Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 69 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്‍റെ കഴുത്തോളം എത്തിയിരിക്കുന്നു.

2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്‍റെ മീതെ കവിഞ്ഞൊഴുകുന്നു.

3 എന്‍റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്‍റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്‍റെ കണ്ണ് മങ്ങിപ്പോകുന്നു.

4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്‍റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്‍റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.

5 ദൈവമേ, അവിടുന്ന് എന്‍റെ ഭോഷത്തം അറിയുന്നു; എന്‍റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല.

6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ, അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്‍റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്‍റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ എന്‍റെ നിമിത്തം നാണിച്ചുപോകരുതേ.

7 അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്‍റെ മുഖത്തെ മൂടിയിരിക്കുന്നു.

8 എന്‍റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്‍റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.

9 അങ്ങേയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെ മേൽ വീണിരിക്കുന്നു.

10 ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി. അതും എനിക്ക് നിന്ദയായി തീർന്നു;

11 ഞാൻ ചണവസ്ത്രം എന്‍റെ ഉടുപ്പാക്കി; ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.

12 പട്ടണവാതില്‍ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.

13 ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു; ദൈവമേ, അങ്ങേയുടെ ദയയുടെ ബഹുത്വത്താൽ, അങ്ങേയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.

14 ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കേണമേ.

15 ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.

16 യഹോവേ, എനിക്കുത്തരമരുളണമേ; അങ്ങേയുടെ ദയ നല്ലതല്ലോ; അങ്ങേയുടെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയേണമേ;

17 അടിയന് തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.

18 എന്‍റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; എന്‍റെ ശത്രുക്കൾ നിമിത്തം എന്നെ വീണ്ടെടുക്കണമേ.

19 എന്‍റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു; എന്‍റെ വൈരികൾ എല്ലാവരും അവിടുത്തെ ദൃഷ്ടിയിൽ ഇരിക്കുന്നു.

20 നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; ആർക്കെങ്കിലും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.

21 അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു; എന്‍റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു.

22 അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.

23 അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.

24 അവിടുത്തെ ക്രോധം അവരുടെ മേൽ പകരണമേ; അവിടുത്തെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.

25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.

26 അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; അവിടുന്ന് മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.

27 അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; അങ്ങേയുടെ നീതി അവർ പ്രാപിക്കരുതേ.

28 ജീവന്‍റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.

29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, അങ്ങേയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.

30 ഞാൻ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും.

31 അത് യഹോവയ്ക്ക് കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

32 സൗമ്യതയുള്ളവർ അത് കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.

33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്‍റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

34 ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവിടുത്തെ സ്തുതിക്കട്ടെ.

35 ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.

36 അവിടുത്തെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവിടുത്തെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan