Biblia Todo Logo
Bìoball air-loidhne

- Sanasan -

രൂത്ത് 1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


എലീമേലെക്കിനും കുടുംബത്തിനും നേരിട്ട ദുരന്തം

1 ന്യായാധിപന്മാർ യിസ്രയേലിൽ ഭരണം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി. യെഹൂദായിലെ ബേത്‍ലഹേമിലുള്ള ഒരു ആൾ തന്‍റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പാർപ്പാൻ പോയി.

2 അവൻ ബേത്‍ലേഹേമിൽ നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് ആയിരുന്നു. ഭാര്യക്കു നൊവൊമി എന്നും പുത്രന്മാർക്കു എന്നും കില്യോൻ എന്നും പേർ. അവർ മോവാബ്‌ദേശത്ത് ചെന്നു അവിടെ താമസിച്ചു.

3 അനന്തരം നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു. അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.

4 പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ. അവർ ഏകദേശം പത്തു വര്‍ഷം അവിടെ പാർത്തു.

5 പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്‍റെയും മരണശേഷം ആ സ്ത്രീ മാത്രം ശേഷിച്ചു.

6 പിന്നീട് യഹോവ തന്‍റെ ജനത്തെ സന്ദർശിച്ച് ആഹാരം കൊടുത്തവിധം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി.

7 അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.

8 അപ്പോൾ നൊവൊമി മരുമക്കൾ ഇരുവരോടും: “നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുവിൻ. മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും കരുണ ചെയ്യുമാറാകട്ടെ.

9 നിങ്ങൾ വിവാഹിതരായി, ഓരോരുത്തരും തങ്ങളുടെ ഭർത്താവിന്‍റെ ഭവനത്തിൽ ആശ്വാസം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങൾക്ക് കൃപ നല്കുമാറാകട്ടെ” എന്നു പറഞ്ഞു അവരെ ചുംബിച്ചു. അവർ ഉച്ചത്തിൽ കരഞ്ഞു.

10 അവർ അവളോടു: “ഞങ്ങളും നിന്നോടുകൂടെ നിന്‍റെ ജനത്തിന്‍റെ അടുക്കൽ പോരുന്നു” എന്നു പറഞ്ഞു.

11 അതിന് നൊവൊമി പറഞ്ഞത്: “എന്‍റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ. എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങൾക്ക് ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്‍റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?

12 എന്‍റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ. ഒരു ഭർത്താവിനെ സ്വീകരിക്കുവാൻ എനിക്ക് പ്രായം കടന്നുപോയി. അല്ല, അങ്ങനെ ഞാൻ ആശിച്ചിട്ടു ഈ രാത്രി തന്നെ ഒരു പുരുഷന് ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും

13 അവർക്ക് പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്ക് ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്‍റെ മക്കളേ അതു വേണ്ട, യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്തു ഞാൻ വളരെ വ്യസനിക്കുന്നു.”

14 അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു. ഓർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു.

15 അപ്പോൾ അവൾ: “നിന്‍റെ സഹോദരി തന്‍റെ ജനത്തിന്‍റെയും തന്‍റെ ദേവന്മാരുടെയും അടുക്കൽ മടങ്ങിപ്പോയല്ലോ, നീയും അങ്ങനെ തന്നെ പൊയ്ക്കൊൾക” എന്നു പറഞ്ഞു.

16 അതിന് രൂത്ത്: “നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോട് പറയരുതേ, നീ പോകുന്നിടത്ത് ഞാനും പോകും, നീ പാർക്കുന്നേടത്ത് ഞാനും പാർക്കും, നിന്‍റെ ജനം എന്‍റെ ജനം, നിന്‍റെ ദൈവം എന്‍റെ ദൈവം.

17 നീ മരിച്ച് അടക്കപ്പെടുന്നേടത്ത് വരുംകാലത്ത് ഞാനും മരിച്ചു അടക്കപ്പെടും. മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ” എന്നു പറഞ്ഞു.

18 തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നത് മതിയാക്കി.

19 അങ്ങനെ അവർ രണ്ടുപേരും ബേത്‍ലേഹേമിൽ എത്തിച്ചേർന്നു. അപ്പോൾ പട്ടണത്തിലുള്ള ജനം മുഴുവനും അവരെ കണ്ടു അതിശയിച്ചു. ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

20 അവൾ അവരോടു പറഞ്ഞത്: “നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ, സർവ്വശക്തൻ എന്നോട് ഏറ്റവും കയ്പായി ഇടപെട്ടിരിക്കുന്നു.

21 ഞാൻ എല്ലാം ഉള്ളവളായി പോയി, ഒന്നുമില്ലാത്തവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു. യഹോവ എനിക്ക് വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്?”

22 ഇങ്ങനെ നൊവൊമിയും മോവാബ്യസ്ത്രീയായ രൂത്ത് എന്ന മരുമകളും കൂടി മോവാബ് ദേശത്തു നിന്നു യവക്കൊയ്ത്തിന്‍റെ ആരംഭത്തിൽ ബേത്‍ലേഹേമിൽ എത്തി.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan