സദൃശവാക്യങ്ങൾ 6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംമുന്നറിയിപ്പുകൾ 1 മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ അന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, 2 നിന്‍റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; നിന്‍റെ വായിലെ മൊഴികളാൽ നീ കെണിയിലായി. 3 ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; കൂട്ടുകാരന്‍റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. 4 നിന്‍റെ കണ്ണിന് ഉറക്കവും നിന്‍റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. 5 മാൻ നായാട്ടുകാരന്‍റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്‍റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക, 6 മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. 7 അതിന് നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും 8 വേനല്ക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്‍റെ ഭക്ഷണം ശേഖരിക്കുന്നു. 9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? 10 കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടപ്പ്. 11 അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും. 12 നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. 13 അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ടു തോണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. 14 അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്‌പ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. 15 അതുകൊണ്ട് അവന്‍റെ ആപത്ത് പെട്ടെന്ന് വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല. 16 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു: 17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും 19 ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ. വ്യഭിചാരത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് 20 മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. 21 അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. 22 നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. 23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു. 24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. 25 അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തിൽ മോഹിക്കരുത്; അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്. 26 വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. 27 ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ? 28 ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? 29 കൂട്ടുകാരന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല. 30 കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ ആരും അവനെ നിന്ദിക്കുന്നില്ല. 31 അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം; തന്‍റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം; 32 സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. 33 പ്രഹരവും അപമാനവും അവനു ലഭിക്കും; അവന്‍റെ നിന്ദ മാഞ്ഞുപോകുകയുമില്ല. 34 ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല. 35 അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.