Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 44 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ജനതയുടെ വിലാപം
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം.

1 ദൈവമേ, പൂർവ്വകാലത്ത് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ നാളുകളിൽ അവിടുന്ന് ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോട് വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു;

2 അങ്ങേയുടെ കൈകൊണ്ട് അവിടുന്ന് ജനതകളെ പുറത്താക്കി അവരെ നട്ടു; വംശങ്ങളെ നശിപ്പിച്ച്, അവരെ ദേശത്ത് സ്വതന്ത്രരായി വിട്ടു.

3 അവരുടെ വാളുകൾ കൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്; സ്വന്ത ഭുജബലം കൊണ്ടല്ല അവർ ജയം നേടിയത്; അങ്ങേയുടെ വലങ്കൈയ്യും അവിടുത്തെ ഭുജവും അവിടുത്തെ മുഖപ്രകാശവും കൊണ്ടാകുന്നു; അങ്ങേക്ക് അവരോട് പ്രിയമുണ്ടായിരുന്നുവല്ലോ.

4 ദൈവമേ, അവിടുന്ന് എന്‍റെ ദൈവവും രാജാവുമാകുന്നു; യാക്കോബിന് രക്ഷ ഉറപ്പാക്കണമേ.

5 അങ്ങയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ അവിടുത്തെ നാമത്തിൽ ചവിട്ടിക്കളയും.

6 ഞാൻ എന്‍റെ വില്ലിൽ ആശ്രയിക്കുകയില്ല; എന്‍റെ വാൾ എന്നെ രക്ഷിക്കുകയുമില്ല.

7 അങ്ങാകുന്നു ഞങ്ങളെ വൈരികളുടെ കയ്യിൽനിന്ന് രക്ഷിച്ചത്; ഞങ്ങളെ വെറുത്തവരെ അങ്ങ് ലജ്ജിപ്പിച്ചുമിരിക്കുന്നു;

8 ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; അവിടുത്തെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. സേലാ.

9 എന്നാൽ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞ് ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.

10 വൈരിയുടെ മുമ്പിൽ അവിടുന്ന് ഞങ്ങളെ പുറംതിരിഞ്ഞ് ഓടുമാറാക്കുന്നു; ഞങ്ങളെ പകക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.

11 ഭക്ഷണത്തിനുവേണ്ടി കൊല്ലുവാനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചിരിക്കുന്നു.

12 അങ്ങ് അവിടുത്തെ ജനത്തെ തുച്ഛമായ വിലയ്ക്ക് വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്ത് വർദ്ധിക്കുന്നതുമില്ല.

13 അങ്ങ് ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.

14 അങ്ങ് ജനതകളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ പരിഹാസത്തിനും വിഷയം ആക്കുന്നു.

15 നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്‍റെ വാക്കുകൾ ഹേതുവായും ശത്രുവിന്‍റെയും പ്രതികാരകൻ്റെയും നിമിത്തവും

16 ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു; ലജ്ജ എന്‍റെ മുഖത്തെ മൂടിയിരിക്കുന്നു.

17 ഇവയെല്ലാം ഞങ്ങൾക്ക് സംഭവിച്ചു എങ്കിലും ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല; അവിടുത്തെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.

18 അവിടുന്ന് ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളയുവാനും മരണത്തിന്‍റെ നിഴൽകൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം

19 ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ ഞങ്ങളുടെ കാലടികൾ അവിടുത്തെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.

20 ദൈവത്തിന്‍റെ നാമം ഞങ്ങൾ മറക്കുകയോ ഞങ്ങളുടെ കൈകൾ അന്യദൈവങ്ങളിലേക്ക് സഹായത്തിനായി നീട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ

21 ദൈവം അത് ശോധന ചെയ്യാതിരിക്കുമോ? കർത്താവ് ഹൃദയ രഹസ്യങ്ങൾ അറിയുന്നുവല്ലോ.

22 അങ്ങേയുടെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

23 കർത്താവേ, ഉണരണമേ; അങ്ങ് ഉറങ്ങുന്നത് എന്ത്? എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.

24 അങ്ങേയുടെ മുഖം മറയ്ക്കുന്നതും ഞങ്ങളുടെ കഷ്ടതയും പീഡയും മറന്നുകളയുന്നതും എന്ത്?

25 ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ ശരീരം നിലം പറ്റിയിരിക്കുന്നു.

26 ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കേണമേ; അങ്ങേയുടെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan