Biblia Todo Logo
Bìoball air-loidhne

- Sanasan -

വെളിപ്പാട് 2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


എഫെസൊസിലെ സഭയ്ക്കുള്ള സന്ദേശം

1 എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ട് ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്:

2 ഞാൻ നിന്‍റെ പ്രവൃത്തിയും കഠിനാദ്ധ്വാനവും സഹനവും കൊള്ളരുതാത്തവരെ നിനക്കു സഹിക്കുവാൻ കഴിയാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരിശോധിച്ച് കള്ളന്മാർ എന്നു കണ്ടെത്തിയതും അറിയുന്നു.

3 കൂടാതെ നിന്‍റെ സഹനശക്തിയും എന്‍റെ നാമംനിമിത്തം നീ അദ്ധ്വാനിച്ചതും ക്ഷീണിച്ചുപോകാഞ്ഞതും ഞാൻ അറിയുന്നു.

4 എങ്കിലും നിന്‍റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റം എനിക്ക് നിന്നെക്കുറിച്ച് പറയുവാനുണ്ട്.

5 അതുകൊണ്ട് നീ എവിടെനിന്ന് വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്യുക; അല്ലെങ്കിൽ ഞാൻ നിന്‍റെ അടുക്കൽ വേഗം വരുകയും, നീ മാനസാന്തരപ്പെടാഞ്ഞതിനാൽ നിന്‍റെ നിലവിളക്ക് അതിന്‍റെ സ്ഥാനത്തുനിന്ന് നീക്കി കളയുകയും ചെയ്യും.

6 എങ്കിലും നിക്കൊലാവ്യരുടെ പ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.

7 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്‍റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിൻ്റെ ഫലം ഭക്ഷിക്കുവാൻ കൊടുക്കും.


സ്മുർന്നയിലെ സഭയ്ക്കുള്ള സന്ദേശം

8 സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു എങ്കിലും വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നത്:

9 ഞാൻ നിന്‍റെ പ്രവൃത്തിയും കഷ്ടതയും ദാരിദ്ര്യവും — നീ സമ്പന്നനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ലാത്ത, സാത്താനെ അനുസരിക്കുന്നവരുടെ കൂട്ടരായ പള്ളിക്കാരായവരുടെ ദൈവദൂഷണവും അറിയുന്നു.

10 നീ സഹിക്കുവാനുള്ളതിനെ ഭയപ്പെടേണ്ടാ; ഇതാ; നിന്നെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിനക്കു ഉപദ്രവം ഉണ്ടാകും; മരണംവരെ വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.

11 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽ ദോഷം വരികയില്ല.


പെർഗ്ഗമൊസിലെ സഭയ്ക്കുള്ള സന്ദേശം

12 പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയുള്ള ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്:

13 നിന്‍റെ പ്രവൃത്തിയും നീ എവിടെ താമസിക്കുന്നു എന്നും അത് സാത്താന്‍റെ സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു; എന്നിട്ടും നീ എന്‍റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ താമസിക്കുന്നിടത്ത് തന്നെ, എന്‍റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസ് കൊല ചെയ്യപ്പെട്ട കാലത്തുപോലും നീ എന്നിലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.

14 എങ്കിലും നിന്നെക്കുറിച്ച് അല്പം കുറ്റം പറയുവാൻ എനിക്കുണ്ട്; യിസ്രായേൽ മക്കൾ വിഗ്രഹാർപ്പിതം ഭക്ഷിക്കേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ തടസ്സംവെപ്പാൻ ബാലാക്കിന് ഉപദേശിച്ചുകൊടുത്ത ബിലെയാമിന്‍റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്.

15 അതുപോലെ ഞാൻ വെറുക്കുന്ന നിക്കൊലാവ്യരുടെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിനക്കും ഉണ്ട്.

16 അതുകൊണ്ട് മാനസാന്തരപ്പെടുക; അല്ലാതിരുന്നാൽ ഞാൻ വേഗത്തിൽ വന്നു എന്‍റെ വായിൽനിന്നു വരുന്ന വാളുകൊണ്ടു അവർക്കെതിരെ യുദ്ധം ചെയ്യും.

17 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന തിന്മാൻ കൊടുക്കും; ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ മറ്റാരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ ഒരു നാമവും കൊടുക്കും.


തുയഥൈരയിലെ സഭയ്ക്കുള്ള സന്ദേശം

18 തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാല പോലെ കണ്ണും തേച്ചുമിനുക്കിയ വെള്ളോട്ടിന് സമമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്:

19 ഞാൻ നിന്‍റെ പ്രവൃത്തിയും നിന്‍റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനശക്തി എന്നിവയും നിന്‍റെ ഇപ്പോഴുള്ള പ്രവൃത്തി ആദ്യം ചെയ്തതിലും അധികമെന്നും അറിയുന്നു.

20 എങ്കിലും, നിനക്കെതിരെ ചിലത് പറയുവാനുണ്ട്; താൻ പ്രവാചകി എന്നു സ്വയം അവകാശപ്പെടുകയും എന്‍റെ ദാസന്മാരെ ദുർന്നടപ്പിൽ ഏർപ്പെടുവാനും വിഗ്രഹാർപ്പിതം ഭക്ഷിക്കുവാനും തക്കവണ്ണം വശീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു.

21 ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും അധാർമ്മികത വിട്ടു അവൾ മാനസാന്തരപ്പെട്ടില്ല.

22 ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും.

23 ഞാൻ അവളുടെ അനുയായികളെയും കൊന്നുകളയും; ഞാൻ മനസ്സിനേയും ഹൃദയവിചാരങ്ങളെയും ശോധന ചെയ്യുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവർത്തികൾക്കൊത്തവിധം ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും പകരം ചെയ്യും.

24 എന്നാൽ നിങ്ങളോടും, ഈ ഉപദേശം സ്വീകരിക്കാതെയും അവർ പറയുന്നത് പോലെ സാത്താനെക്കുറിച്ച് ആഴമായ കാര്യങ്ങൾ ഗ്രഹിക്കാതെയും ഇരിക്കുന്ന തുയഥൈരയിലെ ശേഷമുള്ളവരോടും മറ്റ് വലിയ ഭാരം ഒന്നുംതന്നെ ഞാൻ ചുമത്തുന്നില്ല.

25 എന്തുതന്നെ ആയാലും ഞാൻ വരുംവരെ നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾവിൻ.

26 ജയിക്കുകയും എന്‍റെ പ്രവൃത്തികളെ അവസാനത്തോളം കാത്തുകൊള്ളുകയും ചെയ്യുന്നവന് എന്‍റെ പിതാവിൽനിന്നും എനിക്ക് ലഭിച്ചതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും.

27 അവൻ ഇരുമ്പുചെങ്കോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവരെ ഉടച്ചുകളയും.

28 ഞാൻ അവനു ഉദയനക്ഷത്രവും കൊടുക്കും.

29 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan