Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ജ്ഞാനത്തെ പ്രകീർത്തിക്കുന്നു

1 ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്‍റെ സ്വരം ഉയർത്തുന്നില്ലയോ?

2 അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു.

3 അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:

4 “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു; എന്‍റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു.

5 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.

6 കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; എന്‍റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും.

7 എന്‍റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്‍റെ അധരങ്ങൾക്ക് അറപ്പാകുന്നു.

8 എന്‍റെ വായിലെ മൊഴി സകലവും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല.

9 അവയെല്ലാം ബുദ്ധിമാന് തെളിവും പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു.

10 വെള്ളിയെക്കാൾ എന്‍റെ പ്രബോധനവും മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ.

11 ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.

12 ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു.

13 യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകക്കുന്നു.

14 ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്.

15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതി നടത്തുന്നു.

16 ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.

18 എന്‍റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്.

19 എന്‍റെ ഫലം പൊന്നിലും തങ്കത്തിലും എന്‍റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്.

20 എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന്

21 ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു.

22 യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

23 ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു.

24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ.

25 പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.

26 അവിടുന്ന് ഭൂമിയെയും വയലുകളെയും ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ.

27 അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവിടുന്ന് ആഴത്തിന്‍റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും

28 അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്‍റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും

29 വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

30 ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു.

31 അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു.

32 ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.

33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ; അതിനെ ത്യജിച്ചുകളയരുത്.

34 ദിവസംപ്രതി എന്‍റെ പടിവാതില്ക്കൽ ജാഗരിച്ചും എന്‍റെ വാതില്ക്കൽ കാത്തുകൊണ്ടും എന്‍റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

35 എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

36 എന്നോട് പാപം ചെയ്യുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan