Biblia Todo Logo
Bìoball air-loidhne

- Sanasan -

റോമർ 13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


അധികാരികളോടുള്ള കടമ

1 ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.

2 ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും.

3 ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും.

4 നിന്‍റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവൻ്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നെ.

5 അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

6 അധികാരികൾ ദൈവശുശ്രൂഷകന്മാരും ആ കാര്യം നിരന്തരമായി നോക്കുന്നവരുമാകുന്നതുകൊണ്ടു തന്നെ നിങ്ങൾ നികുതിയും കൊടുക്കുന്നു.

7 എല്ലാവർക്കും കടമായുള്ളത് കൊടുക്കുവിൻ; നികുതി കൊടുക്കണ്ടവന് നികുതി; ചുങ്കം കൊടുക്കണ്ടവന് ചുങ്കം; ഭയം കാണിക്കേണ്ടവന് ഭയം; ബഹുമാനം കാണിക്കേണ്ടവന് ബഹുമാനം.

8 അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അയൽക്കാരനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.

9 വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്, എന്നുള്ളതും മറ്റു ഏത് കല്പനയും “നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്ക” എന്ന വാക്യത്തിൽ സംക്ഷേപിച്ചിരിക്കുന്നു.

10 സ്നേഹം അയൽക്കാരന് ദോഷം പ്രവർത്തിക്കുന്നില്ല; അതുകൊണ്ട് സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നെ.

11 ഇതു ചെയ്യേണ്ടത്, ഉറക്കത്തിൽനിന്ന് ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറിയുകയാൽ തന്നെ; നാം ആദ്യം വിശ്വസിച്ച സമയത്തേക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.

12 രാത്രി കഴിയാറായി, പകൽ അടുത്തിരിക്കുന്നു; അതുകൊണ്ട് നമുക്ക് ഇരുട്ടിൻ്റെ പ്രവൃത്തികളെ മാറ്റിവെച്ച്, വെളിച്ചത്തിൻ്റെ ആയുധവർഗ്ഗം ധരിക്കാം.

13 പകൽ സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.

14 കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. ജഡത്തിനോ, അതിന്‍റെ മോഹങ്ങൾക്ക് അവസരം കൊടുക്കരുത്.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan