മർക്കൊസ് 2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയേശു പക്ഷവാതക്കാരനെ സൗഖ്യമാക്കുന്നു. 1 ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി. 2 ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നുകൂടി, അവൻ അവരോടു ദൈവവചനം പ്രസ്താവിച്ചു. 3 അപ്പോൾ ചിലർ ഒരു പക്ഷവാതക്കാരനെയുംകൊണ്ട് യേശുവിന്‍റെ അടുക്കൽ വന്നു; നാലു ആളുകൾ അവനെ ചുമന്നിരുന്നു. 4 ജനക്കൂട്ടം നിമിത്തം സമീപിച്ചുകൂടായ്കയാൽ യേശു ഇരുന്ന സ്ഥലത്തിന്‍റെ മേൽക്കൂര പൊളിച്ചു തുറന്നു, ഒരു ദ്വാരം ഉണ്ടാക്കി, പക്ഷവാതക്കാരനെ കിടക്കയോടെ താഴോട്ടിറക്കിവച്ചു. 5 യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷവാതക്കാരനോട്: “മകനേ, നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു. 6 അവിടെ ചില ശാസ്ത്രിമാർ ഇരുന്നിരുന്നു: “ഈ മനുഷ്യന് എങ്ങനെ ഇപ്രകാരം പറയുവാൻ കഴിയും? ഇവൻ ദൈവദൂഷണം പറയുന്നു! 7 ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. 8 ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നത് യേശു ഉടനെ ആത്മാവിൽ ഗ്രഹിച്ചു അവരോട്: “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്? 9 പക്ഷവാതക്കാരനോട് ‘നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക’ എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു. 10 “എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്” 11 അവൻ പക്ഷവാതക്കാരനോട്:എഴുന്നേറ്റ് കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 12 ഉടനെ അവൻ എഴുന്നേറ്റ് കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ട് എല്ലാവരും വിസ്മയിച്ചു: ഞങ്ങൾ ഇതുപോലെ ഒരുനാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. ലേവിയെ വിളിക്കുന്നു. 13 അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്‍റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു. 14 പിന്നെ അവൻ കടന്നുപോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു: “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. 15 യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. 16 അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവന്‍റെ ശിഷ്യന്മാരോട്: “അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നതെന്ത്?“ എന്നു ചോദിച്ചു. 17 യേശു അതു കേട്ട് അവരോട്: “രോഗികൾക്കല്ലാതെ ആരോഗ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിക്കുവാൻ വന്നത്“ എന്നു പറഞ്ഞു. ഉപവാസത്തെപ്പറ്റിയുള്ള തർക്കം. 18 യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുക പതിവായിരുന്നു; അവർ വന്നു അവനോട്: “യോഹന്നാന്‍റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്‍റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത്?“ എന്നു ചോദിച്ചു. 19 യേശു അവരോട് പറഞ്ഞത്:മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിക്കുവാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്ക് ഉപവസിക്കുവാൻ കഴിയുകയില്ല. 20 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും. 21 പഴയ വസ്ത്രത്തിൽ പുതിയതുണിക്കഷണം ആരും ചേർത്ത് തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതിയ കഷണം പഴയതിൽ നിന്നു വലിഞ്ഞിട്ട് കീറൽ ഏറ്റവും വല്ലാതെ ആകും. 22 ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നു വയ്ക്കുമാറില്ല; വച്ചാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലത്രേ പകർന്നു വയ്ക്കേണ്ടത്. മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ്. 23 യേശു ശബ്ബത്തിൽ ഒരു വയലിൽകൂടി കടന്നുപോകുമ്പോൾ അവന്‍റെ ശിഷ്യന്മാർ വഴി നടക്കയിൽ കതിർ പറിച്ചു തിന്നുതുടങ്ങി. 24 പരീശന്മാർ അവനോട്: ”നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തത് ചെയ്യുന്നതെന്ത്?” എന്നു പറഞ്ഞു. 25 അവൻ അവരോട്: ”ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടാകുകയും വിശക്കുകയും ചെയ്തപ്പോൾ ചെയ്തതു എന്ത്? 26 അവൻ അബ്യാഥാർ മഹാപുരോഹിതന്‍റെ കാലത്ത് ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു, കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. 27 പിന്നെ യേശു അവരോട്: ”മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്; 28 അതുകൊണ്ട് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു” എന്നു പറഞ്ഞു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.