Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


മിദ്യാന്യരോടു പ്രതികാരം നടത്തുന്നു

1 അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്:

2 “യിസ്രായേൽ മക്കൾക്ക് വേണ്ടി മിദ്യാന്യരോട് പ്രതികാരം നടത്തുക; അതിന്‍റെശേഷം നീ നിന്‍റെ ജനത്തോട് ചേരും.”

3 അപ്പോൾ മോശെ ജനത്തോട് സംസാരിച്ചു: “മിദ്യാന്യരുടെ നേരെ പുറപ്പെട്ടു, യഹോവയ്ക്കുവേണ്ടി അവരോട് പ്രതികാരം നടത്തേണ്ടതിന് നിങ്ങളിൽനിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിൻ.

4 നിങ്ങൾ യിസ്രായേലിന്‍റെ ഓരോ ഗോത്രത്തിൽനിന്നും ആയിരം (1,000) പേരെ വീതം യുദ്ധത്തിന് അയയ്ക്കേണം” എന്നു പറഞ്ഞു.

5 അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽ നിന്ന് ഓരോ ഗോത്രത്തിൽ ആയിരം (1,000) പേർ വീതം പന്തീരായിരം (12,000) പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.

6 മോശെ, ഓരോ ഗോത്രത്തിൽനിന്ന് ആയിരം (1,000) പേർ വീതം വേർതിരിച്ചവരെയും പുരോഹിതനായ എലെയാസാരിന്‍റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന് അയച്ചു; അവന്‍റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.

7 യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ മിദ്യാന്യരോട് യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.

8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്‍റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ട് കൊന്നു.

9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സകലസമ്പത്തും കൊള്ളയിട്ടു.

10 അവർ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ട് ചുട്ടുകളഞ്ഞു.

11 അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായ കവർച്ചവസ്തുക്കളൊക്കെയും എടുത്തു;

12 ബദ്ധന്മാരെ കവർച്ചയോടും കൊള്ളയോടുംകൂടെ യെരീഹോവിന്‍റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽ പാളയത്തിലേക്ക്, മോശെയുടെയും പുരോഹിതനായ എലെയാസരിന്‍റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.

13 മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന് പുറത്ത് അവരെ എതിരേറ്റു ചെന്നു.

14 എന്നാൽ മോശെ യുദ്ധത്തിൽ നിന്ന് മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോട് കോപിച്ച് സംസാരിച്ചു:

15 “നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു.

16 പെയോരിൻ്റെ സംഗതിയിൽ ബിലെയാമിന്‍റെ ഉപദേശത്താൽ യിസ്രായേൽ മക്കൾ യഹോവയോട് ദ്രോഹം ചെയ്യുവാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാകുവാനും ഇടയാക്കിയത് ഇവരാണ്.

17 ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടി ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളയുവിൻ.

18 പുരുഷനോടുകൂടി ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുവിൻ.

19 നിങ്ങൾ ഏഴു ദിവസം പാളയത്തിന് പുറത്ത് വസിക്കേണം; ഒരുവനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും അവരെയും അവരുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.

20 സകലവസ്ത്രവും തോൽകൊണ്ടും കോലാട്ടുരോമംകൊണ്ടും ഉണ്ടാക്കിയതും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിക്കുവിൻ.”

21 പുരോഹിതനായ എലെയാസാർ യുദ്ധത്തിന് പോയിരുന്ന യോദ്ധാക്കളോട് പറഞ്ഞത്: “യഹോവ മോശെയോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണം ഇതാണ്:

22 ‘പൊന്ന്, വെള്ളി, ചെമ്പ്, ഇരിമ്പ്,

23 വെള്ളീയം, കാരീയം, മുതലായ തീയിൽ നശിച്ചുപോകാത്ത സാധനങ്ങളെല്ലാം തീയിൽ ഇട്ടെടുക്കണം; എന്നാൽ അത് ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അത് ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കണം.

24 ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്ക് പാളയത്തിലേക്ക് വരാം.”


കൊള്ളമുതൽ പങ്കിടുന്നു

25 പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:

26 നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം നോക്കി

27 പടക്കുപോയ യോദ്ധാക്കൾക്കും സഭയ്ക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിക്കുവിൻ.

28 യുദ്ധത്തിന് പോയ യോദ്ധാക്കളോട് മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങേണം.

29 അവർക്കുള്ള പകുതിയിൽനിന്ന് അത് എടുത്ത് യഹോവയ്ക്ക് ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന് കൊടുക്കേണം.

30 എന്നാൽ യിസ്രായേൽമക്കൾക്കുള്ള പകുതിയിൽനിന്ന് മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധമൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവയുടെ തിരുനിവാസത്തിൽ വേലചെയ്യുന്ന ലേവ്യർക്ക് കൊടുക്കേണം.”

31 യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.

32 യോദ്ധാക്കൾ കൈവശമാക്കിയതിന് പുറമെയുള്ള കൊള്ള ആറു ലക്ഷത്തി എഴുപത്തി അയ്യായിരം (6,75,000) ആടുകളും

33 എഴുപത്തി രണ്ടായിരം (72,000) മാടും

34 അറുപത്തിഒന്ന് ആയിരം (61,000) കഴുതകളും

35 പുരുഷനോടുകൂടി ശയിക്കാത്ത സ്ത്രീകൾ എല്ലാവരുംകൂടി മുപ്പത്തി രണ്ടായിരം (32,000) പേരും ആയിരുന്നു.

36 യുദ്ധത്തിന് പോയവരുടെ ഓഹരിക്കുള്ള പകുതിയിൽ ആടുകൾ മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് (3,37,500).

37 ആടുകളിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച് (675);

38 കന്നുകാലികൾ മുപ്പത്താറായിരം (36,000); അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്;

39 കഴുതകൾ മുപ്പതിനായിരത്തഞ്ഞൂറ് (30,500); അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്ന്;

40 ആളുകൾ പതിനാറായിരം (16,000); അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ടു.

41 യഹോവയ്ക്ക് ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിന് കൊടുത്തു.

42 മോശെ പടയാളികളുടെ പക്കൽനിന്ന് യിസ്രായേൽ മക്കൾക്ക് വിഭാഗിച്ചുകൊടുത്ത പകുതിയിൽനിന്ന് -

43 സഭയ്ക്കുള്ള പകുതി മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് (3,37,500) ആടുകളും

44 മുപ്പത്താറായിരം (36,000) മാടുകളും

45 മുപ്പതിനായിരത്തി അഞ്ഞൂറ് (30,500) കഴുതകളും

46 പതിനാറായിരം (16,000) ആളുകളും ആയിരുന്നു -

47 യിസ്രായേൽ മക്കളുടെ പകുതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവ മോശെയോട് കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്ക് കൊടുത്തു.

48 പിന്നെ സൈന്യസഹസ്രങ്ങൾക്ക് നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽവന്ന് മോശെയോട്:

49 “അടിയങ്ങൾ അടിയങ്ങളുടെ കീഴിലുള്ള യോദ്ധാക്കളുടെ എണ്ണം നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല.

50 അതുകൊണ്ട് ഞങ്ങൾക്ക് ഓരോരുത്തന് കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങൾ യഹോവയ്ക്ക് വഴിപാടായി കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.

51 മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോട് വാങ്ങി.

52 സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എല്ലാംകൂടി പതിനാറായിരത്തി എഴുനൂറ്റമ്പത് (16,750) ശേക്കൽ ആയിരുന്നു.

53 യോദ്ധാക്കളിൽ ഒരോരുത്തനും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിട്ടുണ്ടായിരുന്നു.

54 മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്ന് വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽ മക്കളുടെ ഓർമ്മയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan