സദൃശവാക്യങ്ങൾ 19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. 2 പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല; തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു. 3 മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു; അവന്‍റെ ഹൃദയം യഹോവയോട് കോപിക്കുന്നു. 4 സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവന്‍റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു. 5 കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. 6 പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. 7 ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകക്കുന്നു; അവന്‍റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു. 8 ബുദ്ധി സമ്പാദിക്കുന്നവൻ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു; വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. 9 കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. 10 സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും? 11 വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം. 12 രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. 13 മൂഢനായ മകൻ അപ്പന് നിർഭാഗ്യം; ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. 14 ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. 15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും. 16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും. 17 എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും. 18 പ്രത്യാശയുള്ളേടത്തോളം നിന്‍റെ മകനെ ശിക്ഷിക്കുക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്. 19 മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും. 20 പില്‍ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ടു പ്രബോധനം കൈക്കൊള്ളുക. 21 മനുഷ്യന്‍റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും. 22 ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്. ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ. 23 യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന് നേരിടുകയില്ല. 24 മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല. 25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും. 26 അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു. 27 മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ നീ പരിജ്ഞാനത്തിന്‍റെ വചനങ്ങളിൽ നിന്ന് അകന്നുപോകും. 28 അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു. 29 പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.