Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ജ്ഞാനത്തിന്‍റെ നേട്ടങ്ങൾ

1 മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.

2 ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്‍റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.

3 ഞാൻ എന്‍റെ അപ്പന് മകനും എന്‍റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;

4 അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: “എന്‍റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; എന്‍റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.

5 ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; എന്‍റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.

6 അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും;

7 ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.

8 അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അത് നിനക്കു മാനം വരുത്തും.

9 അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

10 മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.

11 ജ്ഞാനത്തിന്‍റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

12 നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.

13 പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ.

14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്;

15 അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോകുക.

16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.

17 ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്‍റെ വീഞ്ഞ് അവർ പാനംചെയ്യുന്നു.

18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.

19 ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല.

20 മകനേ, എന്‍റെ വചനങ്ങൾക്ക് ശ്രദ്ധതരിക; എന്‍റെ മൊഴികൾക്ക് നിന്‍റെ ചെവിചായിക്കുക.

21 അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.

22 അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.

23 സകലജാഗ്രതയോടുംകൂടി നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്‍റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.

24 വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.

25 നിന്‍റെ കണ്ണ് നേരെ നോക്കട്ടെ; നിന്‍റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.

26 നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്‍റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan