മലാഖി 1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഒരു പ്രവചനം: മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്: യിസ്രായേലിനോടുള്ള യഹോവയുടെ സ്നേഹം 2 “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: “നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു?” എന്നു ചോദിക്കുന്നു. “ഏശാവ് യാക്കോബിന്‍റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്. 3 “എന്നാൽ ഏശാവിനെ ഞാൻ വെറുത്തു അവന്‍റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്‍റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.” 4 “ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും” എന്നു ഏദോമ്യജനം പറയുന്നു. എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്ക് ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം കോപിക്കുന്ന ജനം എന്നും പേര് പറയും. 5 നിങ്ങൾ സ്വന്ത കണ്ണുകൊണ്ട് അത് കാണുകയും ‘യഹോവ യിസ്രായേലിന്‍റെ അതിരിന് അപ്പുറത്തോളം വലിയവൻ’ എന്നു പറയുകയും ചെയ്യും.” 6 “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലയൊ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ, അവിടുത്തെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു. “അതിന് നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്‍റെ നാമത്തെ നിന്ദിക്കുന്നു’ എന്നു ചോദിക്കുന്നു.” 7 “നിങ്ങൾ എന്‍റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ എന്നു ചോദിക്കുന്നു. ‘യഹോവയുടെ മേശ നിന്ദ്യം’ എന്നു നിങ്ങൾ പറയുന്നതിനാൽ തന്നെ. 8 നിങ്ങൾ കണ്ണ് പൊട്ടിയതിനെ യാഗം കഴിക്കുവാൻ കൊണ്ടുവന്നാൽ അത് ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്‍റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോട് കൃപ തോന്നുമോ?” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 9 ആകയാൽ ദൈവം നമ്മോടു കൃപ കാണിക്കുവാൻ തക്കവിധം അവനെ പ്രസാദിപ്പിച്ചുകൊള്ളുവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 10 “നിങ്ങൾ എന്‍റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളാമായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാട് കൈക്കൊൾകയുമില്ല. 11 സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ എന്‍റെ നാമം ജനതകളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്‍റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്‍റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 12 “നിങ്ങളോ: ‘യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്‍റെ ഭോജനമായ അതിന്‍റെ അനുഭവം നിന്ദ്യം ആകുന്നു’ എന്നു പറയുന്നതിനാൽ നിങ്ങൾ എന്‍റെ നാമത്തെ അശുദ്ധമാക്കുന്നു. 13 ‘എന്തൊരു പ്രയാസം’ എന്നു പറഞ്ഞു നിങ്ങൾ അതിനോട് ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു. 14 “എന്നാൽ തന്‍റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളതിനെ യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലയോ; എന്‍റെ നാമം ജനതകളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.