വെളിപ്പാട് 18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംബാബേലിന്റെ പതനം 1 ഈ സംഭവങ്ങൾക്കുശേഷം വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു; അവന്‍റെ തേജസ്സിനാൽ ഭൂമി മുഴുവനും പ്രകാശിച്ചു. 2 അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: “വീണുപോയി! മഹതിയാം ബാബേല്‍ വീണുപോയി; അവൾ ഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും വാസസ്ഥലവും അശുദ്ധിയും അറപ്പുമുണ്ടാക്കുന്ന സകലപക്ഷികളുടെയും താവളവുമായിത്തീർന്നിരിക്കുന്നു. 3 അവളുടെമേൽ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചിരിക്കുന്നു; ഭൂമിയിലെ രാജാക്കന്മാർ അവളോട് വേശ്യാസംഗം ചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ അതിമോഹത്താൽ സമ്പന്നരായിത്തീർന്നു.” 4 പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടു: ”എന്‍റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നുംതന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ. 5 അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്. 6 അവൾ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങൾ അവൾക്കും പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിയിരട്ടിയായി പകരം കൊടുക്കുവിൻ; അവൾ നിറച്ചു തന്ന പാനപാത്രത്തിൽ തന്നെ അവൾക്ക് ഇരട്ടി നിറച്ചു കൊടുക്കുവിൻ; 7 അവൾ എത്രത്തോളം തന്നെത്താൻ പുകഴ്ത്തി മോഹപരവശയായി ജീവിച്ചുവോ, അത്രത്തോളം പീഢയും ദുഃഖവും അവൾക്ക് കൊടുക്കുവിൻ. രാജ്ഞിയായി ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖം കാണുകയില്ല എന്നു അവൾ ഹൃദയംകൊണ്ട് പറയുന്നു. 8 അതുകൊണ്ട് മരണം, വിലാപം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നെ വരും; അവളെ തീയിൽ ഇട്ടു നിശേഷം ചുട്ടുകളയും; അവളെ ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനല്ലോ.” 9 അവളോട് കൂടെ വേശ്യാസംഗം ചെയ്തു മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്‍റെ പുക കണ്ടു അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും. 10 അവളുടെ പീഢ കണ്ടു ഭയപ്പെട്ട് ദൂരെ നിന്നുകൊണ്ട്: ”മഹാനഗരമായ ബാബേലേ, ബലമേറിയ പട്ടണമേ, കഷ്ടം, കഷ്ടം!, ഒരു മണിക്കൂറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ” എന്നു പറയും 11 പൊന്നു, വെള്ളി, രത്നം, മുത്ത്, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ, 12 ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവകൊണ്ടുള്ള സകല സാമാനങ്ങളും, 13 ലവംഗം, സുഗന്ധദ്രവ്യങ്ങൾ, ലേപനങ്ങൾ, ധൂപവർഗ്ഗങ്ങൾ, വീഞ്ഞ്, എണ്ണ, നേരിയ മാവു, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, മാനുഷപ്രാണൻ എന്നിങ്ങനെ അവളുടെ ചരക്കുകൾ ഇനി ആരും വാങ്ങായ്കയാൽ ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരഞ്ഞു വിലപിക്കും. 14 നിന്‍റെ മുഴുശക്തിയോടെ നീ ഏറ്റവും കൊതിച്ച കായ്കനികൾ നിനക്കു നഷ്ടമായി; നിന്‍റെ സ്വാദിഷ്ട ഭോജ്യങ്ങളും അവയുടെ രുചിയും ഇല്ലാതെയായി; നീ ഇനി ഒരിക്കലും അവ കാണുകയില്ല. 15 ഈ സാധനങ്ങളെകൊണ്ട് അവളാൽ സമ്പന്നരായ വ്യാപാരികൾ അവളുടെ പീഢ കണ്ടു ഭയപ്പെട്ട് കരഞ്ഞും അലമുറയിട്ടും കൊണ്ടു ദൂരത്ത് മാറിനിൽക്കും. 16 നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞ മഹാനഗരമേ, കഷ്ടം, കഷ്ടം! ഇത്രവലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു അവർ പറയും. 17 എല്ലാ കപ്പിത്താന്മാരും ഓരോ ദിക്കിലേക്കും കപ്പലേറി പോകുന്നവരും നാവികരും കടലിൽ വ്യാപാരം ചെയ്യുന്നവരൊക്കെയും 18 ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്‍റെ പുക കണ്ടപ്പോൾ, ഈ മഹാനഗരത്തോട് തുല്യമായി മറ്റേത് നഗരം ഉണ്ട്? എന്നു നിലവിളിച്ചുപറഞ്ഞു. 19 അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: കടലിൽ കപ്പലുള്ളവർക്കെല്ലാം തന്‍റെ ധനത്താൽ സമ്പത്ത് വർദ്ധിപ്പിച്ച മഹാനഗരമേ, കഷ്ടം, കഷ്ടം! ഒറ്റ മണിക്കൂറുകൊണ്ടു അവൾ നശിച്ചുപോയല്ലോ എന്നു പറഞ്ഞ് അവർ വിലപിച്ചും നിലവിളിച്ചും കരഞ്ഞു. 20 സ്വർഗ്ഗമേ, വിശുദ്ധ അപ്പൊസ്തലന്മാരും പ്രവാചകന്മാരുമേ, ആനന്ദിക്ക! ദൈവം നിങ്ങൾക്കുവേണ്ടി അവളോട് പ്രതികാരം നടത്തിയല്ലോ. 21 പിന്നെ, ശക്തനായൊരു ദൂതൻ തിരികല്ല് പോലെ വലിയ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബേല്‍ എന്ന മഹാനഗരത്തെ ശക്തിയോടെ എറിഞ്ഞുകളയും; ഇനി അതിനെ ഒരിക്കലും കാണുകയില്ല. 22 വീണ വായിക്കുന്നവരുടെയും, സംഗീതക്കാരുടെയും, കുഴലൂത്തുകാരുടെയും, കാഹളക്കാരുടെയും സ്വരം നിന്നിൽ ഇനി ഒരിക്കലും കേൾക്കുകയില്ല; ഒരു തരത്തിലുമുള്ള കൗശലപ്പണിക്കാരും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്‍റെ ഒച്ച ഒരിക്കലും നിന്നിൽ കേൾക്കുകയുമില്ല. 23 വിളക്കിൻ്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളൻ്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്‍റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്‍റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു. 24 പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊല ചെയ്യപ്പെട്ട എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.