Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ലെമൂവേൽ രാജാവിന്‍റെ വചനങ്ങൾ

1 ലെമൂവേൽ രാജാവിന്‍റെ വചനങ്ങൾ; അവന്‍റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാടു.

2 മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? എന്‍റെ നേർച്ചകളുടെ മകനേ, എന്ത്?

3 സ്ത്രീകൾക്ക് നിന്‍റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്‍റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.

4 വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല; ലെമൂവേലേ, രാജാക്കന്മാർക്ക് അത് ചേർന്നതല്ല; മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല.

5 അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്.

6 നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക.

7 അവൻ മദ്യപിച്ചിട്ട്, തന്‍റെ ദാരിദ്ര്യം മറക്കുകയും തന്‍റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.

8 ഊമനു വേണ്ടി നിന്‍റെ വായ് തുറക്കുക; ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.

9 നിന്‍റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.


സാമർത്ഥ്യമുള്ള ഭാര്യ

10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? അവളുടെ വില മുത്തുകളിലും ഏറിയത്.

11 ഭർത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്‍റെ ലാഭത്തിന് ഒരു കുറവുമില്ല.

12 അവൾ തന്‍റെ ആയുഷ്ക്കാലമൊക്കെയും അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.

13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച് താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു.

14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.

15 അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു.

16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു; സമ്പാദ്യം കൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.

17 അവൾ ബലംകൊണ്ട് അരമുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു.

18 തന്‍റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.

19 അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു; അവളുടെ വിരൽ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്‌ക്കുന്നു.

20 അവൾ തന്‍റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു.

21 തന്‍റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ.

22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.

23 ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതില്‍ക്കൽ പ്രസിദ്ധനാകുന്നു.

24 അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

25 ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്തു അവൾ പുഞ്ചിരി തൂകുന്നു.

26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.

27 വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

28 അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്:

29 “അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.”

30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31 അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്‍ക്കൽ അവളെ പ്രശംസിക്കട്ടെ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan