സംഖ്യാപുസ്തകം 21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംഅരാദിൻ്റെ തോൽവി 1 യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കേ ദേശത്ത് വസിച്ചിരുന്ന കനാന്യനായ അരാദ് രാജാവ് കേട്ടപ്പോൾ അവൻ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചുകൊണ്ടുപോയി. 2 അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ചനേർന്നു: “ഈ ജനത്തെ അവിടുന്ന് എന്‍റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും” എന്നു യഹോവയോട് ശപഥം ചെയ്തു. 3 യഹോവ യിസ്രായേലിന്‍റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന് ഹോർമ്മാ എന്നു പേരായി. താമ്രസർപ്പം 4 പിന്നെ അവർ ഏദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർ പർവ്വതത്തിൽനിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്‍റെ മനസ്സ് ക്ഷീണിച്ച്. 5 ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്നു പറഞ്ഞു. 6 അപ്പോൾ യഹോവ ജനത്തിന്‍റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. 7 ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം” എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു. 8 യഹോവ മോശെയോട്: “ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്ന വ്യക്തി അതിനെ നോക്കിയാൽ ജീവിക്കും” എന്നു പറഞ്ഞു. 9 അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്‍റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും. മോവാബിലേക്കുള്ള യാത്ര 10 അനന്തരം യിസ്രായേൽ മക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. 11 ഓബോത്തിൽനിന്ന് യാത്ര പുറപ്പെട്ടു സൂര്യോദയത്തിന് നേരെ മോവാബിന്‍റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. 12 അവിടെനിന്ന് പുറപ്പെട്ട സേരേദ് താഴ്വരയിൽ പാളയമിറങ്ങി. 13 അവിടെനിന്ന് പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽക്കൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മദ്ധ്യത്തിൽ മോവാബിന്‍റെ അതിരായിരുന്നു. അതുകൊണ്ട്: 14 “സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും ആരിൻ്റെ നിവാസത്തോളം നീണ്ടു. 15 മോവാബിന്‍റെ അതിരിനോട് ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്”. എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. 16 അവിടെനിന്ന് അവർ ബേരിലേക്ക് പോയി; യഹോവ മോശെയോട്: “ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്ക് വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അത് തന്നെ.” 17 ആ സമയത്ത് യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിന് പാടുവിൻ. 18 പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും അവരുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ” എന്നുള്ള പാട്ട് പാടി. 19 പിന്നെ അവർ മരുഭൂമിയിൽനിന്ന് മത്ഥാനയ്ക്കും മത്ഥാനയിൽനിന്ന് നഹലീയേലിനും നഹലീയേലിൽനിന്ന് 20 ബാമോത്തിനും ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗാമുകളിലേക്കും യാത്രചെയ്തു. സീഹോന്‍റെയും ഓഗിന്‍റെയും പരാജയം 21 അവിടെനിന്ന് യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: 22 “ഞാൻ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല; ഞങ്ങൾ നിന്‍റെ അതിർത്തി കഴിയുന്നതുവരെ രാജപാതയിൽ കൂടി തന്നെ പൊയ്ക്കൊള്ളാം” എന്നു പറയിച്ചു. 23 എന്നാൽ സീഹോൻ തന്‍റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോകുവാൻ സമ്മതിക്കാതെ തന്‍റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്‍റെ നേരെ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവൻ യാഹാസിൽ വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു. 24 യിസ്രായേൽ അവനെ വാളിന്‍റെ വായ്ത്തലകൊണ്ട് വെട്ടി, അർന്നോൻ മുതൽ യാബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർത്തിവരെയും ഉള്ള അവന്‍റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിര്‍ ഉറപ്പുള്ളത് ആയിരുന്നു. 25 ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും താമസിച്ചു; ഹെശ്ബോനിലും അതിന്‍റെ സകല ഗ്രാമങ്ങളിലും അപ്രകാരം തന്നെ. 26 ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്‍റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോട് യുദ്ധം ചെയ്തു അർന്നോൻ വരെയുള്ള അവന്‍റെ ദേശമൊക്കെയും പിടിച്ചെടുത്തിരുന്നു. 27 അതുകൊണ്ട് കവിവരന്മാർ പറയുന്നത്: “ഹെശ്ബോനിൽ വരുവിൻ; സീഹോന്‍റെ നഗരം പണിതുറപ്പിക്കട്ടെ. 28 ഹെശ്ബോനിൽനിന്ന് തീയും സീഹോന്‍റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു. 29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിൻ്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്‍റെ പുത്രന്മാരെ പലായനത്തിനും പുത്രിമാരെ അമോര്യ രാജാവായ സീഹോന് അടിമയായും കൊടുത്തു. 30 ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു; മെദേവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി”. 31 ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്ത് താമസിച്ചു. 32 അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ച്; അവർ അതിന്‍റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു. 33 പിന്നെ അവർ തിരിഞ്ഞ് ബാശാൻ വഴിയായി പോയി; ബാശാൻരാജാവായ ഓഗ് തന്‍റെ സകലജനവുമായി അവരുടെ നേരെ പുറപ്പെട്ടു എദ്രെയിൽ വച്ചു യുദ്ധംചെയ്തു. 34 അപ്പോൾ യഹോവ മോശെയോട്: “അവനെ ഭയപ്പെടണ്ടാ; അവനെയും അവന്‍റെ സകലജനത്തെയും അവന്‍റെ ദേശത്തെയും ഞാൻ നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോട് ചെയ്തതുപോലെ അവനോടും ചെയ്യും” എന്നു അരുളിച്ചെയ്തു. 35 അങ്ങനെ അവർ അവനെയും അവന്‍റെ പുത്രന്മാരെയും അവന്‍റെ സകലജനത്തെയും നിശ്ശേഷം കൊന്നൊടുക്കി, അവന്‍റെ ദേശം കൈവശമാക്കുകയും ചെയ്തു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.