Biblia Todo Logo
Bìoball air-loidhne

- Sanasan -

മർക്കൊസ് 12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


മുന്തിരിത്തോട്ടത്തിന്‍റെ ഉപമ

1 പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞു തുടങ്ങിയത്: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി മുന്തിരിച്ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു അതു പാട്ടത്തിന് കൃഷിക്കാരെ ഏല്പിച്ചിട്ട് ദൂരദേശത്തേക്കു പോയി.

2 കാലം ആയപ്പോൾ മുന്തിരിത്തോട്ടത്തിന്‍റെ ഫലത്തിൽനിന്ന് ചിലത് കൊണ്ടുവരേണ്ടതിന് അവൻ ഒരു ദാസനെ ആ കൃഷിക്കാരുടെ അടുക്കൽ പറഞ്ഞയച്ചു.

3 അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.

4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അപമാനിക്കുകയും ചെയ്തു.

5 അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും അവർ അതുപോലെ തന്നെ, ചിലരെ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.

6 അവനു ഇനി ഒരുവൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. “എന്‍റെ മകനെ അവർ ആദരിക്കും” എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.

7 ആ പാട്ടക്കൃഷിക്കാരോ: “ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും” എന്നു തമ്മിൽ പറഞ്ഞു.

8 അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.

9 എന്നാൽ തോട്ടത്തിന്‍റെ ഉടയവൻ എന്ത് ചെയ്യും? അവൻ വന്നു ആ പാട്ടക്കൃഷിക്കാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്പിക്കും.

10 വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.

11 ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു. എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലയോ?

12 ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.


കൈസർക്കുള്ള നികുതി

13 അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്‍റെ അടുക്കൽ അയച്ചു.

14 അവർ വന്നു: “ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ട് നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കുകയോ കൊടുക്കാതിരിക്കയോ വേണ്ടത്?” എന്നു അവനോടു ചോദിച്ചു.

15 അവൻ അവരുടെ കപടം അറിഞ്ഞ്: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ” എന്നു പറഞ്ഞു.

16 അവർ അത് കൊണ്ടുവന്നു. അവൻ “ഈ സ്വരൂപവും മേലെഴുത്തും ആരുടേത്?” എന്നു അവരോട് ചോദിച്ചതിന്: “കൈസരുടേത്” എന്നു അവർ പറഞ്ഞു.

17 യേശു അവരോട്: “കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ” എന്നു പറഞ്ഞു. അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.


പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദം

18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്‍റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:

19 “ഗുരോ, ഒരുവന്‍റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്‍റെ സഹോദരൻ പരിഗ്രഹിച്ച് തന്‍റെ സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.

20 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് സന്തതിയില്ലാതെ മരിച്ചുപോയി.

21 രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ച് സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നെ.

22 ഏഴു പേരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.

23 പുനരുത്ഥാനത്തിൽ അവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ അവൾ അവരിൽ ആർക്ക് ഭാര്യയാകും? ഏഴു പേർക്കും ഭാര്യ ആയിരുന്നുവല്ലോ?”

24 യേശു അവരോട് പറഞ്ഞത്: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്?

25 മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കുകയില്ല, വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർ സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.

26 എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച് മോശെയുടെ പുസ്തകത്തിൽ മുൾപ്പടർപ്പുഭാഗത്ത് ദൈവം അവനോട്: ‘ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും’ എന്നു അരുളിച്ചെയ്ത പ്രകാരം വായിച്ചിട്ടില്ലയോ?

27 അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.”


പ്രധാന കല്പനകൾ

28 ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നത് കേട്ടു: യേശു അവരോട് നല്ലവണ്ണം ഉത്തരം പറഞ്ഞത് കണ്ടു ബോധിച്ചിട്ട്: “എല്ലാറ്റിലും മുഖ്യകല്പന ഏത്?” എന്നു അവനോടു ചോദിച്ചു.

29 അതിന് യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്.

30 നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.

31 രണ്ടാമത്തേതോ: “നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ട് മറ്റൊരു കല്പനയും ഇല്ല” എന്നു ഉത്തരം പറഞ്ഞു.

32 ശാസ്ത്രി അവനോട്: “നല്ലത്, ഗുരോ, നീ പറഞ്ഞത് സത്യംതന്നേ; ദൈവം ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.

33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളേക്കാളും സാരമേറിയതു തന്നെ” എന്നു പറഞ്ഞു.

34 അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ട്: “നീ ദൈവരാജ്യത്തോട് അകന്നവനല്ല” എന്നു പറഞ്ഞു. അതിന്‍റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.


ക്രിസ്തു ദാവീദിന്‍റെ പുത്രനാകുന്നതെങ്ങനെ?

35 യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് പറഞ്ഞു തുടങ്ങിയത്: “ക്രിസ്തു ദാവീദിന്‍റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ?

36 “കർത്താവ് എന്‍റെ കർത്താവിനോട്: ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം എന്‍റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു. എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.

37 ദാവീദ് തന്നെ ക്രിസ്തുവിനെ കർത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്‍റെ പുത്രൻ ആകുന്നത് എങ്ങനെ?” വലിയ പുരുഷാരം അവന്‍റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു.


ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.

38 അവൻ തന്‍റെ ഉപദേശത്തിൽ അവരോട്: “നീണ്ട അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ

39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.

40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും മനുഷ്യർ കാണേണ്ടതിന് നീണ്ട പ്രാർത്ഥന കഴിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും” എന്നു പറഞ്ഞു.


വിധവയുടെ നാണയം.

41 പിന്നെ യേശു ദൈവാലയത്തിലെ ശ്രീഭണ്ഡാരത്തിനു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നത് നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെയധികം ഇട്ടു.

42 അപ്പോൾ ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസയ്ക്ക് തുല്യമായ രണ്ടു കാശ് ഇട്ടു.

43 അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

44 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്‍റെ ഇല്ലായ്മയിൽ നിന്നു, തനിക്കുള്ളതെല്ലാം തന്‍റെ ഉപജീവനത്തിനുള്ളത് മുഴുവനും ഇട്ടു” എന്നു അവരോടു പറഞ്ഞു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan