Biblia Todo Logo
Bìoball air-loidhne

- Sanasan -

മത്തായി 17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യേശു മലമേൽ രൂപാന്തരപ്പെടുന്നു

1 ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്‍റെ സഹോദരനായ യോഹന്നാനോടും കൂടെ ഒരു ഉയർന്ന മലയിലേക്ക് പോയി,

2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്‍റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്‍റെ വസ്ത്രം വെളിച്ചംപോലെ തിളങ്ങുന്നതായി തീർന്നു.

3 ഇതാ മോശെയും ഏലിയാവും പ്രത്യക്ഷമായി അവനോട് സംസാരിക്കുന്നതും അവർ കണ്ടു.

4 അപ്പോൾ പത്രൊസ് യേശുവിനോടു: “കർത്താവേ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും“ എന്നു പറഞ്ഞു.


ഇവൻ എന്‍റെ പ്രിയപുത്രൻ

5 അവൻ പറയുമ്പോൾ തന്നെ പ്രകാശമുള്ളൊരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു, “ഇവൻ എന്‍റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ“ എന്നു ഒരു ശബ്ദവും ഉണ്ടായി.

6 ശിഷ്യന്മാർ അത് കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

7 യേശു അടുത്തുചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

8 അവർ തലപൊക്കി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.


ഏലിയാവായി വന്ന യോഹന്നാൻ സ്നാപകൻ

9 അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്നു കല്പിച്ചു.

10 ശിഷ്യന്മാർ അവനോട്: “എന്നാൽ ഏലിയാവത്രെ മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?“ എന്നു ചോദിച്ചു.

11 അതിന് അവൻ: ഏലിയാവ് നിശ്ചയമായും വന്നു സകലവും യഥാസ്ഥാനത്താക്കും.

12 എന്നാൽ ഏലിയാവ് വന്നുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ തിരിച്ചറിയാതെ തങ്ങൾക്കു ബോധിച്ചതുപോലെ എല്ലാം അവനോട് ചെയ്തു. അപ്രകാരം മനുഷ്യപുത്രനും അവരുടെ കരങ്ങളാൽ കഷ്ടപ്പെടുവാനുണ്ട് എന്നു ഉത്തരം പറഞ്ഞു.

13 അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോട് പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.


അപസ്മാര രോഗിയായ ബാലനെ സൗഖ്യമാക്കുന്നു

14 അവർ പുരുഷാരത്തിന്‍റെ അടുക്കൽ വന്നപ്പോൾ ഒരു മനുഷ്യൻ വന്നു അവന്‍റെ മുമ്പാകെ മുട്ടുകുത്തി:

15 “കർത്താവേ, എന്‍റെ മകനോടു കരുണയുണ്ടാകേണമേ; അവനു അപസ്മാരരോഗം ബാധിച്ചതു കൊണ്ടു പലപ്പോഴും തീയിലും വെള്ളത്തിലും വീണു കഠിനമായ കഷ്ടത്തിലായ്പോകുന്നു.

16 ഞാൻ അവനെ നിന്‍റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യമാക്കുവാൻ അവർക്ക് കഴിഞ്ഞില്ല“ എന്നു പറഞ്ഞു.

17 അതിന് യേശു മറുപടി പറഞ്ഞത് അവിശ്വാസവും ദുഷിച്ചതുമായ തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.

18 യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ സമയം മുതൽ സൗഖ്യം വന്നു.

19 പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്‍റെ അടുക്കൽ വന്നു: “ഞങ്ങൾക്കു അതിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്ത്?“ എന്നു ചോദിച്ചു.

20 അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;

21 നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: നീ ഇവിടെ നിന്നു അവിടേക്ക് നീങ്ങുക എന്നു പറഞ്ഞാൽ അത് നീങ്ങും; നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജനതകൾ നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.


യേശു തന്‍റെ മരണത്തെക്കുറിച്ച് പറയുന്നു

22 അവർ ഗലീലയിൽ പാർക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുകയും;

23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.


കരം കൊടുക്കുവാനുള്ള പണം മീനിൻ്റെ വായിൽനിന്ന്

24 അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ കരം പിരിക്കുന്നവർ പത്രോസിന്‍റെ അടുക്കൽ വന്നു: “നിങ്ങളുടെ ഗുരു കരം (ദ്വിദ്രഹ്മപ്പണം) കൊടുക്കുന്നില്ലയോ?“ എന്നു ചോദിച്ചതിന്: “ഉണ്ട്“ എന്നു അവൻ പറഞ്ഞു.

25 പത്രൊസ് വീട്ടിൽ വന്നപ്പോൾ യേശു ആദ്യം അവനോട്: ശിമോനേ, നിനക്കു എന്ത് തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ പ്രതിഫലമോ കരമോ ആരോട് വാങ്ങുന്നു? രാജ്യത്തിലെ അംഗങ്ങളോടോ അതോ പുറത്തുള്ളവരോടോ എന്നു ചോദിച്ചതിന്: “പുറത്തുള്ളവരോട്“ എന്നു പത്രൊസ് പറഞ്ഞു.

26 യേശു അവനോട്: എന്നാൽ രാജ്യത്തിലെ അംഗങ്ങൾ ഒഴിവുള്ളവരല്ലോ.

27 എങ്കിലും നാം കരം പിരിക്കുന്നവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിന് നീ കടലിലേക്കു ചെന്നു ചൂണ്ട ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്‍റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan