ഷകരുടെ തലവനായി അയാളെ നിയമിച്ചു. 26 ദാവീദിന്റെ സൈന്യത്തിലെ മറ്റു വീരയോദ്ധാക്കൾ ഇവരാണ്. യോവാബിന്റെ സഹോദരൻ അസാഹേൽ, ബേത്‍ലഹേമ്യനായ ദോദോയുടെ പുത്രൻ എൽഹാനാൻ, 27 ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്, 28 തെക്കോവ്യനായ ഇക്കേശിന്റെ പുത്രൻ ഈര, 29 അനാഥോത്യനായ അബീയേസെർ, ഹൂശാത്യനായ സീബെഖായി, അഹോഹ്യനായ ഈലായി, 30 നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനായുടെ പുത്രൻ ഹേലെദ്, 31 ബെന്യാമീൻഗോത്രക്കാരുടെ ഗിബെയായിലെ രീബായിയുടെ പുത്രൻ ഈഥായി, പരാഥോന്യനായ ബെനായാ, 32 ഗായെശ്കാരനായ ഹൂരായി, 33 അർബാത്യനായ അബീയേൽ, ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യാഹ്ബാ, 34 ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാര്യനായ ശാഗേയുടെ പുത്രൻ യോനാഥാൻ, 35 ഹാരാര്യനായ സാഖാരിന്റെ പുത്രൻ അഹീയാം, ഊരിന്റെ പുത്രൻ എലീഫാൽ, 36 മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാ. 37 കർമ്മേല്യനായ ഹെസ്രോ, എസ്ബായിയുടെ പുത്രൻ നയരായി, 38 നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ പുത്രൻ മിബ്ഹാർ, 39 അമ്മോന്യനായ സേലെക്, സെരൂയായുടെ പുത്രനായ യോവാബിന്റെ ആയുധവാഹകനും ബെരോത്യനുമായ നഹറായ്, 40 യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്, ഹിത്യനായ ഊരിയാ, 41 അഹ്‍ലായിയുടെ പുത്രൻ സാബാദ്, 42 രൂബേൻഗോത്രത്തിലെ ഒരു പ്രമാണിയായ ശീസയുടെ പുത്രൻ അദീനാ, അയാളോടൊപ്പം മുപ്പതു പേരും, 43 മയഖായുടെ പുത്രൻ ഹാനാൻ, മിത്ത്യനായ യോശാഫാത്ത്, 44 അസ്തെരാത്യനായ ഉസ്സീയ, അരോവേര്യനായ ഹോഥാമിന്റെ പുത്രന്മാർ ശാമായും യെയീയേലും; 45 ശിമ്രിയുടെ പുത്രൻ യെദീയയേൽ, തീസ്യനായ അയാളുടെ സഹോദരൻ യോഹ, മഹവ്യനായ എലീയേൽ. 46 എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാ, മോവാബ്യനായ യിത്ത്മാ, 47 എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India