Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 104 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


സ്രഷ്ടാവിനെ സ്തുതിപ്പിന്‍

1 എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു;

2 വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു; തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു.

3 ദൈവം തന്‍റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്‍റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.

4 യഹോവ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു.

5 അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.

6 അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.

7 അവ അങ്ങേയുടെ ശാസനയാൽ ഓടിപ്പോയി; അങ്ങേയുടെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി

8 മലകൾ പൊങ്ങി, താഴ്വരകൾ താണു അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;

9 ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് അങ്ങ് അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര്‍ ഇട്ടു.

10 ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.

11 അവയിൽ നിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;

12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.

13 ദൈവം ആകശത്തില്‍ നിന്ന് മലകളെ നനയ്ക്കുന്നു; ഭൂമിക്ക് അങ്ങേയുടെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.

14 അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;

15 ദൈവം ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്‍റെ മുഖം മിനുക്കുവാൻ എണ്ണയും മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

16 യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; കർത്താവ് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.

17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.

18 ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.

19 കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്‍റെ അസ്തമയം അറിയുന്നു.

20 അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.

21 ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.

22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.

23 മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ.

24 യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; ഭൂമി അങ്ങേയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.

25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.

26 അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.

27 തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു.

28 അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.

29 തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;

30 അങ്ങ് അങ്ങേയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു.

31 യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ; യഹോവ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.

32 കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു.

33 എന്‍റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിന് കീർത്തനം പാടും.

34 എന്‍റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.

35 പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിക്കുവിൻ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan