Biblia Todo Logo
Bìoball air-loidhne

- Sanasan -

മത്തായി 7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


സ്വയശോധനയുടെ അനിവാര്യത

1 നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്.

2 നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.

3 എന്നാൽ സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കുന്നത് നോക്കാതെ സഹോദരന്‍റെ കണ്ണിലെ ചെറിയ വൈക്കോൽ കരട് നോക്കുന്നത് എന്ത്?

4 അല്ല, സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കെ നീ സഹോദരനോട്: നിന്‍റെ കണ്ണിൽ നിന്നു വൈക്കോൽ കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ?

5 കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽ നിന്ന് തടിക്കഷണം എടുത്തുകളയുക; പിന്നെ സഹോദരന്‍റെ കണ്ണിൽ നിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും.


അർഹമായത് അർഹിക്കുന്നവർക്ക്

6 വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും.


പ്രാർത്ഥനയുടെ ശക്തി

7 യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും.

8 യാചിക്കുന്ന ഏവർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.

9 മകൻ അപ്പം ചോദിച്ചാൽ അവനു കല്ല് കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു?

10 മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ?

11 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!


ന്യായപ്രമാണവും പ്രവാചകന്മാരും

12 മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ.


ജീവനിലേക്കുള്ള വാതിൽ

13 ഇടുക്കുവാതിലിലൂടെ അകത്ത് കടക്കുവിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.

14 ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.


ഫലങ്ങളാൽ തിരിച്ചറിയൂ

15 കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.

16 അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ?

17 അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു.

18 നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.

19 നല്ലഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.

20 ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.


പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ

21 എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, പ്രത്യുത സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.

22 കർത്താവേ, കർത്താവേ, നിന്‍റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോട് പറയും.

23 അന്നു ഞാൻ പരസ്യമായി അവരോട് പ്രഖ്യാപിക്കും: “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിരുന്നില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെവിട്ടു പോകുവിൻ.”


വചനം കേട്ടു ചെയ്യുന്നവൻ

24 ആകയാൽ എന്‍റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.

25 വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അടിച്ചു; എന്നാൽ അത് പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.

26 എന്‍റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.

27 വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അടിച്ചു, അത് വീണു; അതിന്‍റെ വീഴ്ച വലിയതായിരുന്നു.

28 ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്‍റെ ഉപദേശത്തിൽ വിസ്മയിച്ചു;

29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോട് ഉപദേശിച്ചത്.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan