Biblia Todo Logo
Bìoball air-loidhne

- Sanasan -

മീഖാ 2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


മനുഷ്യന്‍റെയും യഹോവയുടെയും പദ്ധതികൾ

1 കിടക്കയിൽ നീതികേട് നിരൂപിച്ച് തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട് പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു.

2 അവർ നിലങ്ങൾ മോഹിച്ച് അതിക്രമത്താൽ അവ കൈവശപ്പെടുത്തുന്നു; അവർ വീടുകൾ മോഹിച്ച് അവയെ പിടിച്ചെടുക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്‍റെ ഭവനത്തെയും, മനുഷ്യനെയും അവന്‍റെ അവകാശത്തെയും പീഡിപ്പിക്കുന്നു.

3 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്‍റെ നേരെ അനർത്ഥം നിരൂപിക്കുന്നു; അതിൽനിന്ന് നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കുകയില്ല, നിഗളത്തോടെ നടക്കുകയുമില്ല; ഇത് ദുഷ്ക്കാലമല്ലയോ.”

4 ആ നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കുകയും ചെയ്തു: “നാം നശിച്ച്, നമുക്ക് പൂർണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവിടുന്ന് എന്‍റെ ജനത്തിന്‍റെ ഓഹരി മാറ്റിക്കളഞ്ഞു; അവിടുന്ന് അത് എന്‍റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു! വിശ്വാസത്യാഗികൾക്ക് അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു” എന്നു പറയും;

5 അതുകൊണ്ട് യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിക്കുവാൻ നിനക്ക് ആരും ഉണ്ടാകുകയില്ല.

6 “പ്രവചിക്കരുത്” എന്ന് അവർ പ്രവാചകന്മാരോട് പറയുന്നു; ഇവയെക്കുറിച്ച് അവർ പ്രവചിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല.

7 “യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവിടുത്തെ പ്രവൃത്തികൾ? നേരായി നടക്കുന്നവന് എന്‍റെ വചനങ്ങൾ ഗുണകരമല്ലയോ?

8 ഒടുവിൽ ഇതാ, എന്‍റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്ന് നിങ്ങൾ പുതപ്പ് വലിച്ചെടുക്കുന്നു.

9 നിങ്ങൾ എന്‍റെ ജനത്തിന്‍റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോട് നിങ്ങൾ എന്‍റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.”

10 “പുറപ്പെട്ടുപോകുവിൻ; നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇത് നിങ്ങൾക്ക് വിശ്രാമസ്ഥലമല്ല.”

11 വ്യാജാത്മാവിൽ നടക്കുന്ന ഒരുവൻ: “ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോട് പ്രവചിക്കും” എന്നിങ്ങനെ വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും.


വിമോചനം വാഗ്ദാനംചെയ്യപ്പെടുന്നു

12 “യാക്കോബേ, ഞാൻ നിനക്കുള്ളവരെ എല്ലാം ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപ്പുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ വലിയ മുഴക്കം ഉണ്ടാകും.

13 തകർക്കുന്നവൻ അവർക്ക് മുമ്പായി പുറപ്പെടുന്നു; അവർ തകർത്ത് ഗോപുരത്തിൽകൂടി കടക്കുകയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവർക്ക് മുമ്പായും യഹോവ അവരുടെ നായകനായും നടക്കും.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan