Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ശലോമോന്‍റെ സദൃശവാക്യങ്ങൾ

1 ശലോമോന്‍റെ സദൃശവാക്യങ്ങൾ: ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു.

2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.

3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു.

4 മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.

5 വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ.

6 നീതിമാന്‍റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.

7 നീതിമാന്‍റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും.

8 ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; വിവേകശൂന്യനായ ഭോഷനോ വീണുപോകും.

9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും.

10 കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

11 നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു.

12 പക വഴക്കുകൾക്ക് കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.

13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും.

14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്‍റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.

15 ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.

16 നീതിമാന്‍റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്‍റെ ആദായം പാപകാരണവും ആകുന്നു.

17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു;

18 പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ.

19 വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.

20 നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

21 നീതിമാന്‍റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.

22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.

23 ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.

24 ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

25 ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.

26 ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്.

27 യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും.

28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും.

29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.

30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.

31 നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും.

32 നീതിമാന്‍റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan