Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാർ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.

2 ദേശത്തിലെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ അനേകം പേരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരം അതിന്‍റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.

3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവ് ശേഷിപ്പിക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

4 ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തുനില്ക്കുന്നു.

5 ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

6 തന്‍റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

7 ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; ഭോജനപ്രിയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു.

8 പലിശയും ലാഭവും വാങ്ങി സമ്പത്ത് വർദ്ധിപ്പിക്കുന്നവൻ അഗതികളോട് കൃപാലുവായവനു വേണ്ടി അത് ശേഖരിക്കുന്നു.

9 ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്‍റെ പ്രാർത്ഥന പോലും വെറുപ്പാകുന്നു.

10 നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്ക് തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽതന്നെ വീഴും; നിഷ്കളങ്കരായവർ നന്മ അവകാശമാക്കും.

11 ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതി അവനെ ശോധനചെയ്യുന്നു.

12 നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം; ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു.

13 തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.

14 എപ്പോഴും ദോഷം ചെയ്യുവാന്‍ ഭയപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവൻ അനർത്ഥത്തിൽ അകപ്പെടും.

15 അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.

16 ബുദ്ധിഹീനനായ പ്രഭു മഹാപീഡകൻ ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവൻ ദീർഘായുസ്സോടെ ഇരിക്കും.

17 രക്തച്ചൊരിച്ചിലിന്‍റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേക്ക് ബദ്ധപ്പെടും; അവനെ ആരും തുണയ്ക്കരുത്.

18 നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും; നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്ന് വീഴും.

19 നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

20 വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.

21 പക്ഷപാതം കാണിക്കുന്നത് നല്ലതല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും.

22 ദുഷ്ടകണ്ണുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല.

23 ചക്കരവാക്ക് പറയുന്നവനെക്കാൾ ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും.

24 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് ‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്‍റെ സഖി.

25 അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും.

26 സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവൻ സുരക്ഷിതനായിരിക്കും.

27 ദരിദ്രനു കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല; ദരിദ്രനു നേരെ കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും.

28 ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു; അവർ നശിക്കുമ്പോൾ നീതിമാന്മാർ വർദ്ധിക്കുന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan