Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.

2 നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.

3 ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.

4 കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.

5 വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു.

6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.

7 മൂഢന്‍റെ മുമ്പിൽനിന്ന് മാറിപ്പോകുക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.

8 വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.

9 ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.

10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.

11 ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; നീതിമാന്‍റെ കൂടാരമോ തഴയ്ക്കും.

12 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്‍റെ അവസാനം മരണവഴികൾ അത്രേ.

13 ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്‍റെ അവസാനം ദുഃഖമായിരിക്കാം.

14 ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും.

15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.

16 ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.

17 മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും.

18 അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

19 ദുർജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു.

20 ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.

21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ.

22 ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.

23 എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.

24 ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.

25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു.

26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും.

27 യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും.

28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം.

29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.

30 ശാന്തമനസ്സ് ദേഹത്തിന് ജീവൻ; അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.

31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.

32 ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു.

33 വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.

34 നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതക്ക് അപമാനം.

35 ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവൻ അവന്‍റെ കോപത്തെ നേരിടും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan