Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 107 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


അഞ്ചാം പുസ്തകം ദൈവത്തിന്‍റെ പരിപാലനം

1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ അവിടുത്തെ ദയ എന്നേക്കുമുള്ളത്!

2 യഹോവ വൈരിയുടെ കയ്യിൽനിന്ന് വീണ്ടെടുക്കുകയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള

3 ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ കർത്താവിന്‍റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.

4 അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.

5 അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.

6 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.

7 അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് ദൈവം അവരെ ശരിയായ വഴിയിൽ നടത്തി.

8 അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

9 കർത്താവ് ആർത്തിയുള്ളവന് തൃപ്തി വരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.

10 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ ഇരുളിലും അന്ധതമസ്സിലും ഇരുന്നു.

11 അവർ ദൈവത്തിന്‍റെ വചനങ്ങളോട് മത്സരിക്കുകയും അത്യുന്നതനായ ദൈവത്തിന്‍റെ ആലോചന നിരസിക്കുകയും ചെയ്തു.

12 അവരുടെ ഹൃദയത്തെ ദൈവം കഷ്ടതകൊണ്ട് താഴ്ത്തി; അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.

13 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; ദൈവം അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.

14 ദൈവം അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു.

15 അവർ യഹോവയെ, അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

16 ദൈവം താമ്രകതകുകൾ തകർത്തു, ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു.

17 ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.

18 അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു.

19 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.

20 ദൈവം തന്‍റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.

21 അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

22 അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും സംഗീതത്തോടുകൂടി ദൈവത്തിന്‍റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ.

23 കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,

24 അവർ യഹോവയുടെ പ്രവൃത്തികളും ആഴിയിൽ കർത്താവിന്‍റെ അത്ഭുതങ്ങളും കണ്ടു.

25 അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി.

26 അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ ധൈര്യം കഷ്ടത്താൽ ഉരുകിപ്പോയി.

27 അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി കെട്ടുപോയിരുന്നു.

28 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്ന് വിടുവിച്ചു.

29 ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി; സമുദ്രത്തിലെ തിരമാലകൾ അടങ്ങി.

30 ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് കർത്താവ് അവരെ എത്തിച്ചു.

31 അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

32 അവർ ജനത്തിന്‍റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവിടുത്തെ സ്തുതിക്കുകയും ചെയ്യട്ടെ.

33 നിവാസികളുടെ ദുഷ്ടതനിമിത്തം ദൈവം നദികളെ മരുഭൂമിയും

34 നീരുറവുകളെ വരണ്ടനിലവും ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി.

35 ദൈവം മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.

36 വിശന്നവരെ അവിടുന്ന് അവിടെ താമസിപ്പിച്ചു; അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും

37 നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.

38 ദൈവം അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവിടുന്ന് ഇട വരുത്തിയില്ല.

39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.

40 ദൈവം ശത്രുക്കളെ ഭരിക്കുന്നവരുടെ മേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരാക്കുകയും ചെയ്യുന്നു.

41 കർത്താവ് ദരിദ്രനെ പീഡയിൽനിന്നുയർത്തി അവന്‍റെ കുലങ്ങളെ ആട്ടിൻകൂട്ടംപോലെ ആക്കി.

42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ എല്ലാവരും വായ് പൊത്തും.

43 ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan