Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ഭക്തന്‍റെ വേദനയും പ്രത്യാശയും
സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻപേട എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?

2 എന്‍റെ ദൈവമേ, ഞാൻ പകൽ സമയത്ത് നിലവിളിക്കുന്നു; എങ്കിലും അവിടുന്ന് ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.

3 യിസ്രായേലിന്‍റെ സ്തുതികളിൽ വസിക്കുന്നവനേ, അവിടുന്ന് പരിശുദ്ധനാകുന്നുവല്ലോ.

4 ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു; അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു.

5 അവർ അങ്ങേയോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; അങ്ങയെ അവർ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.

6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.

7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തലകുലുക്കി പറയുന്നു:

8 “യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്കുക! അവിടുന്ന് നിന്നെ രക്ഷിക്കട്ടെ! അവിടുന്ന് നിന്നെ വിടുവിക്കട്ടെ! അവിടുത്തേക്ക് നിന്നിൽ പ്രസാദമുണ്ടല്ലോ.”

9 അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; എന്‍റെ അമ്മയുടെ മുല കുടിക്കുമ്പോൾ അവിടുന്ന് എന്നെ അങ്ങയിൽ ആശ്രയിക്കുമാറാക്കി.

10 ജനിച്ച ഉടൻ തന്നെ ഞാൻ അങ്ങയിൽ ഏല്പിക്കപ്പെട്ടു; എന്‍റെ അമ്മയുടെ ഉദരംമുതൽ അവിടുന്ന് എന്‍റെ ദൈവം.

11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.

12 അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്‍റെ നേരെ വായ് പിളർക്കുന്നു.

14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്‍റെ ഹൃദയം മെഴുകുപോലെ ആയി; എന്‍റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.

15 എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്‍റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. അങ്ങ് എന്നെ മരണത്തിന്‍റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു.

17 എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; അവർ എന്നെ തുറിച്ച് നോക്കുന്നു.

18 എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

19 അവിടുന്ന് അകന്നിരിക്കരുതേ; എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.

20 വാളിൽനിന്ന് എന്‍റെ പ്രാണനെയും നായയുടെ കയ്യിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ.

21 സിംഹത്തിന്‍റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ അവിടുന്ന് എന്നെ രക്ഷിക്കുന്നു.

22 ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും.

23 യഹോവാഭക്തന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ; യാക്കോബിന്‍റെ സകലസന്തതികളുമേ, അവിടുത്തെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്‍റെ സർവ്വസന്തതികളുമേ, കർത്താവിനെ ഭയപ്പെടുവിൻ.

24 അരിഷ്ടന്‍റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല; തന്‍റെ മുഖം അവന് മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.

25 മഹാസഭയിൽ എന്‍റെ പ്രശംസ അങ്ങയെക്കുറിച്ചാകുന്നു. കർത്താവിന്‍റെ ഭക്തന്മാരുടെ കൺമുമ്പിൽ ഞാൻ എന്‍റെ നേർച്ചകൾ കഴിക്കും.

26 എളിയവർ ഭക്ഷിച്ച് തൃപ്തരാകും; യഹോവയെ അന്വേഷിക്കുന്നവർ അവിടുത്തെ സ്തുതിക്കും. അവരുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.

27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകലവംശങ്ങളും അവന്‍റെ മുൻപാകെ നമസ്കരിക്കും.

28 രാജത്വം യഹോവയ്ക്കുള്ളതല്ലയോ; അവിടുന്ന് ജനതയെ ഭരിക്കുന്നു.

29 ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും; തന്‍റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവിടുത്തെ മുൻപാകെ കുമ്പിടും.

30 വരുവാനുള്ള ഒരു സന്തതി അങ്ങയെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും.

31 അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട്, “കർത്താവ് ഇത് നിവർത്തിച്ചിരിക്കുന്നു” എന്നു അവിടുത്തെ നീതിയെ വർണ്ണിക്കും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan