Biblia Todo Logo
Bìoball air-loidhne

- Sanasan -

വെളിപ്പാട് 19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


സ്വർഗ്ഗത്തിൽ മഹാഘോഷം

1 ഈ സംഭവങ്ങൾക്ക് ശേഷം സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്‍റെ മഹാഘോഷം ഞാൻ കേട്ടു: “ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ബഹുമാനവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.

2 തന്‍റെ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യയെ അവൻ ന്യായം വിധിച്ചതുകൊണ്ട് അവന്‍റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവൾ ചൊരിഞ്ഞ അവന്‍റെ ദാസന്മാരുടെ രക്തത്തിന് അവൻ പ്രതികാരം ചെയ്തു.”

3 അവർ രണ്ടാം പ്രാവശ്യം, ഹല്ലെലൂയ്യാ! എന്നു പാടി. അവളിൽ നിന്നും പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരുന്നു.

4 ഇരുപത്തിനാല് മൂപ്പന്മാരും നാലു ജീവികളും, ‘ആമേൻ, ഹല്ലെലൂയ്യാ!’ എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.

5 അവന്‍റെ ദൈവത്തിന്‍റെ സകലദാസന്മാരും അവനെ ഭയപ്പെടുന്നവരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.

6 അപ്പോൾ വലിയ പുരുഷാരത്തിന്‍റെ ഘോഷംപോലെയും പെരുവെള്ളത്തിന്‍റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും പറയുന്നത് ഞാൻ കേട്ടു; ഹല്ലെലൂയ്യാ! പരിപൂർണ്ണാധികാരി ആയ ദൈവമായ കർത്താവ് വാഴുന്നു.

7 നമുക്ക് സന്തോഷിക്കാം, ആനന്ദിക്കാം അവനു ബഹുമാനം കൊടുക്കാം. കുഞ്ഞാടിൻ്റെ കല്യാണം വന്നിരിക്കുന്നു. അവന്‍റെ മണവാട്ടിയും തന്നെത്താൻ ഒരുങ്ങിയിരിക്കുന്നു.

8 അവളെ ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം കൊണ്ടു അലങ്കരിക്കുവാൻ അനുവാദം ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നെ.

9 അവൻ എന്നോട് പറഞ്ഞത്: ”ഇതു എഴുതുക, കുഞ്ഞാടിൻ്റെ കല്യാണസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; ഇതു ദൈവത്തിന്‍റെ സത്യവചനങ്ങൾ ആകുന്നു.” എന്നും അവൻ എന്നോട് പറഞ്ഞു.

10 ഞാൻ അവനെ നമസ്കരിക്കേണ്ടതിന് അവന്‍റെ കാല്ക്കൽ വീണു; എന്നാൽ അവൻ എന്നോട് പറഞ്ഞത്: “നീ അത് ചെയ്യരുത്; ഞാൻ നിനക്കും യേശുവിനെകുറിച്ചു സാക്ഷ്യം ഉള്ള നിന്‍റെ സഹോദരന്മാർക്കും കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക; പ്രവചനത്തിന്‍റെ ആത്മാവ് എന്നത് യേശുവിനെകുറിച്ചുള്ള സാക്ഷ്യം തന്നെ.”

11 പിന്നെ സ്വർഗ്ഗം തുറന്നിരിക്കുന്നത് ഞാൻ കണ്ടു; ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിര; അതിന്മേൽ ഇരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേർ, അവൻ നീതിയോടെ ന്യായം വിധിക്കുകയും പോരാടുകയും ചെയ്യുന്നു.

12 അവന്‍റെ കണ്ണ് അഗ്നിജ്വാലപോലെ; അവന്‍റെ തലയിൽ അനേകം കിരീടങ്ങൾ; അവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാതെ എഴുതപ്പെട്ടിട്ടുള്ള ഒരു നാമവും അവനുണ്ട്.

13 രക്തത്തിൽ മുക്കിയിരിക്കുന്ന ഒരു അങ്കിയും അവൻ ധരിച്ചിരിക്കുന്നു; ദൈവവചനം എന്നു അവനു പേർ പറയുന്നു.

14 സ്വർഗ്ഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരകളുടെ പുറത്തു അവനെ അനുഗമിച്ചു.

15 ജനതകളെ വെട്ടേണ്ടതിന് അവന്‍റെ വായിൽനിന്നു മൂർച്ചയുള്ള ഒരു വാള്‍ പുറപ്പെടുന്നു. ഇരുമ്പുകോൽ കൊണ്ടു അവൻ അവരെ ഭരിക്കും; സർവ്വശക്തനായ ദൈവത്തിന്‍റെ ക്രോധവും കോപാഗ്നിയുമായ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു.

16 രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്‍റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു.

17 ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശത്തുകൂടി പറക്കുന്ന സകല പക്ഷികളോടും: “ദൈവത്തിന്‍റെ വലിയ അത്താഴത്തിന് വന്നുകൂടുവിൻ,

18 രാജാക്കന്മാരുടെ മാംസവും സേനാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും അതിന്‍റെ പുറത്തു ഇരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും അടിമകളും ചെറിയവരും വലിയവരുമായ സകലമനുഷ്യരുടെയും മാംസവും ഭക്ഷിക്കുവിൻ” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

19 കുതിരപ്പുറത്തിരിക്കുന്നവനോടും അവന്‍റെ സൈന്യത്തോടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് കൂടിയത് ഞാൻ കണ്ടു.

20 മൃഗത്തെയും അതിന്‍റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്‍റെ മുദ്ര ഏല്പിക്കുകയും അതിന്‍റെ പ്രതിമയെ ആരാധിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ച് കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.

21 ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവൻ്റെ വായിൽനിന്നു പുറപ്പെട്ട വാളിനാൽ കൊല്ലപ്പെട്ടു, അവരുടെ മാംസം സകല പക്ഷികളും തിന്ന് തൃപ്തരായി.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan