സങ്കീർത്തനങ്ങൾ 21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംവിജയം നല്‌കിയതിനുള്ള കൃതജ്ഞത സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം. 1 യഹോവേ, രാജാവ് അങ്ങേയുടെ ബലത്തിൽ സന്തോഷിക്കുന്നു; അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. 2 അവന്‍റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി; അവന്‍റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ. 3 സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്, തങ്കക്കിരീടം അവന്‍റെ തലയിൽ വയ്ക്കുന്നു. 4 അവൻ അങ്ങേയോട് ജീവൻ ചോദിച്ചു; അവിടുന്ന് അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ. 5 അങ്ങേയുടെ സഹായത്താൽ അവന്‍റെ മഹത്വം വർദ്ധിച്ചു; ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു. 6 അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. 7 രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്‍റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും. 8 അങ്ങേയുടെ കൈ അങ്ങേയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും; അങ്ങേയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും. 9 അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും; യഹോവ തന്‍റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും. 10 അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. 11 അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു; അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു. 12 അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. 13 യഹോവേ, അങ്ങേയുടെ ശക്തിയിൽ ഉയർന്നിരിക്കണമേ; ഞങ്ങൾ പാടി അങ്ങേയുടെ ബലത്തെ സ്തുതിക്കും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.