Biblia Todo Logo
Bìoball air-loidhne

- Sanasan -

മർക്കൊസ് 5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യേശു ലെഗ്യോനെ പുറത്താക്കുന്നു.

1 അവർ കടലിന്‍റെ അക്കരെ ഗദരദേശത്ത് എത്തി.

2 യേശു പടകിൽനിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.

3 അവന്‍റെ താമസം കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടുവാൻ കഴിഞ്ഞിരുന്നില്ല.

4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ട് ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങുകൾ തകർത്തും കളഞ്ഞു; ആർക്കും അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല.

5 അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും കല്ലുകൊണ്ടു തന്നെത്താൻ മുറിവേൽപ്പിച്ചും പോന്നു.

6 അവൻ യേശുവിനെ ദൂരത്തുനിന്ന് കണ്ടിട്ട് ഓടിച്ചെന്നു അവനെ നമസ്കരിച്ചു.

7 അവൻ ഉറക്കെ നിലവിളിച്ചു: “യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ” എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

8 “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു.

9 “നിന്‍റെ പേരെന്ത്?” എന്നു അവനോട് ചോദിച്ചതിന്: “എന്‍റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു” എന്നു അവൻ ഉത്തരം പറഞ്ഞു;

10 ആ നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിക്കുവാൻ അവൻ പലവട്ടം അപേക്ഷിച്ചു.

11 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

12 “ആ പന്നികളിൽ കടക്കേണ്ടതിന് ഞങ്ങളെ അയയ്ക്കേണം” എന്നു അവർ അവനോട് അപേക്ഷിച്ചു.

13 അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറത്തുവന്ന് പന്നികളിൽ കടന്നിട്ട് ആ പന്നിക്കൂട്ടം മലഞ്ചരിവിലൂടെ കടലിലേക്കു പാഞ്ഞുചെന്ന് മുങ്ങി ചത്തു. അവ ഏകദേശം രണ്ടായിരം പന്നികൾ ആയിരുന്നു.

14 പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചത് കാണ്മാൻ പലരും പുറപ്പെട്ടു ചെന്നു.

15 അവർ യേശുവിന്‍റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

16 കണ്ടവർ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും വരുന്നവരോട് അറിയിച്ചു.

17 അപ്പോൾ അവർ യേശുവിനോടു തങ്ങളുടെ പ്രദേശം വിട്ടുപോകുവാൻ അപേക്ഷിച്ചുതുടങ്ങി.

18 അവൻ പടക് കയറി പോകുവാൻ തുടങ്ങുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോട് അപേക്ഷിച്ചു.

19 യേശു അവനെ അനുവദിക്കാതെ: “നിന്‍റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവ് നിനക്കു ചെയ്തതു ഒക്കെയും നിന്നോട് കരുണ കാണിച്ചതും പ്രസ്താവിക്ക” എന്നു അവനോട് പറഞ്ഞു.

20 അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

21 യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ നിൽക്കുമ്പോൾ വലിയ പുരുഷാരം അവന്‍റെ അടുക്കൽ വന്നുകൂടി.

22 പള്ളി പ്രമാണികളിൽ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്നു, യേശുവിനെ കണ്ടു കാല്ക്കൽ വീണു:

23 എന്‍റെ കുഞ്ഞുമകൾ അത്യാസന്നമായി ഇരിക്കുന്നു; അവൾ രക്ഷപെട്ടു ജീവിക്കേണ്ടതിന് നീ വന്നു അവളുടെമേൽ കൈ വയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു.

24 അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.


രക്തസ്രവമുള്ള സ്ത്രീയെ സൗഖ്യമാക്കുന്നു.

25 പന്ത്രണ്ടു വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു.

26 അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു.

27 അവൾ യേശുവിനെകുറിച്ചുള്ള വർത്തമാനം കേട്ടു:

28 “അവന്‍റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ സുഖപ്പെടും” എന്നു പറഞ്ഞു; അവൻ പുരുഷാരത്തിൽകൂടി നടക്കുമ്പോൾ അവന്‍റെ പുറകിൽ വന്നു അവന്‍റെ വസ്ത്രം തൊട്ടു.

29 ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്‍റെ ശരീരത്തിൽ അറിഞ്ഞു.

30 ഉടനെ യേശു തന്നിൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ട് പുരുഷാരത്തിൽ തിരിഞ്ഞു: “എന്‍റെ വസ്ത്രം തൊട്ടത് ആർ” എന്നു ചോദിച്ചു.

31 ശിഷ്യന്മാർ അവനോട്: പുരുഷാരം നിന്നെ ചുറ്റും തിക്കുന്നത് കണ്ടിട്ടും “എന്നെ തൊട്ടത് ആർ” എന്നു നീ ചോദിക്കുന്നുവോ? എന്നു പറഞ്ഞു.

32 അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി.

33 സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്നു അവന്‍റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോട് പറഞ്ഞു.

34 അവൻ അവളോട്: “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖമാക്കിയിരിക്കുന്നു; സമാധാനത്തോടെ പോക, ബാധ ഒഴിഞ്ഞു ആരോഗ്യത്തോടിരിക്ക” എന്നു പറഞ്ഞു.


യായിറോസിന്‍റെ മകളെ ഉയിർപ്പിക്കുന്നു.

35 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ആൾ വന്നു: “നിന്‍റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്?” എന്നു പറഞ്ഞു.

36 യേശു ആ വാക്ക് കേട്ടു പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു.

37 പത്രൊസും യാക്കോബും യാക്കോബിന്‍റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ അവൻ സമ്മതിച്ചില്ല.

38 അവർ പള്ളിപ്രമാണിയുടെ വീട്ടിൽ വന്നപ്പോൾ, ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും യേശു കണ്ടു;

39 അകത്തു കടന്നു: “നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ” എന്നു അവരോട് പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

40 അവൻ അവരെല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന ഇടത്തുചെന്ന് കുട്ടിയുടെ കൈയ്ക്കു പിടിച്ചു:

41 “ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു” എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോടു പറഞ്ഞു.

42 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു.

43 “ഇതു ആരും അറിയരുത്” എന്നു അവൻ അവരോട് കർശനമായി കല്പിച്ചു. “അവൾക്കു ഭക്ഷിക്കുവാൻ കൊടുക്കേണം” എന്നും പറഞ്ഞു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan