സങ്കീർത്തനങ്ങൾ 29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംദാവീദിന്റെ ഒരു സങ്കീർത്തനം. 1 സ്വര്‍ഗീയ ദൂതന്മാരെ, യഹോവയ്ക്ക് കൊടുക്കുവിൻ, യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. 2 യഹോവയ്ക്ക് അവിടുത്തെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ. 3 യഹോവയുടെ ശബ്ദം സമുദ്രത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്ത്വത്തിന്‍റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. 4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. 6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. 7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. 8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 9 യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു; അത് വനങ്ങളെ തോലുരിക്കുന്നു; കർത്താവിന്‍റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്നു ചൊല്ലുന്നു. 10 യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. 11 യഹോവ തന്‍റെ ജനത്തിന് ശക്തി നല്കും; യഹോവ തന്‍റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.