Biblia Todo Logo
Bìoball air-loidhne

- Sanasan -

മത്തായി 14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യോഹന്നാൻ സ്നാപകന്‍റെ ശിരച്ഛേദം

1 ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്‍റെ ശ്രുതി കേട്ടിട്ടു:

2 “ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത്“ എന്നു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു.

3 ഹെരോദാവ് തന്‍റെ സഹോദരനായ ഫിലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു

4 യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.

5 അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.

6 എന്നാൽ ഹെരോദാവിൻ്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.

7 അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.

8 അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: “യോഹന്നാൻ സ്നാപകന്‍റെ തല ഒരു താലത്തിൽ ഇവിടെ തരേണം“ എന്നു പറഞ്ഞു.

9 ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;

10 അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.

11 അവന്‍റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.

12 അവന്‍റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്നു യേശുവിനെ അറിയിച്ചു.


അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ പോഷിപ്പിക്കുന്നു

13 അത് കേട്ടിട്ടു യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടുപോയി; പുരുഷാരം അത് കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്‍റെ പിന്നാലെ ചെന്നു.

14 അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.

15 വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്‍റെ അടുക്കൽ ചെന്നു പറഞ്ഞു: “ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം“ എന്നു പറഞ്ഞു.

16 എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു.

17 അവർ അവനോട്: “അഞ്ചു അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല“ എന്നു പറഞ്ഞു.

18 അത് എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.

19 പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.

20 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

21 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.


യേശു കടലിന്മേൽ നടക്കുന്നു

22 ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്‍ബ്ബന്ധിച്ചു.

23 അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.

24 പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.

25 രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.

26 അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.

27 ഉടനെ യേശു അവരോട്:ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.


പത്രൊസ് വെള്ളത്തിന്മീതെ നടക്കുന്നു

28 അതിന് പത്രൊസ്: “കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്‍റെ അടുക്കൽ വരേണ്ടതിന് കല്പിക്കേണം“ എന്നു പറഞ്ഞു.

29 വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്‍റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.

30 എന്നാൽ അവൻ കാറ്റ് കണ്ടു ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: “കർത്താവേ, എന്നെ രക്ഷിക്കേണമേ“ എന്നു നിലവിളിച്ചു.

31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.

32 യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.

33 പടകിലുള്ള ശിഷ്യന്മാർ: “നീ ദൈവപുത്രൻ സത്യം“ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.


ഗെന്നേസരത്ത് ദേശത്തു സൗഖ്യം

34 അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്നു.

35 അവിടുത്തെ ജനങ്ങൾ അവൻ ആരെന്ന് തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ച് ദീനക്കാരെ ഒക്കെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു.

36 അവന്‍റെ വസ്ത്രത്തിന്‍റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു, തൊട്ടവർക്ക് ഒക്കെയും സൗഖ്യം വന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan