സദൃശവാക്യങ്ങൾ 30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംആഗൂരിന്റെ വചനങ്ങൾ 1 യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷൻ പ്രസ്താവിച്ചത്: “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു. 2 ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; മാനുഷീകബുദ്ധി എനിക്കില്ല; 3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്‍റെ പരിജ്ഞാനം എനിക്കില്ല. 4 സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്‍? കാറ്റിനെ തന്‍റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്‍? വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്‍? അവന്‍റെ പേരെന്ത്? അവന്‍റെ മകന്‍റെ പേരെന്ത്? നിനക്കറിയാമോ? 5 ദൈവത്തിന്‍റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ. 6 അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്; അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇടവരരുത്. 7 രണ്ടു കാര്യം ഞാൻ അങ്ങേയോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ; 8 വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ. 9 ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്‍? എന്നു അങ്ങയെ നിഷേധിക്കുവാനും ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്‍റെ ദൈവത്തിന്‍റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ. 10 ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്; അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്. 11 അപ്പനെ ശപിക്കുകയും അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ! 12 തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ! 13 അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു - 14 എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ! 15 കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; ‘മതി’ എന്നു പറയാത്തത് നാലുണ്ട്: 16 പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും ‘മതി’ എന്നു പറയാത്ത തീയും തന്നെ. 17 അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും കഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും. 18 എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്: 19 ആകാശത്ത് കഴുകന്‍റെ വഴിയും പാറമേൽ സർപ്പത്തിന്‍റെ വഴിയും സമുദ്രമദ്ധ്യത്തിൽ കപ്പലിന്‍റെ വഴിയും കന്യകയോടുകൂടി പുരുഷന്‍റെ വഴിയും തന്നെ. 20 വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: അവൾ തിന്നു വായ് തുടച്ചിട്ട്, ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു. 21 മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ: 22 ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവും ഭോഷൻ തിന്ന് തൃപ്തനായാൽ അവന്‍റെ നിമിത്തവും 23 വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. 24 ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്: 25 ഉറുമ്പ് ബലഹീനജാതി എങ്കിലും അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു. 26 കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. 27 വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. 28 പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു. 29 ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്; ചന്തമായി നടക്കുന്നത് നാലുണ്ട്: 30 മൃഗങ്ങളിൽ ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ സിംഹവും 31 ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ. 32 നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക. 33 പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.