സങ്കീർത്തനങ്ങൾ 3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംപ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തിൽ ആശ്രയിക്കുക ദാവീദ് തന്‍റെ മകനായ അബ്ശാലോമിന്‍റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. 1 യഹോവേ, എന്‍റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു. 2 “അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്നു എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ 3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും എന്‍റെ മഹത്വവും എന്‍റെ തല ഉയർത്തുന്നവനും ആകുന്നു. 4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവിടുന്ന് തന്‍റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. 5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു. 6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. 7 യഹോവേ, എഴുന്നേല്ക്കേണമേ; എന്‍റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. അവിടുന്ന് എന്‍റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു. 8 ജയം യഹോവക്കുള്ളതാകുന്നു; അവിടുത്തെ അനുഗ്രഹം അങ്ങേയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.